International
ഗസ്സയിലെ കുഞ്ഞു ഹനാന്‍ ചോദിക്കുന്നു; എവിടെയെന്റെ കാലുകള്‍?
പോളിയോക്കെതിരെ വാക്സീനെടുത്തു; പിന്നാലെ ബോംബുവര്‍ഷം
ദാര്‍ അല്‍ ബലാഹ് (ഗസ്സ) | എവിടെയെന്റെ കാലുകള്‍? മൂന്ന് വയസ്സുകാരി ഹനാന്‍ അല്‍ ദഖി നിഷ്‌കളങ്കമായി ചോദിക്കുന്നു. 22 മാസം മാത്രം പ്രായമുള്ള സഹോദരിക്കൊപ്പം ആശുപത്രിയില്‍ കഴിയുകയാണ് ഹനാന്‍. ബോംബാക്രമണത്തില്‍ പരുക്കേറ്റ രണ്ട് പേരുടെയും കാലുകള്‍ മുറിച്ചു മാറ്റേണ്ടി വന്നു. പിതാവിന്റെ സഹോദരി ശഫ അല്‍ ദഖിയാണ് കുഞ്ഞുങ്ങള്‍ക്ക് കൂട്ടിരിക്കുന്നത്. മാതാവ് ശൈമ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടു. പിതാവ് ഗുരുതര പരുക്കേറ്റ് ചികിത്സയിലാണ്.
സെപ്തംബര്‍ രണ്ടിന് അതിരാവിലെ തന്നെ ഇരു കുഞ്ഞുങ്ങളെയും മാതാവ് ശൈമ യു എന്‍ സെന്ററില്‍ കൊണ്ടുപോയി പോളിയോ വാക്സീനെടുപ്പിച്ചു. വാക്സീനേഷനായി ആക്രമണത്തില്‍ അയവു വരുത്തിയിരുന്നു ഇസ്റാഈല്‍. ഇത്തരം ഇടവേളകളിലായി ഗസ്സാ മുനമ്പില്‍ രണ്ട് മുതല്‍ പത്ത് വയസ്സ് വരെ പ്രായമുള്ള 4,48,425 കുട്ടികള്‍ക്ക് പോളിയോ വാക്സീനേഷന്‍ നല്‍കിയതായാണ് കഴിഞ്ഞ മാസം ലോകാരോഗ്യ സംഘടന അറിയിച്ചത്. അവരുടെ കാലുകള്‍ പോളിയോ വന്ന് തളരാതിരിക്കട്ടെയെന്നായിരുന്നു യു എന്‍ ഉദ്യോഗസ്ഥരുടെ വാക്കുകള്‍.
പോളിയോ വാക്സീന്‍ നല്‍കിയ പിറ്റേന്ന് സെപ്തംബര്‍ മൂന്നിന് തന്നെ ഇസ്റാഈല്‍ സൈന്യം രൂക്ഷമായ ബോംബിംഗ് തുടങ്ങി. ഹനാന്റെ വീട് ആക്രമണത്തില്‍ പൂര്‍ണമായും തകര്‍ന്നു. പോളിയോ നല്‍കി ‘സംരക്ഷിച്ച’ കാലുകള്‍ ഇന്നവള്‍ക്കില്ല. മാതാവുമില്ല. എന്റെ ഉമ്മയെവിടെ? എന്റെ കാലുകള്‍ എവിടെ?- ഹനാന്റെ ചോദ്യത്തിന് അവളുടെ അമ്മായി ശഫ അല്‍ ദഖി എന്ത് മറുപടി നല്‍കും?.