Connect with us

Kerala

പാതിവില തട്ടിപ്പ് കേസ്; സാമൂഹ്യപ്രവര്‍ത്തക ബീനാ സെബാസ്റ്റ്യനിലേക്കും അന്വേഷണത്തിന് ക്രൈംബ്രാഞ്ച്

അനന്തുകൃഷ്ണന്‍ സംഘടിപ്പിച്ച പാതിവില സാമഗ്രി വിതരണ പരിപാടികളിലെല്ലാം സജീവ സാന്നിധ്യമായിരുന്നു കോണ്‍ഫെഡറേഷന്റെ ചെയര്‍പേഴ്‌സന്‍ കൂടിയായ ബീന.

Published

|

Last Updated

കൊച്ചി|പാതിവില തട്ടിപ്പ് കേസില്‍ സാമൂഹ്യ പ്രവര്‍ത്തക ബീന സെബാസ്റ്റ്യന്റെ പങ്കിനെക്കുറിച്ചും സമഗ്രാന്വേഷണത്തിന് ക്രൈംബ്രാഞ്ച്. കേസിലെ ഒന്നാം പ്രതി അനന്തുകൃഷ്ണന്‍ രൂപീകരിച്ച എന്‍ജിഒ കോണ്‍ഫെഡറേഷന്റെ അധ്യക്ഷയായ ബീനയ്ക്ക് തട്ടിപ്പിനെ കുറിച്ച് നേരത്തെ തന്നെ സൂചന കിട്ടിയിരുന്നെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. അതേസമയം സാമ്പത്തിക ഇടപാടുകളുമായി ഒരു ബന്ധവും ഇല്ലെന്ന് ബീന സെബാസ്റ്റ്യന്‍ പ്രതികരിച്ചു.

മധ്യകേരളത്തിലും മലബാറിലും ഉടനീളം അനന്തുകൃഷ്ണന്‍ സംഘടിപ്പിച്ച പാതിവില സാമഗ്രി വിതരണ പരിപാടികളിലെല്ലാം സജീവ സാന്നിധ്യമായിരുന്നു കോണ്‍ഫെഡറേഷന്റെ ചെയര്‍പേഴ്‌സന്‍ കൂടിയായ ബീന. കണ്ണൂര്‍ ടൗണ്‍ പോലീസ് എടുത്ത കേസില്‍ ബീന സെബാസ്റ്റ്യന്‍ മൂന്നാം പ്രതിയാണ്. എന്‍ജിഒ കോണ്‍ഫെഡറേഷനിലെ ബീനയുടെ സജീവ സാന്നിധ്യമാണ് പ്രതി ചേര്‍ക്കാന്‍ കാരണം.

അതേസമയം തട്ടിപ്പില്‍ ബീനയ്ക്കു പങ്കുണ്ടോ എന്ന കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല.അനന്തു കൃഷ്ണന്‍ സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കിയിരുന്നില്ലെന്നും എല്ലാം അനന്തു ഒറ്റയ്ക്കാണ് കൈകാര്യം ചെയ്തിരുന്നതെന്നുമാണ് ബീന സെബാസ്റ്റ്യന്റെ വിശദീകരണം. അനന്തുവിന്റെ ബേങ്ക് അക്കൗണ്ടുകള്‍ മൂവാറ്റുപുഴ പോലീസ് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ മരവിപ്പിച്ചിരുന്നു. എന്നാല്‍ അതിനു ശേഷവും അനന്തുകൃഷ്ണന്‍ സംഘടിപ്പിച്ച പരിപാടികളിലെല്ലാം ബീന സെബാസ്റ്റ്യന്‍ സജീവ സാന്നിധ്യമായിരുന്നു. ഇതിന്റെ തെളിവുകളും അന്വേഷണ സംഘത്തിനു മുന്നിലുണ്ട്. അനന്തുവിനു വേണ്ടി ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അടുത്ത് ബീന സെബാസ്റ്റ്യന്‍ ശുപാര്‍ശകളുമായി പോയിരുന്നതായും കേസിലെ മറ്റൊരു പ്രതിയും അനന്തുവിന്റെ നിയമോപദേശകയുമായ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റും ആരോപിച്ചിരുന്നു.

അതേസമയം, പാതിവില തട്ടിപ്പ് കേസില്‍ പ്രതിയായ സത്യസായി ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ എന്‍ ആനന്ദകുമാറിന്റെ മുന്‍കൂര്‍ ജാമ്യഹരജി ഇന്ന് തിരുവനന്തപുരം ഒന്നാം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിക്കും. അക്കൗണ്ടില്‍ പണം സ്വീകരിച്ച അനന്തു കൃഷ്ണനാണ് തട്ടിപ്പിന്റെ മുഴുവന്‍ ഉത്തരവാദിത്ത്വമെന്ന് ആനന്ദകുമാര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. ആനന്ദകുമാറിന്റെ പങ്കിനെക്കുറിച്ച് പോലീസ് ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. വന്‍തുക പിരിച്ച സമയത്ത് എന്‍ ജി ഒ കോണ്‍ഫെഡറേഷനില്‍ നിന്ന് താന്‍ രാജിവച്ചുവെന്നും എന്നാല്‍ രാജിക്കത്ത് ആരും സ്വീകരിക്കാതെ തിരിച്ചുവന്നു എന്നുമാണ് ആനന്ദകുമാറിന്റെ നിലപാട്.

 

 

 

---- facebook comment plugin here -----

Latest