Kerala
പകുതി വില തട്ടിപ്പ് അക്ഷയകേന്ദ്രങ്ങള്‍ വഴിയും
ബത്തേരിയില്‍ തട്ടിപ്പ് നടത്തിയ അക്ഷയ കേന്ദ്രം അടപ്പിച്ചു
![](https://assets.sirajlive.com/2024/01/fraud.jpg)
സുല്‍ത്താന്‍ ബത്തേരി | പകുതിവിലയില്‍ ഇരുചക്ര വാഹനങ്ങള്‍, ലാപ്‌ടോപ്പ്, തയ്യല്‍ മെഷീന്‍, ഗൃഹോപകരണങ്ങള്‍ എന്നിവ നല്‍കാമെന്ന് വിശ്വസിപ്പിച്ച് വയനാട്ടില്‍ അക്ഷയകേന്ദ്രങ്ങള്‍ വഴിയും സി എസ് ആര്‍ എഫ് തട്ടിപ്പ് നടത്തി. തട്ടിപ്പിന്റെ മുഖ്യസൂത്രധാരനായ അനന്തു കൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് തട്ടിപ്പിന്റെ വ്യാപ്തി പുറത്തായത്. ജില്ലയില്‍ ഇയാളുടെ ഏജന്റായി പ്രവര്‍ത്തിച്ച വ്യക്തിയുമായി ബന്ധമുള്ള അക്ഷയ കേന്ദ്രത്തിലൂടെയാണ് പണം അക്കൗണ്ടിലേക്ക് അയച്ചുകൊണ്ടിരുന്നത്. ഇതിന് ഏജന്റിന് പ്രത്യേക കമ്മീഷന്‍ നല്‍കുകയും ചെയ്തിരുന്നു.
സോഷ്യോ എക്കണോമിക് ആന്‍ഡ് എന്‍വയോണ്‍മെന്റ്‌ഡെവലപ്‌മെന്റ്‌സൊസൈറ്റിയുടെ പേരില്‍ തട്ടിപ്പ് നടത്തിയ സുല്‍ത്താന്‍ ബത്തേരി മാനിക്കുനിയിലുള്ള അക്ഷയകേന്ദ്രം തട്ടിപ്പിനിരയായവര്‍ അടപ്പിച്ചു. ഈ കേന്ദ്രവുമായി ബന്ധപ്പെട്ടാണ് പണമിടപാടുകള്‍ നടത്തിവന്നത്. 200ഓളം പേരാണ് ഈ അക്ഷയ കേന്ദ്രത്തിലെത്തി പണമടച്ചത്. പലരും ഒന്നിലധികം സാധനങ്ങള്‍ക്കായി രണ്ട് ലക്ഷം രൂപ വരെ അടച്ചിട്ടുണ്ട്.
തട്ടിപ്പിനിരയായ നൂറുകണക്കിന് ആളുകളാണ് ഇന്നലെ കാലത്ത് തന്നെ മാനിക്കുനി അക്ഷയ കേന്ദ്രത്തിലെത്തിയത്. തട്ടിപ്പിന്റെ മുഖ്യസൂത്രധാരനായ അനന്തു കൃഷ്ണനെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തതോടെ അക്ഷയ കേന്ദ്രം നടത്തിപ്പുകാരനും ഒളിവിലാണ്.