Connect with us

Books

ഹാൻ കാങിന് നൊബേൽ: സാര്‍വദേശീയമായ പ്രമേയങ്ങള്‍ക്കുള്ള അംഗീകാരം

കൊറിയൻ നാടോടിക്കഥകളിൽ നിന്നും ക്ലാസിക്കൽ സാഹിത്യത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഹാൻ പത്താം വയസ്സിൽ എഴുതിത്തുടങ്ങി. ആദ്യകാല കഥകൾ സ്വന്തം ഐഡൻ്റിറ്റി, കുടുംബം, എന്നിവയ്ക്കൊപ്പം സാമൂഹിക നീതിയും പ്രമേയങ്ങളാക്കുന്നതായിരുന്നു. ആശയവിനിമയത്തിനുള്ള ഉപാധി സാഹിത്യമാണെന്ന് അവർക്ക് അന്നേ തോന്നിയിരിക്കണം.

Published

|

Last Updated

“ഹാൻ കാങിൻ്റെ എഴുത്തിൻ്റെ സവിശേഷത അതിൻ്റെ ശാന്തമായ തീവ്രതയാണ്. മനുഷ്യാനുഭവത്തിൻ്റെ ഇരുട്ടിനെയും സങ്കീർണ്ണതയെയും അഭിമുഖീകരിക്കാനുള്ള സന്നദ്ധതയാണ്.” – ഈ വര്‍ഷത്തെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടിയ ദക്ഷിണ കൊറിയന്‍ നോവലിസ്റ്റായ ഹാന്‍കാങിന്‍റെ രചനകളെക്കുറിച്ചുള്ള പാരീസ് റിവ്യൂ ജേണലിന്‍റെ വിലയിരുത്തലാണ് മുകളില്‍ കൊടുത്തത്.

ദക്ഷിണ കൊറിയയിലെ ഗ്വാങ്ജുവിൽ 1970 നവംബർ 27 നാണ് ഹാൻ കാങ് ജനിച്ചത്. അവരുടെ അച്ഛൻ ഒരു സാഹിത്യ പ്രൊഫസറും അമ്മ അധ്യാപികയുമായതിനൊപ്പം വിദ്യാഭ്യാസത്തിനും വായനയ്ക്കുമെല്ലാം‌ ഏറെ പ്രാധാന്യം നല്‍കിയിരുന്നുവെങ്കിലും ഹാന്‍ തികച്ചും അന്തര്‍മുഖയായ കുട്ടിയായിരുന്നു. അവർക്ക് മറ്റുള്ളവരോടു സംസാരിക്കാനും ഇടപഴകാനും ഏറെ ബുദ്ധിമുട്ടായിരുന്നു. അതിനാല്‍ വളരെ ചെറുപ്പത്തില്‍തന്നെ പുസ്തകങ്ങളായിരുന്നു അവരുടെ കൂട്ടുകാര്‍.

അങ്ങനെയങ്ങനെ കൊറിയൻ നാടോടിക്കഥകളിൽ നിന്നും ക്ലാസിക്കൽ സാഹിത്യത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഹാൻ പത്താം വയസ്സിൽ എഴുതിത്തുടങ്ങി. ആദ്യകാല കഥകൾ സ്വന്തം ഐഡൻ്റിറ്റി, കുടുംബം, എന്നിവയ്ക്കൊപ്പം സാമൂഹിക നീതിയും പ്രമേയങ്ങളാക്കുന്നതായിരുന്നു. ആശയവിനിമയത്തിനുള്ള ഉപാധി സാഹിത്യമാണെന്ന് അവർക്ക് അന്നേ തോന്നിയിരിക്കണം.

ഹാനിന് പത്തുവയസ്സുള്ളപ്പോള്‍ തന്നെയാണ് ജന്മദേശമായ ഗ്വാങ്ജുവില്‍ കൊറിയൻ ചരിത്രത്തിലെ പ്രധാന സംഭവങ്ങളിലൊന്നായ ഗ്വാങ്ജു പ്രക്ഷോഭവും അതേതുടര്‍ന്നുള്ള കൂട്ടക്കൊലകളും നടക്കുന്നത്. 1980 മെയ് 10 ന് ജനറൽ ചുൻ ഡൂ-ഹ്വാൻറെ സൈനിക ഭരണകൂടത്തിനെതിരെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സിയോളിൽ ആരംഭിച്ച പ്രതിഷേധത്തിലായിരുന്നു പിന്നീട് ചരിത്രമായിത്തീര്‍ന്ന സംഭവങ്ങളുടെ തുടക്കം.

ഗ്വാങ്ജുവിലെ ഗ്യൂംനാം-റോ തെരുവിലും അതിന്‍റെ അലയൊലികളുണ്ടായിരുന്നു. വിദ്യാര്‍ത്ഥികളും ബുദ്ധിജീവികളും പങ്കെടുത്ത പ്രക്ഷോഭം 15 ദിവസത്തിലധികം നീണ്ടുനിന്നു. സൈനികരേയും പാരാട്രൂപ്പുകളേയും ഉപയോഗിച്ച് പ്രക്ഷോഭകരെ അടിച്ചമര്‍ത്താന്‍ തുടങ്ങിയതോടെ അറന്നൂറിലധികം സാധാരണ പൗരന്മാര്‍ക്കും 73 സൈനികര്‍ക്കും ജീവന്‍ നഷ്ടപ്പെടുകയുണ്ടായി. മൂവായിരത്തിലധികം‌ ആളുകള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ആയിരക്കണക്കിന് മനുഷ്യരെ കാണാതാവുകയും ചെയ്തു. ദക്ഷിണ കൊറിയയുടെ ചരിത്രം മാറ്റിമറിച്ച ഈ സംഭവം‌ ഹാന്‍കാങ്ങിനെ ശക്തമായി സ്വാധീനിച്ചിട്ടുണ്ട്. 2014 ല്‍ എഴുതിയ ‘ഹ്യൂമന്‍ ആക്ട്’ ഈ സ്വാധീനത്തിൽ നിന്നുണ്ടായതാണ്.

ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം, ഹാൻ യോൻസി യൂണിവേഴ്സിറ്റിയിൽ ചേർന്നു. അവിടെ അവൾ കൊറിയൻ സാഹിത്യം പഠിച്ചു. സാഹിത്യ മത്സരങ്ങളിലൂടെയും കൊറിയൻ ജേണലുകളിലെ പ്രസിദ്ധീകരണങ്ങളിലൂടെയും അവളുടെ എഴുത്ത് അംഗീകാരം നേടി. ഹാൻ്റെ ആദ്യ നോവൽ “എ ഡയലോഗ്” 1994 ൽ പ്രസിദ്ധീകരിച്ചുവെങ്കിലും ദി വെജിറ്റേറിയനാണ് ലോകശ്രദ്ധനേടിയ നോവല്‍. ദി വെജിറ്റേറിയന്‍, ഹ്യൂമന്‍ ആക്ട് , ദി വൈറ്റ് ബുക്ക് , വി ഡുനോട്ട് പാര്‍ട് എന്നീ നോവലുകളും മൂന്ന് കഥാസമാഹാരങ്ങളും ലേഖന പരമ്പരകളും വിവര്‍ത്തനങ്ങളും ഹാന്‍ കാങ്ങിന്‍റേതായുണ്ട്.

2016-ലെ മാൻ ബുക്കർ ഇൻ്റർനാഷണൽ പ്രൈസ് നേടിയ “ദി വെജിറ്റേറിയൻ”, അതിൻ്റെ സാർവത്രികത കൊണ്ടും രചനാപരമായ സൗന്ദര്യം കൊണ്ടും ഏറെ ശ്രദ്ധേയമായ കൃതിയാണ്. ആധുനിക ദക്ഷിണ കൊറിയയിൽ ജീവിക്കുന്ന സാധാരണക്കാരായ യോങ്-ഹൈയുടേയും‌ അവളുടെ ഭർത്താവിന്‍റേയും കഥയാണിത്. ഭര്‍ത്താവ് മിതമായ അഭിലാഷങ്ങളും സൗമ്യമായ പെരുമാറ്റവുമുള്ള ഒരു ഓഫീസ് ജീവനക്കാരനാണ്; അവൾ കർത്തവ്യനിഷ്ഠയുള്ള ഭാര്യയാണ്. എന്നാൽ പിന്നീട് യോങ്-ഹൈയുടെ മാംസത്തോടുള്ള വിരോധവും പച്ചക്കറി ഭക്ഷണത്തോടുള്ള തീവ്രാരാധനയും സൃഷ്ടിക്കുന്ന പ്രശ്നങ്ങളാണ് നോവലിന്‍റെ കാതല്‍. അംഹിസയിലൂന്നിയ വെജിറ്റേറിയനിസം എങ്ങനെ ഹിംസയായി മാറുന്നുവെന്നത് ഹാന്‍ കാംഗ് പറഞ്ഞുവെക്കുന്നു.

ഇന്ത്യക്കാരായ വായനക്കാര്‍ക്ക് എളുപ്പം റിലേറ്റ് ചെയ്യാനാവുന്നതാണ് ഈ പ്രമേയം. വിവിധ ഭാഷകള്‍ക്കൊപ്പം സി.വി.ബാലകൃഷ്ണന്‍റെ വിവര്‍ത്തനത്തില്‍ മലയാളത്തിലും ഇത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ദേശീയവും അന്തര്‍ദ്ദേശീയവുമായ പല അംഗീകാരങ്ങളും ഹാനിന് ലഭിച്ചിട്ടുണ്ട്. അവയില്‍ പ്രധാനപ്പെട്ടവ ഇവയാണ്.

1. മാൻ ബുക്കർ ഇൻ്റർനാഷണൽ പ്രൈസ് (2016)
2. കൊറിയൻ സാഹിത്യ അവാർഡ് (2013)
3. ഹ്യുണ്ടായ് സാഹിത്യ സമ്മാനം (2015)
4. ഷെവലിയർ ഡി എൽ ഓർഡ്രെ ഡെസ് ആർട്സ് എറ്റ് ഡെസ് ലെറ്റേഴ്സ് (2019)

പല സാഹിത്യ ജേര്‍ണലുകളും പറയുന്നതുപോലെ ഹാന്‍കാങ്ങിന്‍റെ രചനകളുടെ സവിശേഷത അതിൻ്റെ കാവ്യാത്മകവും പരീക്ഷണാത്മകവുമായ ശൈലിയാണ്. പലപ്പോഴും മനുഷ്യൻ്റെ ദുർബലത, സാമൂഹിക ജീവിതത്തിന്‍റെ ആഘാതങ്ങള്‍ , ജീവിതത്തിൻ്റെയും മരണത്തിൻ്റെയും പരസ്പരബന്ധം എന്നിവയാണത്. അതുകൊണ്ട് തന്നെയാവണം അവ ലോകമെങ്ങും പ്രിയങ്കരമായി വായിക്കപ്പെടുന്നതും..

Latest