Web Special
ഹമാസിന്റെ 500 കിലോമീറ്റർ തുരങ്ക ശൃംഖല; കര ആക്രമണ പദ്ധതിയിൽ ഇസ്റാഈലിന്റെ ഏറ്റവും വലിയ വെല്ലുവിളി
2021ൽ ഹമാസിന്റെ 100 കിലോമീറ്ററിലധികം തുരങ്ക ശൃംഖല നശിപ്പിച്ചതായി ഇസ്റാഈൽ പ്രതിരോധ സേന അവകാശപ്പെട്ടിരുന്നു. എന്നാൽ ഗാസയിലെ തുരങ്ക ശൃംഖല 500 കിലോമീറ്റർ നീളമുള്ളതാണെന്നും അതിന്റെ അഞ്ച് ശതമാനം മാത്രമാണ് തകർന്നതെന്നുമാണ് ഹമാസ് നേതാവ് യഹ്യ സിൻവാർ അവകാശപ്പെടുന്നത്. ഡൽഹി മെട്രോ ശൃംഖലയുടെ നീളം ഏകദേശം 392 കിലോമീറ്ററാണ്. ഡൽഹിക്ക് ഗാസയുടെ നാലിരട്ടി വലിപ്പമുണ്ട്. അപ്പോൾ 500 കിലോമീറ്റർ തുരങ്ക ശൃംഖല എത്ര മാത്രം വിപുലമാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
ഗസ്സ സിറ്റി | ഗസ്സ മുനമ്പിൽ സമ്പൂർണ കര ആക്രമണത്തിന് തയ്യാറെടുക്കുന്ന ഇസ്റാഈലിന് വെല്ലുവിളിയാകുന്നത് ഗസ്സയിലെ ഹമാസിന്റെ തുരങ്ക ശൃംഖല. 500 കിലോമീറ്റർ ദൈർഘ്യമുള്ള തുരങ്ക ശൃംഖല ഗസ്സയിൽ ഹമാസിനുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഈ തുരങ്കങ്ങൾ വഴിയാണ് ഹമാസ് ഓപ്പറേഷനുകൾ നടപ്പാക്കുന്നത്. അയൺഡോം സുരക്ഷാ കവചം മറികടന്ന് ഇസ്റാഈലിൽ പ്രവേശിച്ച് ആക്രമണം നടത്താൻ ഹമാസിന് വഴിയൊരുക്കിയതും ഈ തുരങ്കങ്ങളാണ്.
2021ൽ ഹമാസിന്റെ 100 കിലോമീറ്ററിലധികം തുരങ്ക ശൃംഖല നശിപ്പിച്ചതായി ഇസ്റാഈൽ പ്രതിരോധ സേന അവകാശപ്പെട്ടിരുന്നു. എന്നാൽ ഗാസയിലെ തുരങ്ക ശൃംഖല 500 കിലോമീറ്റർ നീളമുള്ളതാണെന്നും അതിന്റെ അഞ്ച് ശതമാനം മാത്രമാണ് തകർന്നതെന്നുമാണ് ഹമാസ് നേതാവ് യഹ്യ സിൻവാർ അവകാശപ്പെടുന്നത്. ഡൽഹി മെട്രോ ശൃംഖലയുടെ നീളം ഏകദേശം 392 കിലോമീറ്ററാണ്. ഡൽഹിക്ക് ഗാസയുടെ നാലിരട്ടി വലിപ്പമുണ്ട്. അപ്പോൾ 500 കിലോമീറ്റർ തുരങ്ക ശൃംഖല എത്ര മാത്രം വിപുലമാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
2007-ൽ ഗാസ മുനമ്പിന്റെ നിയന്ത്രണം ഏറ്റെടുത്തതിനുശേഷം, നഗരത്തിനകത്തും ഗാസ-ഇസ്റാഈൽ അതിർത്തിയിലും തുരങ്ക ശൃംഖലകൾ വികസിപ്പിക്കാൻ ഹമാസ് പ്രവർത്തിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. ‘ഗാസ മെട്രോ’ എന്നാണ് ഹമാസിന്റെ തുരങ്ക ശൃംഖലയെ ഇസ്റാഈൽ വിശേഷിപ്പിക്കുന്നത്. ഈ തുരങ്കങ്ങൾക്കുള്ളിൽ ലൈറ്റുകളും ആയുധങ്ങളും വെടിക്കോപ്പുകളും സൂക്ഷിക്കാനുള്ള വിശാലമായ സ്ഥലങ്ങളുമുണ്ടെന്ന് തുരങ്കങ്ങളുടെ മുൻകാല വീഡിയോകൾ വ്യക്തമാക്കുന്നു. സിമന്റ് കൊണ്ടാണ് ഇതിന്റെ ഭിത്തികൾ നിർമ്മിച്ചിരിക്കുന്നത്. സിവിലിയൻ കെട്ടിടങ്ങൾ ലക്ഷ്യമിടുന്നതിനെക്കുറിച്ചുള്ള ആഗോള വിമർശനത്തോട് പ്രതികരിക്കുമ്പോൾ, ഹമാസ് പ്രവർത്തകർ സിവിലിയൻ കെട്ടിടങ്ങൾക്ക് താഴെയുള്ള തുരങ്കങ്ങളിൽ ഒളിച്ചിരിക്കുകയാണെന്നാണ് ഇസ്റാഈൽ വാദിക്കാറ്.
കഴിഞ്ഞ വാരാന്ത്യത്തിൽ ഇസ്റാഈലിന്റെ അതിർത്തി കടന്ന് ഹമാസ് നടത്തിയ ആക്രമണത്തിന് ഈ തുരങ്കം സഹായകമായെന്നാണ് കരുതുന്നത്. ഗസ്സയുമായുള്ള ഇസ്റാഈലിന്റെ അതിർത്തി വേലി കെട്ടിതിരിച്ചിരിക്കുകയാണ്. 30 അടി ഉയരമുണ്ട് ഈ വേലിക്കെട്ടിന്. ഇത്കൂടാതെ ഭൂഗർഭ കോൺക്രീറ്റ് തടസ്സവുമുണ്ട്. ഇതെല്ലാം മറികടന്ന് നേരിട്ട് ഇസ്റാഈലിൽ പ്രവേശിക്കുക ഹമാസിന് എളുപ്പമാകില്ല. ഇസ്റാഈലിലേക്ക് നീളുന്ന തുരങ്കങ്ങൾ വഴിയാകണം ഹമാസ് സായുധസംഘം അവിടേക്ക് എത്തിയത് എന്ന സംശയം ബലപ്പെടാൻ കാരണം ഇതാണ്.
ഗാസ നഗരത്തിനുള്ളിലെ തുരങ്കങ്ങളും അതിർത്തി കടന്നുള്ള തുരങ്കങ്ങളും തമ്മിൽ വ്യത്യാസമുണ്ടെന്ന് റീച്ച്മാൻ യൂണിവേഴ്സിറ്റി ഫാക്കൽറ്റി അംഗം ഡോ ഡാഫ്നെ റിച്ചെമണ്ട്-ബരാക് പറയുന്നു. അതിർത്തി കടന്നുള്ള തുരങ്കങ്ങൾ ഒറ്റത്തവണ ഉപയോഗത്തിനുള്ളതാണ്. ഇതിനുള്ളിൽ ഒളിച്ചിരിക്കാനുള്ള കോട്ടകൾ ഉണ്ടാകില്ലത്രെ. എന്നാൽ ഗസ്സയുടെ അതിർത്തിക്കുള്ളിലെ തുരങ്കങ്ങൾ ഹമാസിന്റെ ഒളിത്താവളാണ്. അവരുടെ കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ പ്രവർത്തിക്കുന്നതും അവിടെയാണ്. 2006ൽ ഗസ്സ മുനമ്പിന്റെ നിയന്ത്രണം ഹമാസ് ഏറ്റെടുക്കുന്നതിന് മുമ്പ്, കള്ളക്കടത്തിന് തുരങ്ക ശൃംഖല ഉപയോഗിച്ചിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഒരു കര ആക്രമണത്തിന് തയ്യാറെടുക്കുമ്പോൾ, ഹമാസ് പ്രവർത്തകരുടെ കൈവശമുള്ള 150-ഓളം ബന്ദികളെ സുരക്ഷിതമായി തിരികെ കൊണ്ടുവരുന്നത് ഉറപ്പാക്കുക എന്നതാണ് ഇസ്റാഈലിന്റെ പ്രധാന ആശങ്ക. ബന്ദികളെ മണ്ണിനടിയിൽ പാർപ്പിച്ചിരിക്കാൻ സാധ്യതയുണ്ടെന്ന് ഇസ്റാഈലി സുരക്ഷാ വൃത്തങ്ങൾ പറയുന്നു. അതുകൊണ്ട് തന്നെ ബങ്കർ ബസ്റ്റർ ബോംബുകൾ ഉപയോഗിച്ച് തുരങ്കങ്ങൾ തകർക്കാനുള്ള സാധ്യത ഇസ്റാഈലിന് അത്ര എളുപ്പം പ്രയോഗിക്കാൻ കഴിയില്ല.