Connect with us

Kerala

പകുതിവില തട്ടിപ്പ്: കടവന്ത്രയിലെ സ്ഥാപനത്തില്‍ ക്രൈംബ്രാഞ്ച് പരിശോധന

കടവന്ത്രയിലെ സോഷ്യല്‍ബീ വെഞ്ച്വേഴ്സ് എന്ന സ്ഥാപനത്തിലാണ് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘം  പരിശോധന നടത്തിയത്.

Published

|

Last Updated

കൊച്ചി | പകുതി വിലയ്ക്ക് സ്‌കൂട്ടര്‍ തട്ടിപ്പിലെ പ്രതി അനന്തു കൃഷ്ണന്റെ സ്ഥാപനത്തില്‍ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി. കടവന്ത്രയിലെ സോഷ്യല്‍ബീ വെഞ്ച്വേഴ്സ് എന്ന സ്ഥാപനത്തിലാണ് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘം  പരിശോധന നടത്തിയത്. സ്‌കൂട്ടറിനും ലാപ്ടോപ്പിനും കാര്‍ഷിക ഉപകരണങ്ങള്‍ക്കും ഉള്‍പ്പെടെ ജനങ്ങളില്‍ നിന്ന് വിവിധ സംഘടനകള്‍ വഴി പിരിക്കുന്ന പണം എത്തിയിരുന്നത് സോഷ്യല്‍ബീ വെഞ്ച്വേഴ്സ്, പ്രൊഫഷനല്‍ സര്‍വീസസ് ഇന്നവേഷന്‍ തുടങ്ങിയ സ്ഥാപനങ്ങളിലേക്കായിരുന്നു. ഇത്തരത്തില്‍ 500 കോടി രൂപയിലധികം ഈ കമ്പനികളില്‍ എത്തിയതായാണ് അന്വേഷണസംഘത്തിന്റെ സംശയം.

അരലക്ഷത്തിനടുത്ത് ആളുകളില്‍ നിന്ന്, ഇരുചക്ര വാഹനങ്ങള്‍ നല്‍കാമെന്നു വാഗ്ദാനം നല്‍കി 60,000 രൂപ വീതമെങ്കിലും പിരിച്ചിട്ടുണ്ട്. ലാപ്ടോപ്, ഗൃഹോപകരണങ്ങള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് പിരിച്ച പണം ഇതിനു പുറമേയാണ്. തട്ടിപ്പിന് മറയായി പ്രവര്‍ത്തിച്ചിരുന്ന സോഷ്യല്‍ബീ വെഞ്ച്വേഴ്സ്, പ്രൊഫഷനല്‍ സര്‍വീസസ് ഇന്നവേഷന്‍ തുടങ്ങിയ കമ്പനികളുടെ പ്രവര്‍ത്തനം ഏതു രീതിയിലാണ്, കമ്പനികളുടെ അക്കൗണ്ടുകളില്‍ എത്തിയിരുന്ന പണം എവിടേക്കാണ് മാറ്റിയിരിക്കുന്നത് തുടങ്ങിയ കാര്യങ്ങള്‍ ക്രൈംബ്രാഞ്ച് പരിശോധനയ്ക്ക് വിധേയമാക്കും.

ഇതുവരെ പിരിച്ചെടുത്ത പണം മുഴുവന്‍ സാധനങ്ങള്‍ വാങ്ങാനായി ചെലവഴിച്ചു എന്നാണ് അനന്തു കൃഷ്ണന്റെ വാദം. ബാക്കി പണം കിട്ടാത്തതു കൊണ്ടാണ് വാഗ്ദാനം ചെയ്തവ വൈകുന്നതെന്നാണ് അനന്തു അവകാശപ്പെടുന്നത്. ആദ്യം കേസ് അന്വേഷിച്ച പോലീസ് സംഘം കടവന്ത്രയിലെ സോഷ്യല്‍ബീ വെഞ്ച്വേഴ്സില്‍ പരിശോധന നടത്തി രേഖകള്‍ പിടിച്ചെടുത്തിരുന്നു.