Kerala
പാതിവില തട്ടിപ്പ്; ലാലി വിന്‍സെന്റിന്റെ വീട്ടിലടക്കം 12 ഇടത്ത് ഇ ഡി റെയ്ഡ്
കേസിലെ പ്രധാന സൂത്രധാരനെന്ന് സംശയിക്കുന്ന ആനന്ദകുമാറിന്റെ വീട്ടിലും അദ്ദേഹത്തിന്റെ ഭാരവാഹിത്വത്തിലുള്ള തോന്നയ്ക്കല്‍ സായിഗ്രാമത്തിലും റെയ്ഡ് നടക്കുന്നുണ്ട്

കൊച്ചി| പാതിവില തട്ടിപ്പ് കേസില്‍ സംസ്ഥാന വ്യാപകമായി എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) റെയ്ഡ്. കേസില്‍ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റിന്റെ കൊച്ചിയിലെ വീട്ടില്‍ അടക്കം 12 ഇടത്ത് ഇ ഡി റെയ്ഡ് നടക്കുകയാണ്. സുപ്രധാന രേഖകളെല്ലാം ഇഡി പരിശോധിച്ചു വരികയാണ്.
കേസിലെ പ്രധാനസൂത്രധാരനെന്ന് സംശയിക്കുന്ന ആനന്ദകുമാറിന്റെ ശാസ്തമംഗലത്തെ വീട്ടിലും അദ്ദേഹത്തിന്റെ ഭാരവാഹിത്വത്തിലുള്ള തോന്നയ്ക്കല്‍ സായിഗ്രാമത്തിലും റെയ്ഡ് നടക്കുന്നുണ്ട്. അനന്തു കൃഷ്ണന്റെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്. ഇ ഡിയുടെ കൊച്ചി ഓഫീസാണ് റെയ്ഡ് നടത്തുന്നത്. രാവിലെ എട്ടരയോടെയാണ് പരിശോധന ആരംഭിച്ചത്. നേരത്തെ കേസില്‍ ഇ ഡി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
നേരത്തെ ലാലി വിന്‍സെന്റിനെ പാതിവില കേസില്‍ പോലീസ് പ്രതിചേര്‍ത്തിരുന്നു. കണ്ണൂര്‍ ടൗണ്‍ പോലീസ് എടുത്ത കേസില്‍ ലാലി വിന്‍സെന്റ് ഏഴാം പ്രതിയാണ്. ഈ കേസില്‍ ലാലി വിന്‍സെന്റിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. ലാലി വിന്‍സെന്റിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലായിരുന്നു ഹൈക്കോടതിയുടെ നടപടി.