Connect with us

Kerala

പാതിവില തട്ടിപ്പ്: ലാലി വിന്‍സെന്റിന് മുന്‍കൂര്‍ ജാമ്യം

പ്രതി ചേര്‍ക്കപ്പെട്ട ഡോ. എന്‍ മധു, സി ജി മേരി, പി രാജാമണി, കെ കെ സരോജിനി എന്നിവരോട് മൂന്നാഴ്ചയ്ക്കുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകാനും കോടതി

Published

|

Last Updated

കൊച്ചി | പാതിവില തട്ടിപ്പു കേസില്‍ കോണ്‍ഗ്രസ് നേതാവും അഭിഭാഷകയുമായ ലാലി വിന്‍സെന്റിന് മുന്‍കൂര്‍ ജാമ്യം. കേസുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയാക്കപ്പെട്ടതോടെ ലാലി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചു കൊണ്ടാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ ഉത്തരവ്. കേസില്‍ പറവൂരില്‍ പ്രതി ചേര്‍ക്കപ്പെട്ട ഡോ. എന്‍ മധു, സി ജി മേരി, കണ്ണൂര്‍ ഇരിക്കൂരില്‍ പ്രതി ചേര്‍ക്കപ്പെട്ട പി രാജാമണി, കെ കെ സരോജിനി എന്നിവരോട് മൂന്നാഴ്ചയ്ക്കുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകാനും കോടതി നിര്‍ദേശിച്ചു. തനിക്ക് തട്ടിപ്പില്‍ യാതൊരു പങ്കുമില്ലെന്നും അഭിഭാഷകയെന്ന നിലയില്‍ നിയമോപദേശം നല്‍കുക മാത്രമാണ് ചെയ്തതെന്നും രാഷ്ട്രീയ കാരണങ്ങളാലാണ് തനിക്കെതിരെ കേസ് എന്നും ലാലി ജാമ്യഹരജിയില്‍ വാദിച്ചിരുന്നു.

കണ്ണൂര്‍ പോലീസ് എടുത്ത കേസില്‍ ലാലി വിന്‍സെന്റ് ഏഴാം പ്രതിയാണ്. തട്ടിപ്പിന്റെ മുഖ്യ ആസൂത്രകനും തൊടുപുഴ സ്വദേശിയുമായ അനന്തു കൃഷ്ണന്‍, നാഷനല്‍ എന്‍ ജി ഒ കോണ്‍ഫഡറേഷന്‍ സ്ഥാപകനായിരുന്ന കെ എന്‍ ആനന്ദകുമാര്‍, കോണ്‍ഫെഡറേഷന്‍ ചെയര്‍പേഴ്സന്‍ ഡോ. ബീന സെബാസ്റ്റ്യന്‍, ഷീബ സുരേഷ്, കെ പി സുമ, ഇന്ദിര, ലാലി വിന്‍സെന്റ് എന്നിവരാണ് പ്രതികള്‍.

494 പരാതികളാണ് കണ്ണൂര്‍ ടൗണില്‍ മാത്രം തട്ടിപ്പുമായി ബന്ധപ്പെട്ട് ലഭിച്ചത്. എട്ടു കോടിയോളം രൂപ ഇവിടെ നിന്നു തട്ടിയെടുത്തിട്ടുണ്ടെന്നാണ് കരുതുന്നത്. ഈ കേസിലാണ് ലാലിയെ പ്രതി ചേര്‍ത്തിരിക്കുന്നത്. താന്‍ നിയമോപദേശം നല്‍കിയ വകയില്‍ 40 ലക്ഷം രൂപ അനന്തു കൃഷ്ണനില്‍ നിന്ന് ഈടാക്കിയിട്ടുണ്ടെന്നും ഇതിന്റെ അക്കൗണ്ട് വിവരങ്ങള്‍ ഹാജരാക്കാന്‍ തയാറാണെന്നും അവര്‍ പറഞ്ഞിരുന്നു.

ലാലിയുടെ മുന്‍കൂര്‍ ജാമ്യ ഹരജിക്കൊപ്പമാണ് പറവൂര്‍ ജനസേവ സമിതി ട്രസ്റ്റ് ഭാരവാഹികളായ ഡോ. എന്‍ മധു, സി ജി മേരി എന്നിവരുടേതും കോടതി പരിഗണിച്ചത്. ഇവര്‍ രണ്ടുപേരും കണ്ണൂരിലെ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട രാജാമണി, സരോജിനി എന്നിവരും മൂന്നാഴ്ചയ്ക്കുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകണം. രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ തുടര്‍ച്ചയായി മൂന്നു ദിവസം ആവശ്യമെങ്കില്‍ ചേദ്യം ചെയ്യാം. അറസ്റ്റ് ചെയ്യേണ്ട സാഹചര്യമുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ അറസ്റ്റ് ചെയ്ത് അന്നു തന്നെ കോടതിയില്‍ ഹാജരാക്കണം. ബന്ധപ്പെട്ട മജിസ്ട്രേറ്റ് അന്നു തന്നെ ജാമ്യ ഹരജി പരിഗണിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

 

Latest