Connect with us

International

തെൽ അവീവ് ലക്ഷ്യമാക്കി റോക്കറ്റുകൾ തൊടുത്ത് ഹമാസ്

ഗസ്സയിൽ ഇസ്‌റാഈൽ ആക്രമണത്തിൽ 19 പേർ കൂടി കൊല്ലപ്പെട്ടു • കൊല്ലപ്പെട്ടവരിൽ മാതാവും നാല് ദിവസം പ്രായമുള്ള ഇരട്ട കുട്ടികളും

Published

|

Last Updated

ഗസ്സ | ദിവസങ്ങൾക്കു മുമ്പ് ഗസ്സ സിറ്റിയിലെ അൽ താബിഈൻ സ്‌കൂളിൽ നൂറുകണക്കിന് ഫലസ്തീനികളെ അതിക്രൂരമായി കൊന്നൊടുക്കിയ ഇസ്‌റാഈൽ നടപടി സാധാരണക്കാരെ മനഃപൂർവം ലക്ഷ്യം വെച്ചതാണെന്ന റിപോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ ഇസ്‌റാഈൽ തലസ്ഥാനമായ തെൽ അവീവിന് നേർക്ക് റോക്കറ്റുകൾ തൊടുത്ത് ഹമാസ് സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ്. മാസങ്ങളായി ഇസ്‌റാഈൽ നടത്തുന്ന കൂട്ടക്കൊലപാതകങ്ങൾക്കിടെ ഏറെ നാളുകൾക്കു ശേഷമാണ് അവരുടെ വാണിജ്യ തലസ്ഥാനമായ തെൽ അവീവിന് നേർക്ക് ഖസ്സാം ബ്രിഗേഡ് രണ്ട് റോക്കറ്റുകൾ തൊടുത്തത്. ആക്രമണത്തിൽ ആളപായമൊന്നും റിപോർട്ട് ചെയ്തിട്ടില്ല.
അതേസമയം, ഒരു റോക്കറ്റ് കടലിൽ പതിച്ചതായും മറ്റൊന്ന് ഇസ്‌റാഈൽ പ്രദേശത്ത് എത്തും മുമ്പ് തകർത്തതായും ഇസ്‌റാഈൽ സൈന്യം വ്യക്തമാക്കി. ഫലസ്തീനികളെ കൂട്ടക്കൊല ചെയ്യുന്നതിനും സ്വന്തം പ്രദേശത്ത് നിന്ന് കുടിയിറക്കുന്നതിനുമെതിരെ എം-90 മിസൈലുകൾ ഉപയോഗിച്ച് ഇസ്‌റാഈലിനെ ആക്രമിച്ചതായി ഹമാസ് പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ മെയിലാണ് തെൽഅവീവിൽ ഹമാസ് ഇതിന് മുമ്പ് റോക്കറ്റ് ആക്രമണം നടത്തിയത്.
19 മരണം
അതിനിടെ ഗസ്സയിൽ ഇസ്‌റാഈൽ വ്യോമാക്രമണത്തിൽ 19 ഫലസ്തീനികൾ കൂടി കൊല്ലപ്പെട്ടു. ദാർ അൽ ബലാഹിൽ നടത്തിയ ആക്രമണത്തിൽ ഡോ. ജുമാന അർഫയും നാല് ദിവസം പ്രായമുള്ള അവരുടെ ഇരട്ട കുട്ടികളും മാതാവുമാണ് കൊല്ലപ്പെട്ടത്. അൽ ബുറൈജ് ക്യാമ്പിനടുത്ത് വീടിന് നേരെയുണ്ടായ ആക്രമണത്തിൽ ഏഴ് പേരും കൊല്ലപ്പെട്ടു. മധ്യഗസ്സാ മുനമ്പിലെ അൽ മഗാസി ക്യാമ്പിലും റഫയിലുമുണ്ടായ ആക്രമണത്തിൽ നാല് പേരും ഗസ്സാ നഗരത്തിന് വടക്കായി ശൈഖ് റദ്‌വാനിൽ ഒരു വീടിന് നേരെയുണ്ടായ ആക്രമണത്തിൽ രണ്ട് പേരും കൊല്ലപ്പെട്ടു.
കപ്പൽ ആക്രമണം
ചെങ്കടലിലും ഗൾഫ് ഓഫ് ഏഥനിലും ഇസ്‌റാഈൽ അനുകൂല ചരക്കുകപ്പലുകൾ വീണ്ടും ആക്രമിച്ച് യമനിലെ ഹൂതികൾ. പശ്ചിമാഫ്രിക്കൻ രാജ്യമായ ലൈബീരിയ പതാകയുള്ള ക്രൂഡ് ഓയിൽ കപ്പലായ ഡെൽറ്റ അറ്റ്‌ലാന്റിക്ക, പാനമ പതാകയുള്ള ഓയിൽ ടാങ്കറായ ഫൊനിക്‌സ് എന്നീ കപ്പലുകളാണ് ഹൂതികൾ ആക്രമിച്ചത്. കപ്പൽ ജീവനക്കാർ സുരക്ഷിതരാണെന്നും തൊട്ടടുത്ത തുറമുഖത്തേക്ക് കപ്പൽ നീങ്ങുന്നതായും ദ റെഡ് സീ ആൻഡ് ഗൾഫ് ഓഫ് ഏഥൻ ജോയിന്റ് മാരിടൈം ഇൻഫർമേഷൻ സെന്റർ അറിയിച്ചു.

പുടിനുമായി ചർച്ച
മോസ്‌കോയിലെത്തിയ ഫലസ്തീൻ പ്രസിഡന്റ് മഹ്്മൂദ് അബ്ബാസ് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനുമായി ചർച്ച നടത്തി. ഗസ്സയിലെ സിവിലിയൻ മരണങ്ങളിൽ തങ്ങൾ ആശങ്കാകുലരാണെന്നും ഫലസ്തീന് പിന്തുണ തുടരുമെന്നും പുടിൻ പറഞ്ഞു. മേഖലയിലെ ദീർഘകാല സമാധാനത്തിന് സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം ആവശ്യമാണ്. നിർഭാഗ്യവശാൽ റഷ്യ ഇന്ന് സ്വന്തം ജനതയെ സംരക്ഷിക്കാനുള്ള പോരാട്ടത്തിലാണെന്ന് യുക്രൈനുമായുള്ള യുദ്ധം ചൂണ്ടിക്കാട്ടി പുടിൻ വ്യക്തമാക്കി. ഇസ്റാഈലുമായും ഫലസ്തീനുമായും റഷ്യക്ക് വർഷങ്ങളായുള്ള ബന്ധമുണ്ടെങ്കിലും ഗസ്സ ആക്രമണത്തിനു ശേഷം ഫലസ്തീൻ പ്രതിനിധികളെ റഷ്യ സ്വീകരിക്കുന്നത് ഇസ്റാഈലിനെ അസ്വസ്ഥമാക്കുന്നുണ്ട്.

ലബനാനിലും മരണം
തെക്കൻ ലബനാനിലെ ബിൻത് ജിബൈലിൽ ഇസ്‌റാഈൽ ഡ്രോൺ ആക്രമണത്തിൽ രണ്ട് മരണം. ഡ്രോൺ കാറിൽ ഇടിച്ചാണ് സ്‌ഫോടനമുണ്ടായത്. അതിനിടെ മതത് സെറ്റിൽമെന്റിനടുത്ത് ഇസ്‌റാഈൽ സൈനികരെ ആക്രമിച്ചതായി ഹിസ്ബുല്ലയും അറിയിച്ചു. ലബനാനിൽ നിന്ന് പറന്നുയർന്ന രണ്ട് ആളില്ലാ വിമാനങ്ങളെ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം തകർത്തതായി ഇസ്‌റാഈൽ സൈന്യം അവകാശപ്പെട്ടു.

Latest