Connect with us

congress issue

പത്തനംതിട്ട ഡി സി സി ഓഫീസില്‍ കയ്യാങ്കളി: നേതാക്കള്‍ പരസ്പരം ഷര്‍ട്ട് വലിച്ചു കീറി

ഡി സി സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിലിന്റെ സാന്നിധ്യത്തിലായിരുന്നു കൈയാങ്കളിയുള്‍പ്പെടെ നടന്നത്

Published

|

Last Updated

പത്തനംതിട്ട | ഡി സി സി ഓഫീസില്‍ കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റി രൂപീകരണ യോഗത്തില്‍ നേതാക്കള്‍ തമ്മിലടിച്ചു. തുടര്‍ന്ന് അസഭ്യ വര്‍ഷവും വസ്ത്രം വലിച്ചു കീറലും. സംഭവത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റി ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ സലിം പി ചാക്കോയെ കോണ്‍ഗ്രസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു.

ഡി സി സി വൈസ് പ്രസിഡന്റ് അനില്‍ പി തോമസും സലിം പി ചാക്കോയും തമ്മിലാണ് ഉന്തും തള്ളുമുണ്ടായത്. തുടര്‍ന്ന് കൂട്ടയടിയും. ഡി സി സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിലിന്റെ സാന്നിധ്യത്തിലായിരുന്നു കൈയാങ്കളിയുള്‍പ്പെടെ നടന്നത്. കൂടലിലെ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വത്തില്‍ കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റി രൂപീകരണ ശില്പശാലയ്ക്ക് തീയതി നിശ്ചയിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. മണ്ഡലം പ്രസിഡന്റ് എസ് ബി സാജന്‍ തീയതി തീരുമാനിച്ചെങ്കിലും മണ്ഡലത്തിന്റെ ചുമതലയുള്ള അനില്‍ പി തോമസ് അത് സമ്മതിച്ചില്ല. തുടര്‍ന്ന് സാജനും അനിലും തമ്മില്‍ വാക്കേറ്റമായി. അതിനു ശേഷം സലിം പി ചാക്കോയും അനില്‍ തോമസുമായി വാക്കേറ്റം.

പാര്‍ട്ടികള്‍ പലതും മാറി വന്ന സലീം കുറെ കാലങ്ങളായി കോണ്‍ഗ്രസ് നേതാക്കളെ ഭരിക്കാന്‍ വരികയാണെന്നും ഇത് സമ്മതിച്ചു കൊടുക്കില്ലെന്നും അനില്‍ പറഞ്ഞു. തുടര്‍ന്നാണ് ഷര്‍ട്ട് വലിച്ചുകീറിയത്. ഡി സി സി ഭാരവാഹിയെ അസഭ്യം വിളിച്ചത് അംഗീകരിക്കില്ലെന്ന് പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. തുടര്‍ന്നാണ് സലീമിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. മൂന്ന് ദിവസത്തിനകം വിശദീകരണം നല്‍കിയില്ലെങ്കില്‍ പുറത്താക്കാനാണ് തീരുമാനം. ഇതിനിടെ സ്ഥാനം രാജിവച്ചതായി സലിം പി ചാക്കോ പറഞ്ഞു.

Latest