Connect with us

Kerala

പകുതി വിലക്ക് സ്‌കൂട്ടര്‍ തട്ടിപ്പ്: അനന്തുവിൻ്റെ ജീവനക്കാർ ഒളിവിൽ; അക്കൗണ്ടൻ്റുൾപ്പെടെ നിരീക്ഷണത്തിൽ

പ്രതിയെ ഇന്ന് കൊച്ചിയിലെ ഓഫീസുകളിലും ഫ്ളാറ്റുകളിലുമെത്തിച്ച് തെളിവെടുത്തേക്കും

Published

|

Last Updated

തിരുവനന്തപുരം | പകുതി വിലയ്ക്ക് സ്‌കൂട്ടറും ലാപ്ടോപ്പും തയ്യല്‍ മെഷീനുകളും വിതരണം ചെയ്യുമെന്ന് വാഗ്ദാനം ചെയ്ത് ആയിരം കോടിയിലേറെ തട്ടിയെടുത്ത അനന്തു കൃഷ്ണൻ്റെ മിക്ക ജീവനക്കാരും ഒളിവിൽ. ഇവരുടെ ഫോണുകൾ സ്വിച്ച് ഓഫ് ആയ നിലയിലാണ്. അനന്തു  കൃഷ്ണന്റെ അക്കൗണ്ടൻ്റ് അടക്കമുള്ള ജീവനക്കാരെ പോലീസ് ചോദ്യം ചെയ്യാൻ നീക്കം തുടങ്ങി. അനന്തുവിനെ ഇന്ന് കൊച്ചിയിലെ ഓഫീസുകളിലും ഫ്ളാറ്റുകളിലുമെത്തിച്ച് തെളിവെടുത്തേക്കും.

വിവിധ പൊലീസ് സ്റ്റേഷനുകളിൽ അനന്തുവിനെതിരെ കൂടുതൽ പരാതികൾ വരുന്നുണ്ട്. നിലവില്‍ പൊലീസ് അറസ്റ്റ് ചെയ്ത അനന്തു കൃഷ്ണനെ ഇന്നലെ അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. 1000 കോടിയിലധികം രൂപയുടെ തട്ടിപ്പ് ഇയാള്‍ നടത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

പണം ചെലവാക്കിയതുമായി ബന്ധപ്പെട്ട മൊഴികളിൽ വൈരുധ്യമുണ്ടെന്നും അന്വേഷണ സംഘം പറയുന്നു.  മൂവാറ്റുപുഴ ഡിവൈ എസ് പിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യുന്നത്,  വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെയും മാധ്യമ പ്രവര്‍ത്തക കൂട്ടായ്മകളെയും വരെ വിശ്വാസമാര്‍ജിച്ച ശേഷമാണ് വ്യാപകമായ തട്ടിപ്പ് നടത്തിയതെന്നാണ് പോലീസ് അന്വേഷണത്തിലെ കണ്ടെത്തല്‍.  അനന്തുവിന്റെ തട്ടിപ്പില്‍ ഇരയായവരില്‍ കൂടുതല്‍ പേരും വനിതകളാണെന്നതും ശ്രദ്ധേയമാണ്. കേരളത്തില്‍ ഇത്രയധികം സ്ത്രീകള്‍ ഒന്നിച്ച് സാമ്പത്തികമായി വഞ്ചിക്കപ്പെട്ട കേസ് സമീപകാലത്തൊന്നും ഉണ്ടായിട്ടില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.

സ്വന്തം നാടായ തൊടുപുഴയിലും അനന്തു തട്ടിപ്പ് നടത്തിയിരുന്നു. വയനാട്ടിലെ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ ഇരകളായവരടക്കം തട്ടിപ്പിനിരയായവരുടെ കൂട്ടത്തിലുണ്ട്. വയനാട്ടില്‍ മാത്രം 1,200 പേര്‍ കബളിപ്പിക്കപ്പെട്ടതായാണ് പോലീസ് പറയുന്നത്.

Latest