Kerala
പാതിവില തട്ടിപ്പ്: ആനന്ദകുമാര്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി
ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആശുപത്രിയില്‍ കഴിയുന്നതിനിടെയാണ് ആനന്ദകുമാര്‍ ജാമ്യഹരജി സമര്‍പ്പിച്ചത്.

തിരുവനന്തപുരം | പാതിവില തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ ആനന്ദകുമാര്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആശുപത്രിയില്‍ കഴിയുന്നതിനിടെയാണ് ആനന്ദകുമാര്‍ ജാമ്യഹരജി സമര്‍പ്പിച്ചത്.
ഹൃദയസംബന്ധമായ അസുഖങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജാമ്യ ഹരജി. തട്ടിപ്പില്‍ തനിക്ക് ബന്ധമില്ലെന്നും എന്‍ ജി ഒ കോണ്‍ഫെഡറേഷന്‍ ചെയര്‍മാന്‍ എന്ന നിലയിലാണ് പ്രവര്‍ത്തിച്ചതെന്നും ജാമ്യാപേക്ഷയില്‍ പറയുന്നുണ്ട്. ഹര്‍ജി സര്‍ക്കാരിന്റെ മറുപടിയ്ക്കായി മാറ്റി. അപേക്ഷയില്‍ ക്രൈംബ്രാഞ്ച് മറുപടി നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. ജാമ്യാപേക്ഷ അടുത്താഴ്ച വീണ്ടും പരിഗണിക്കും.
ജില്ലാ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ശാസ്തമംഗലത്തെ വീട്ടില്‍ നിന്ന് ആനന്ദകുമാറിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിലെടുത്തത്.