Uae
ഹമദ് ബിന്‍ സുഹൈല്‍ അല്‍ ഖൈലി അന്തരിച്ചു
അല്‍ മുഅതറദ് ഗ്രാന്‍ഡ് മസ്ജിദില്‍ മയ്യിത്ത് നിസ്‌കാരം നടന്നു
അബൂദബി | പരേതനായ ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ സൈനിക സഹയാത്രികന്‍ ഹമദ് ബിന്‍ സുഹൈല്‍ അല്‍ ഖൈലി (104) അന്തരിച്ചു. ഇന്നലെ മഗ്രിബ് നിസ്‌കാര ശേഷം അല്‍ മുഅതറദ് ഗ്രാന്‍ഡ് മസ്ജിദില്‍ മയ്യിത്ത് നിസ്‌കാരം നടന്നു. പഴയ അല്‍ മുഅതറദ് ഖബറിസ്ഥാനില്‍ മറവ് ചെയ്തു.
1920 ലാണ് ജനിച്ച അദ്ദേഹം സൈനിക സേവനത്തിന് ശേഷം നിരവധി പരിശീലന കോഴ്സുകളില്‍ പങ്കെടുത്ത് സൈനിക റാങ്കുകള്‍ നേടി ലെഫ്റ്റനന്റ് ജനറലായി.
1971-ല്‍ സ്പെഷ്യല്‍ ഗാര്‍ഡ് യൂണിറ്റ് സ്ഥാപിതമാകുന്നതുവരെ അന്തരിച്ച ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ സൈനിക സഹചാരിയായി ചുമതല ഏറ്റെടുത്തു. 2005-ല്‍ അബൂദബി അവാര്‍ഡ് നേടിയിരുന്നു. ദേശീയ സൈനിക ശക്തിയുടെ ന്യൂക്ലിയസായിരുന്നു അദ്ദേഹം. അതിനാല്‍ ധാരാളം പൗരന്മാര്‍ ദേശീയ സേവനത്തിലേക്ക് ആകര്‍ഷിച്ചു.
എമിറേറ്റ്‌സ് റെഡ് ക്രസന്റ് ഉള്‍പ്പെടെയുള്ള രാജ്യത്തെ ജീവകാരുണ്യ സംഘടനകളെ പിന്തുണയ്ക്കുന്നതില്‍ വളരെയധികം താല്‍പര്യമുള്ളയാളായിരുന്നു അദ്ദേഹം. സകാത്ത് ഫണ്ട്, കമ്മ്യൂണിറ്റി കോണ്‍ട്രിബ്യൂഷന്‍ അതോറിറ്റിയുടെ അല്‍ ഫറജ് ഫണ്ട് എന്നിവയിലൂടെ സാമൂഹിക ഐക്യം ശക്തിപ്പെടുത്താനും ആവശ്യമുള്ളവര്‍ എവിടെയായിരുന്നാലും അവരെ പരിപാലിക്കാനും അദ്ദേഹം പ്രോത്സാഹിപ്പിച്ചു. അല്‍ ഖൈലിയുടെ വിയോഗത്തില്‍ പ്രസിഡന്‍ഷ്യല്‍ ഓഫീസ് അനുശോചനം രേഖപ്പെടുത്തി.