From the print
പകുതിവില തട്ടിപ്പ്: അന്വേഷണം ക്രൈം ബ്രാഞ്ചിന്; ആദ്യഘട്ടം അഞ്ച് ജില്ലയിലെ 34 കേസ്
മേല്‍നോട്ടം എ ഡി ജി പി. എച്ച് വെങ്കിടേഷിന്. എസ് പി. സോജന് അന്വേഷണ ചുമതല.
![](https://assets.sirajlive.com/2025/02/scam-897x538.jpg)
തിരുവനന്തപുരം | പകുതിവില തട്ടിപ്പ് കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടുകൊണ്ട് സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവിറങ്ങി. അഞ്ച് ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത 34 കേസുകളാണ് ആദ്യഘട്ടത്തില്‍ ക്രൈം ബ്രാഞ്ച് പത്യേകസംഘം അന്വേഷിക്കുക. എ ഡി ജി പി. എച്ച് വെങ്കിടേഷിന്റെ മേല്‍നോട്ടത്തില്‍ എറണാകുളം ക്രൈം ബ്രാഞ്ച് എസ് പി സോജന്റെ നേതൃത്വത്തില്‍ ക്രൈം ബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാകും അന്വേഷണം നടത്തുക.
തട്ടിപ്പിന്റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറുന്നതായാണ് സംസ്ഥാന പോലീസ് മേധാവി ശേഖ് ദര്‍വേശ് സാഹെബിന്റെ ഉത്തരവില്‍ പറയുന്നത്. ക്രൈം ബ്രാഞ്ച് ഡിവൈ എസ് പിമാരുടെ നേതൃത്വത്തില്‍ ഓരോ ജില്ലയിലും പ്രത്യേക സംഘങ്ങള്‍ രൂപവത്കരിക്കും. ആവശ്യമെങ്കില്‍ ലോക്കല്‍ പോലീസില്‍ നിന്നുള്ള ഉദ്യോഗസ്ഥരെയും അന്വേഷണത്തില്‍ ഉള്‍പ്പെടുത്തും. ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത എറണാകുളം, ഇടുക്കി ജില്ലകളിലെ കേസുകള്‍ സോജന്റെ നേതൃത്വത്തില്‍ അന്വേഷിക്കും.
മുഖ്യ പ്രതി അനന്തു കൃഷ്ണന്‍, കെ എന്‍ ആനന്ദകുമാര്‍ തുടങ്ങിയവരെ ചോദ്യം ചെയ്യുകയായിരിക്കും പ്രത്യേക അന്വേഷണ സംഘത്തിന്റെ ആദ്യ നീക്കം. അന്വേഷണം ആരംഭിച്ച ശേഷം ലോക്കല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത മറ്റു കേസുകള്‍ കൂടി അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തും. കോട്ടയത്തെ പാമ്പാടി, പൊന്‍കുന്നം, ഈരാറ്റുപേട്ട സ്റ്റേഷനുകളിലും ആലപ്പുഴയിലെ കായംകുളം, ഹരിപ്പാട്, പൂച്ചയ്ക്കല്‍, മുഹമ്മ, മാന്നാര്‍,ചേര്‍ത്തല പോലീസ് സ്റ്റേഷനുകളിലും ഇടുക്കിയിലെ കമ്പംമേട്, കട്ടപ്പന, നെടുങ്കണ്ടം, വണ്ടന്‍മേട്, തൊടുപുഴ, കരിമാനൂര്‍, മറയൂര്‍, ഉടുമ്പഞ്ചോല തുടങ്ങിയ സ്റ്റേഷനുകളിലും എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, വാഴക്കുളം, പോത്താനിക്കാട്, കോതമംഗലം തുടങ്ങിയ പോലീസ് സ്റ്റേഷനുകളിലും കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനിലും രജിസ്റ്റര്‍ ചെയ്ത കേസുകളിലാകും ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തുക.
34 കേസുകളിലായി 37 കോടി രൂപയുടെ തട്ടിപ്പ് നടന്ന വിവരങ്ങളാണ് പ്രാഥമിക അന്വേഷണത്തില്‍ ലഭിച്ചത്. അനന്തു കൃഷ്ണനില്‍ നിന്ന് വന്‍ തുക കൈപ്പറ്റിയവരെക്കുറിച്ചും തട്ടിപ്പിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തും. കള്ളപ്പണം വെളുപ്പിക്കല്‍ ഉള്‍പ്പെടെയുള്ള ഗുരുതര സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പകുതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ടെങ്കില്‍ അന്വേഷണം കേന്ദ്ര ഏജന്‍സിക്ക് കൈമാറുന്ന കാര്യവും ആഭ്യന്തര വകുപ്പ് പരിഗണിച്ചേക്കുമെന്നാണ് സൂചന. തട്ടിപ്പിലൂടെ കിട്ടിയ കോടികള്‍ ചെലവഴിച്ച് തീര്‍ന്നുവെന്ന് മുഖ്യപ്രതി അനന്തു കൃഷ്ണന്‍ മൊഴി നല്‍കിയിരുന്നു.
കൂടുതല്‍ കേസ്
തട്ടിപ്പുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളിലായി ഇന്നലെയും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അനന്തു കൃഷ്ണനെതിരെ പുതിയ മൂന്ന് എഫ് ഐ ആറുകളാണ് കൊല്ലത്ത് ഇന്നലെ രജിസ്റ്റര്‍ ചെയ്തത്. സോഷ്യോ ഇക്കണോമിക് ഡെവലമെന്റ് സൊസൈറ്റിയുടെ മറവില്‍ നടന്ന തട്ടിപ്പില്‍ 41 ലക്ഷം രൂപ നഷ്ടമായെന്ന് കാസര്‍കോട്ട് വീണ്ടും പരാതി ലഭിച്ചു. കോഴിക്കോട് നാല് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു.