Kerala
പാതി വില തട്ടിപ്പ്: അനന്തു കൃഷ്ണന്റെ 11 അക്കൗണ്ടുകളിലേക്ക് 548 കോടി രൂപ എത്തിയെന്ന് കണ്ടെത്തൽ
സംസ്ഥാനത്താകെ 20,163 പേരിൽ നിന്ന് 60,000 രൂപ വീതവും 4,025 പേരിൽ നിന്ന് 56,000 രൂപ വീതവും പ്രതിയുടെ വിവിധ അക്കൗണ്ടുകളിലേക്ക് 143.5 കോടി രൂപയും എത്തിയിട്ടുണ്ടെന്നാണ് ക്രൈം ബ്രാഞ്ചിൻ്റെ കണ്ടെത്തൽ.

കൊച്ചി | പാതി വില തട്ടിപ്പ് കേസിലെ പ്രതി അനന്തു കൃഷ്ണന്റെ 11 അക്കൗണ്ടുകളിലേക്ക് 548 കോടി രൂപ എത്തിയതായി ക്രൈം ബ്രാഞ്ച് കണ്ടെത്തൽ. പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് മൂവാറ്റുപുഴ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ അപേക്ഷയിലാണ് ക്രൈം ബ്രാഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്താകെ 20,163 പേരിൽ നിന്ന് 60,000 രൂപ വീതവും 4,025 പേരിൽ നിന്ന് 56,000 രൂപ വീതവും പ്രതിയുടെ വിവിധ അക്കൗണ്ടുകളിലേക്ക് 143.5 കോടി രൂപയും എത്തിയിട്ടുണ്ടെന്നാണ് കസ്റ്റഡി അപേക്ഷയിൽ ക്രൈം ബ്രാഞ്ച് വ്യക്തമാക്കിയത്.
സോഷ്യൽ ബീ വെഞ്ച്വേഴ്സ് എൽ എൽ പി എന്ന സ്ഥാപനത്തിലെ admin.womenonwheels.online എന്ന പോർട്ടൽ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. പണമോ വാഗ്ദാനം ചെയ്യപ്പെട്ട വാഹനമോ തിരിച്ച് നൽകിയിട്ടില്ലെന്നും കസ്റ്റഡി അപേക്ഷയിൽ ചൂണ്ടിക്കാണിക്കുന്നു.
സോഷ്യൽ ബീ വെഞ്ച്വേഴ്സ് എൽ എൽ പി, പി സി ഐ പൊന്നുരുന്തി, ഗ്രാസ്റൂട്ട് കാക്കനാട് എന്നീ സ്ഥാപനങ്ങളുടെ 11 ബേങ്ക് അക്കൗണ്ടുകളിലേക്ക് 2023 ഫെബ്രുവരി മുതൽ 2024 ഒക്ടോബർ വരെ 548 കോടി രൂപ എത്തി. ഈ വിവരങ്ങൾ ചോദിച്ചറിയുന്നതിന് പ്രതിയെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാണ് ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടത്.
ക്രൈംബ്രാഞ്ച് ആവശ്യത്തെ തുടർന്ന് പ്രതിയെ രണ്ട് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു. അന്വേഷണ സംഘം പ്രതിയെ കൊച്ചിയിലെ ഓഫീസിലടക്കം കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തും.