Connect with us

Kerala

പാതിവില തട്ടിപ്പ്: ആനന്ദകുമാറിന്റെ ജാമ്യഹരജി ഇന്ന് പരിഗണിക്കും

ആനന്ദകുമാറിന്റെ പങ്കിനെക്കുറിച്ച് പോലീസ് ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും

Published

|

Last Updated

തിരുവനന്തപുരം | പാതിവില തട്ടിപ്പ് കേസില്‍ പ്രതിയായ സത്യസായി ട്രസ്റ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ എന്‍ ആനന്ദകുമാറിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് തിരുവനന്തപുരം ഒന്നാം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിക്കും.

അക്കൗണ്ടില്‍ പണം സ്വീകരിച്ച അനന്തു കൃഷ്ണനാണ് തട്ടിപ്പിന്റെ മുഴുവന്‍ ഉത്തരവാദിത്ത്വമെന്ന് ആനന്ദകുമാര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. ആനന്ദകുമാറിന്റെ പങ്കിനെക്കുറിച്ച് പോലീസ് ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. വന്‍തുക പിരിച്ച സമയത്ത് എന്‍ ജി ഒ കോണ്‍ഫെഡറേഷനില്‍ നിന്ന് താന്‍ രാജിവച്ചുവെന്നും എന്നാല്‍ രാജിക്കത്ത് ആരും സ്വീകരിക്കാതെ തിരിച്ചുവന്നുവെന്നു എന്നുമാണ് ആനന്ദകുമാറിന്റെ നിലപാട്.

അതേസമയം പാതിവില തട്ടിപ്പ് കേസില്‍ സംസ്ഥാനത്ത് ആകെ 600 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 350 എണ്ണം ക്രൈംബ്രാഞ്ചിന് ഇന്ന് കൈമാറിയേക്കും. മുഴുവന്‍ സാമ്പത്തിക ഇടപാടുകളും നടത്തിയത് അനന്തുവിന്റെ അക്കൗണ്ടിലൂടെയാണെന്നും മറ്റ് ഡയറക്ടര്‍മാര്‍ക്കോ സായിഗ്രാമിനോ തട്ടിപ്പിനെക്കുറിച്ച് അറിയില്ലെന്നും ജാമ്യഹര്‍ജിയില്‍ ആനന്ദകുമാര്‍ പറയുന്നു.

കണ്ണൂര്‍ ടൗണ്‍ പോലീസ് എടുത്ത കേസില്‍ കണ്ണൂര്‍ എസ് പിയെ എതിര്‍ കക്ഷിയാക്കിയാണ് ഹര്‍ജി ഫയല്‍ ചെയ്തത്. കണ്ണൂര്‍ സീഡ് സൊസൈറ്റി സെക്രട്ടറി പള്ളിക്കുന്ന് എടച്ചേരി മാനസം ഹൗസില്‍ എ മോഹനന്‍ നല്‍കിയ പരാതിയിലാണ് ആനന്ദകുമാര്‍ അടക്കം ഏഴ് പേരെ പ്രതികളാക്കി പോലീസ് കേസെടുത്തത്.

കണ്ണൂര്‍ സീഡ് സൊസൈറ്റിയിലെ വനിതാ അംഗങ്ങള്‍ക്ക് സി എസ് ആര്‍ ഫണ്ട് ഉപയോഗിച്ച് പകുതി നിരക്കില്‍ ഇരുചക്ര വാഹനങ്ങള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 2.96 കോടി രൂപ തട്ടിയെടുത്തു എന്നാണ് കേസ്. ആനന്ദകുമാര്‍ കേസിലെ രണ്ടാം പ്രതിയാണ്. അനന്തുവാണ് ഒന്നാം പ്രതി. ഡോ. ബീന സെബാസ്റ്റ്യന്‍, ഷീബ സുരേഷ്, കെപി സുമ, ഇന്ദിര, കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റ് എന്നിവരാണ് മറ്റു പ്രതികള്‍.

 

Latest