Kerala
പാതിവില തട്ടിപ്പ്: പ്രതി അനന്തു കൃഷ്ണൻ റിമാൻഡിൽ
ആനന്ദകുമാറിൻ്റെ നിര്‍ദേശപ്രകാരമാണ് പദ്ധതിയുമായി മുന്നോട്ടുപോയതെന്ന് പ്രതി

കൊച്ചി|പാതിവില തട്ടിപ്പ് കേസിലെ ഒന്നാം പ്രതി അനന്തു കൃഷ്ണനെ കോടതി റിമാൻഡ് ചെയ്തു. മൂവാറ്റുപുഴ കോടതിയുടെതാണ് ഉത്തരവ്. വന്‍കിട ബിസ്സിനസ്സുകാരും ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ഉള്‍പ്പെട്ട കേസാണിതെന്നും അതിനാല്‍ തനിക്ക് പേടിയുണ്ടെന്നും സുരക്ഷ വേണമെന്നും പ്രതി അനന്തുകൃഷ്ണന്‍ കോടതിയില്‍ പറഞ്ഞു.
സി എസ് ആർ ഫണ്ട് ലഭ്യമാകുമെന്ന് പറഞ്ഞത് ആനന്ദകുമാറാണ്. എന്നാല്‍ ഫണ്ട് ലഭിക്കാത്തത് പ്രതിസന്ധിയുണ്ടാക്കി. നിയമ നടപടികള്‍ പൂര്‍ത്തിയായ ശേഷം അപേക്ഷക്കര്‍ക്ക് പണം തിരികെ നല്‍കുമെന്നും അനന്തുകൃഷ്ണന്‍ വ്യക്തമാക്കി. ആനന്ദകുമാറിന്റെ നിര്‍ദേശപ്രകാരമാണ് പദ്ധതിയുമായി മുന്നോട്ടു പോയതെന്നും പ്രതി കോടതിയില്‍ പറഞ്ഞു. പ്രതിയുടെ ജാമ്യ അപേക്ഷ കോടതി നാളെ പരിഗണിക്കും.
എറണാകുളം, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് അനന്തുവിൻ്റെ തെളിവെടുത്തിരുന്നു. ഇയാളുടെ പേരിൽ 19 ബേങ്ക് അക്കൗണ്ടുകളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. എട്ടുകോടി രൂപയുണ്ടായിരുന്ന അനന്തുവിന്റെ നാല് ബേങ്ക് അക്കൗണ്ടുകള്‍ പോലീസ് മരവിപ്പിച്ചു.