From the print
മൂന്ന് പേരെ ഹമാസ് വിട്ടയച്ചു; 183 ഫലസ്തീൻ തടവുകാർക്ക് മോചനം
20 നും 61 നും ഇടയിൽ പ്രായമുള്ള പുരുഷന്മാരാണ് മോചിതരായത്
![](https://assets.sirajlive.com/2025/02/hah-897x538.jpg)
ഗസ്സ | ഇസ്റാഈലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ കരാറിന്റെ ഒന്നാംഘട്ടത്തിലെ അഞ്ചാമത്തെ ബന്ദി കൈമാറ്റത്തിൽ 183 ഫലസ്തീനികളെ ഇസ്റാഈൽ ജയിലുകളിൽ നിന്ന് മോചിപ്പിച്ചു. ജീവപര്യന്തം തടവ് അനുഭവിക്കുന്ന 18 പേരും ദീർഘകാല തടവ് അനുഭവിക്കുന്ന 54 പേരും ഒക്ടോബർ ഏഴിന് ഹമാസിന്റെ ആക്രമണത്തെത്തുടർന്ന് തടവിലാക്കിയ ഗസ്സയിൽ നിന്നുള്ള 111 പേരും ഇസ്റാഈൽ വിട്ടയച്ചവരിൽ ഉൾപ്പെടുന്നു. 20 നും 61 നും ഇടയിൽ പ്രായമുള്ള പുരുഷന്മാരാണ് മോചിതരായത്. ഇവരെ തെക്കൻ ഗസ്സയിലെ ഖാൻ യൂനിസ് ആശുപത്രിയിൽ വൈദ്യപരിശോധനക്ക് വിധേയരാക്കി.
ഫലസ്തീൻ തടവുകാരെ വിട്ടയച്ചതിന് പകരമായി ഗസ്സയിൽ തടവിലാക്കിയ മൂന്ന് ഇസ്റാഈലി ബന്ദികളെ ഹമാസും മോചിപ്പിച്ചു. എലി ഷരാബി, ഓർ ലെവി, ഒഹാദ് ബെൻ ആമി എന്നീ മൂന്ന് ബന്ദികളെയാണ് മധ്യ ഗസ്സയിലെ ദേർ അൽ ബലാഹ് വഴി റെഡ് ക്രോസ്സിന്റെ സാന്നിധ്യത്തിൽ ഹമാസ് ഇസ്റാഈലിന് കൈമാറിയത്.
2023 ഒക്ടോബർ ഏഴിന് കിബ്ബുട്‌സ് ബീരിയിൽ നിന്ന് ബന്ദികളാക്കപ്പെട്ടവരാണ് ഒഹാദ് ബെൻ ആമിയും എലി ഷറാബിയും. നോവ സംഗീത പരിപാടിയിൽ നിന്നാണ് ഓർ ലെവി ഹമാസിന്റെ പിടിയിലായത്. അതേസമയം, വെടിനിർത്തലിന്റെ രണ്ടാംഘട്ട ചർച്ചകൾ ഇസ്‌റാഈലും ഹമാസും ഇതുവരെ ആരംഭിച്ചിട്ടില്ല. ബാക്കിയുള്ള ബന്ദികളെ മോചിപ്പിക്കാനും വെടിനിർത്തൽ അനിശ്ചിതമായി നീട്ടാനുമാണ് രണ്ടാംഘട്ട ചർച്ചകൾ ആവശ്യപ്പെടുന്നത്. ഇതിൽ തീരുമാനമായില്ലെങ്കിൽ മാർച്ച് ആദ്യം ആക്രമണം പുനരാരംഭിക്കാനും സാധ്യതയുണ്ട്.
അതിനിടെ, മോചിപ്പിക്കാൻ നിശ്ചയിച്ചിരുന്ന ഫലസ്തീൻ തടവുകാരുടെ വീടുകൾ ഇസ്റാഈൽ റെയ്ഡ് നടത്തിയതായി ഫലസ്തീൻ പ്രിസണേഴ്സ് മീഡിയാ ഓഫീസ് അറിയിച്ചു.
അതേസമയം, ഗസ്സയിൽ 572 മരണങ്ങൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ 26 മരണങ്ങൾ നടന്നു. 22 മൃതദേഹങ്ങൾ കണ്ടെടുത്തതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.