Uae
ഹംദാൻ ബിൻ റാശിദ് അവാർഡ് ജേതാക്കളെ ആദരിച്ചു
ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് റാശിദ് അൽ മക്തും ഫൗണ്ടേഷൻ അവാർഡിന് അൽ ഐൻ ഇന്ത്യൻ സ്‌കൂൾ, പന്ത്രണ്ടാം ക്ലാസ്സ് വിദ്യാർഥിനി അപർണാ അനിൽ നായർ അർഹയായി.

ദുബൈ|ഹംദാൻ ബിൻ റാശിദ് അൽ മക്തൂം ഫൗണ്ടേഷൻ ഫോർ മെഡിക്കൽ ആൻഡ് എഡ്യൂക്കേഷണൽ സയൻസസ് അവാർഡ് ജേതാക്കളെ ആദരിച്ചു. ദുബൈ വേൾഡ് ട്രേഡ് സെന്ററിലെ റാശിദ് ഹാളിൽ നടന്ന ചടങ്ങിൽ 61 വിജയികളെയാണ് ആദരിച്ചത്. പ്രാദേശിക, ഗൾഫ്, അന്താരാഷ്ട്ര തലങ്ങളിൽ നിന്നായി 42 മികച്ച വിദ്യാർഥികൾ, അധ്യാപകർ, ഗവേഷകർ ഗൾഫ് മേഖലയിൽ നിന്ന് 17 സ്ഥാപനങ്ങൾ എന്നിവ പുരസ്‌കാരങ്ങൾ നേടി. ഫ്യൂച്ചർ സയൻസ് ചലഞ്ചിൽ 13 അറബ് വിദ്യാർഥി ടീമുകളും ഓസ്‌ട്രേലിയയിൽ നിന്നുള്ള ഒരു ഗവേഷണ പ്രബന്ധവും പുരസ്‌കാരം നേടി.
ഫൗണ്ടേഷൻ ചെയർമാൻ ശൈഖ് റാശിദ് ബിൻ ഹംദാൻ ബിൻ റാശിദ് അൽ മക്തൂം വിജയികളെ ആദരിച്ചു. വിദ്യാഭ്യാസത്തിൽ ഡിജിറ്റൽ നവീകരണത്തിനായി പുതിയ അവാർഡും ഗൾഫ് മേഖലയിലെ മികച്ച അധ്യാപകർക്കായി മറ്റൊരു അവാർഡും ചടങ്ങിൽ പ്രഖ്യാപിച്ചു. ആരോഗ്യ ഗവേഷണത്തിനായി പത്ത് ലക്ഷം ദിർഹം ഗ്രാന്റും പ്രഖ്യാപിക്കപ്പെട്ടു.
അവാർഡ് ജേതാക്കളിൽ മലയാളി വിദ്യാർഥിനിയും
ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് റാശിദ് അൽ മക്തും ഫൗണ്ടേഷൻ അവാർഡിന് അൽ ഐൻ ഇന്ത്യൻ സ്‌കൂൾ, പന്ത്രണ്ടാം ക്ലാസ്സ് വിദ്യാർഥിനി അപർണാ അനിൽ നായർ അർഹയായി. അൽ ഐനിൽ ഫാർമസിസ്റ്റായി പ്രവർത്തിക്കുന്ന തിരുവല്ല സ്വദേശികളായ അനിൽ വി നായരുടെയും സിഹയിൽ നഴ്‌സായി പ്രവർത്തിക്കുന്ന അഞ്ജലി വിധുദാസിന്റെയും മകളാണ്. പതിനൊന്നാം ക്ലാസ്സ് വിദ്യാർഥിയും ചിത്രകാരനുമായ അരവിന്ദ് അനിൽ നായർ സഹോദരനാണ്.