Kerala
പകുതി വിലയ്ക്ക് സ്‌കൂട്ടര്‍ തട്ടിപ്പ്: പ്രശസ്തരെ ഒപ്പം കൂട്ടി വിശ്വാസമാര്‍ജിച്ചു: ഇരകള്‍ കൂടുതലും വനിതകള്‍
സംസ്ഥാനത്ത് 75ല്‍ അധികം ബ്ലോക്കുകളില്‍ സൊസൈറ്റി രൂപവത്കരിച്ച് അതില്‍ ആളുകളെ അംഗങ്ങളാക്കിയാണ് പണം വാങ്ങിയിരുന്നത്.
![](https://assets.sirajlive.com/2025/02/an-897x538.jpg)
തിരുവനന്തപുരം | പകുതി വിലയ്ക്ക് സ്‌കൂട്ടറും ലാപ്ടോപ്പും തയ്യല്‍ മെഷീനുകളും വിതരണം ചെയ്യുമെന്ന് വാഗ്ദാനം ചെയ്ത് ആയിരം കോടിയിലേറെ തട്ടിയെടുത്ത അനന്തു കൃഷ്ണന്‍ തട്ടിപ്പിനായി ഉപയോഗിച്ചത് പ്രശസ്തരെയും രാഷ്ട്രീയ നേതാക്കളെയും. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെയും മാധ്യമ പ്രവര്‍ത്തക കൂട്ടായ്മകളെയും വരെ വിശ്വാസമാര്‍ജിച്ച ശേഷമാണ് വ്യാപകമായ തട്ടിപ്പ് നടത്തിയതെന്നാണ് പോലീസ് അന്വേഷണത്തിലെ കണ്ടെത്തല്‍. അതേസമയം, അനന്തുവിന്റെ തട്ടിപ്പില്‍ ഇരയായവരില്‍ കൂടുതല്‍ പേരും വനിതകളാണെന്നത് ശ്രദ്ധേയമാണ്. കേരളത്തില്‍ ഇത്രയധികം സ്ത്രീകള്‍ ഒന്നിച്ച് സാമ്പത്തികമായി വഞ്ചിക്കപ്പെട്ട കേസ് സമീപകാലത്തൊന്നും ഉണ്ടായിട്ടില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.
സ്വന്തം നാടായ തൊടുപുഴയിലും അനന്തു തട്ടിപ്പ് നടത്തിയിരുന്നു. വയനാട്ടിലെ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ ഇരകളായവരടക്കം തട്ടിപ്പിനിരയായവരുടെ കൂട്ടത്തിലുണ്ട്. വയനാട്ടില്‍ മാത്രം 1,200 പേര്‍ കബളിപ്പിക്കപ്പെട്ടതായാണ് പോലീസ് പറയുന്നത്. മാനന്തവാടി താലൂക്കില്‍ നിന്ന് 200 പരാതികള്‍ ലഭിച്ചിരുന്നു. കണ്ണൂരില്‍ ഒരു കേസില്‍ മാത്രം 350 പേരാണ് പരാതിക്കാര്‍. പാലക്കാട്ട് രണ്ട് കേസുകളിലായി 519 പരാതിക്കാരുണ്ട്. ആലപ്പുഴയില്‍ മൂന്ന് കേസുകളില്‍ 500 പേരും ഇടുക്കിയില്‍ വിവിധ സ്റ്റേഷനുകളിലായി 18 കേസുകളും 303 പരാതികളുമുണ്ട്. കോട്ടയത്ത് ഒരു പരാതിയാണ് രജിസ്റ്റര്‍ ചെയ്തത്. മൂവാറ്റുപുഴയിലും കോതമംഗലത്തും വിവിധ സംഘടനകളില്‍ നിന്ന് 20 കോടിയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയതായാണ് പരാതി. കോഴിക്കോട് 98 ആളുകളില്‍ നിന്നായി 72,51,300 രൂപ തട്ടിയെടുത്തതായി പരാതിയുണ്ട്.
മലപ്പുറം, ജില്ലയില്‍ പണമടച്ച് കാത്തിരിക്കുന്നവരുണ്ടെങ്കിലും ഇതുവരെ പരാതി നല്‍കിയിട്ടില്ല. തിരുവനന്തപുരം ജില്ലയില്‍ പോത്തന്‍കോട് പഞ്ചായത്ത് അംഗം ഉള്‍പ്പെടെ 13 പേര്‍ ഇതുവരെ പരാതി നല്‍കിയിട്ടുണ്ട്. മിക്ക ജില്ലകളിലും തട്ടിപ്പ് നടന്നതായി പരാതികള്‍ ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 75ല്‍ അധികം ബ്ലോക്കുകളില്‍ സൊസൈറ്റി രൂപവത്കരിച്ച് അതില്‍ ആളുകളെ അംഗങ്ങളാക്കിയാണ് പണം വാങ്ങിയിരുന്നത്. എറണാകുളത്ത് മാത്രം അനന്തുവിനെതിരെ 5,000ത്തിലേറെ പേരാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്.