Connect with us

Editors Pick

ഹൽവയും മത്തിക്കറിയും; വിരുദ്ധാഹാരങ്ങൾ സൂക്ഷിക്കുക

പാലിനൊപ്പം മത്സ്യം, ചെമ്മീൻ, ഉപ്പ്, ചക്കപ്പഴം, പുളി രസമുള്ള മാങ്ങ, പച്ചക്കറികൾ, മോര്, മുതിര, മുള്ളങ്കി എന്നിവ ഉപയോ​ഗിക്കാൻ പാടില്ല.

Published

|

Last Updated

“ഹല്‍വയും മത്തിക്കറിയും” പോലെ എന്ന പ്രയോഗത്തില്‍ തന്നെ അതിന്‍റെ വൈരുദ്ധ്യത്തെക്കുറിച്ചുള്ള പരിഹാസം മനസ്സിലാകും. വിഭിന്ന രുചികള്‍, അനുയോജ്യമല്ലാത്ത ഋതുവും സമയവും ഇങ്ങനെ ഭക്ഷക്രമത്തിലെ വൈരുദ്ധ്യത്തെക്കുറിച്ച് ആയുർവേദം നേരത്തേ പറഞ്ഞിട്ടുണ്ട്. ആരോഗ്യപരമായ കാരണങ്ങളാല്‍ പലതും‌ നിഷിദ്ധമാക്കിയിട്ടുമുണ്ട്.

പഴം പൊരിയും ബീഫ് കറിയും, പാലും പഴങ്ങളും ചേര്‍ന്ന വിവിധ ഇനം ജ്യൂസുകളും, കോഴി ബിരിയാണിക്കൊപ്പം തൈരും ആഘോഷമായി ഭക്ഷിക്കുന്ന ഇക്കാലത്ത് ഒരിത്തിരി പഴമ്പുരാണവുമാകാം. എന്നാല്‍ കേട്ടോളൂ..
ആയുർവേദത്തിലെ ഭക്ഷണ സങ്കല്പം.

  • പഴങ്ങൾക്കൊപ്പം പാൽ കുടിക്കരുത്.
  • പഴുത്തതും പഴുക്കാത്തതുമായ ഫലങ്ങൾ ഒന്നിച്ച്കഴിക്കാത്തതാണ് നല്ലത്.
  • നന്നായി തണുത്തതും ചൂടുള്ളതുമായ ഭക്ഷണപാനീയങ്ങൾ ചേർത്ത് ഉപയോ​ഗിക്കരുത്.
  • നെയ്യ്, തേൻ, എണ്ണ എന്നിവ രണ്ടോ മൂന്നോ മൂന്നും കൂടിയോ തുല്യ അളവിൽ ചേർത്ത് കഴിക്കരുത്.
  • കൂൺ കടുകെണ്ണയിൽ പാകപ്പെടുത്തിയാൽ വിരുദ്ധമാകും.
  • തേൻ ചൂടാക്കി ഉപയോ​ഗിക്കുന്നതും ചൂടുള്ള വസ്തുക്കൾ ചേർത്ത് ഉപയോ​ഗിക്കുന്നതും ചൂടുകാലത്ത് ഉപയോ​ഗിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
  • പാലിനൊപ്പം മത്സ്യം, ചെമ്മീൻ, ഉപ്പ്, ചക്കപ്പഴം, പുളി രസമുള്ള മാങ്ങ, പച്ചക്കറികൾ, മോര്, മുതിര, മുള്ളങ്കി എന്നിവ ഉപയോ​ഗിക്കാൻ പാടില്ല.
  • മത്സ്യത്തിനോടൊപ്പം തേൻ, ശർക്കര, എള്ള്, ഉഴുന്ന്, മുളപ്പിച്ച ധാന്യങ്ങൾ എന്നിവ ഉപയോ​ഗിക്കാൻ പാടില്ല.
  • തൈരിനൊപ്പം കോഴിയിറച്ചി, വഴുതനങ്ങ, ഉരുളക്കിഴങ്ങ്, തക്കാളി, പായസം ഇവ ഉപയോ​ഗിക്കാൻ പാടില്ല.
  • വാഴപ്പഴത്തിന്റെ കൂടെ തൈരും മോരും വേണ്ട.
  • ചൂടുള്ള ആഹാരത്തോടൊപ്പം മദ്യം, തൈര് ഇവ ഉപയോ​ഗിക്കാൻ പാടില്ല.
  • രാത്രിയിൽ തൈര് ഒഴിവാക്കുന്നതാണ് ഉചിതം.
  • നാരങ്ങയോടൊപ്പം തൈര്, പാൽ, വെള്ളരി, തക്കാളി എന്നിവ ഉപയോ​ഗിക്കരുത്.

ഇങ്ങനെ പോകുന്നു ആയുര്‍വ്വേദ വിധികള്‍.

ആലത്തൂര്‍ നമ്പിയെന്ന വൈദ്യ ശ്രേഷ്ഠന്‍റെ യാത്രാമദ്ധ്യേ സ്ഥിരമായി രണ്ടുപക്ഷികള്‍ ‘കോരുക്ക്’ എന്ന ചോദ്യം ചോദിക്കുമായിരുന്നത്രേ. ക അരുക്ക് ? (ആരാണ് രോഗിയല്ലാത്തത്) എന്നാണ് ആ ചോദ്യമെന്ന് മനസ്സിലാക്കിയ നമ്പി ഇങ്ങനെ ഇങ്ങനെ മറുപടി പറഞ്ഞത്രേ.

കാലേ ഹിതമിതഭോജീ
കൃതചംക്രമണഃ ക്രമേണ
വാമശയഃഅവിധൃതമൂത്രപുരീ‌ഷഃ
സ്ത്രീ‌ഷു യതാത്മാ ച യോ നരഃ സോരുക്ക്

വേണ്ടുന്ന കാലത്തു ഹിതമായും മിതമായും ഭക്ഷിക്കുന്നവനും, ഊണു കഴിഞ്ഞാൽ കുറച്ചു നടക്കുകയും ഇടതുവശം ചെരിഞ്ഞുകിടക്കുകയും ചെയ്യുന്നവനും മലമൂത്രങ്ങളെ തടുക്കാതെ വേണ്ടുന്ന സമയത്തു വിസർജിക്കുന്നവനും സ്ത്രീകളിൽ അത്യാസക്തിയില്ലാത്തവനുമായിരിക്കുന്നത് ആരോ ആ മനു‌ഷ്യൻ അരോഗിയായിരിക്കും.

കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ നിന്നുള്ള‌ കഥയാണെങ്കിലും‌ കഥയിലൊട്ടും പതിരില്ല.

Latest