khadi
കൈത്തറി സ്‌കൂൾ യൂനിഫോം പദ്ധതി: ആറ് മാസമായി തൊഴിലാളികൾക്ക് കൂലിയില്ല
റിബേറ്റിനത്തിൽ കിട്ടാൻ 30 കോടി
കണ്ണൂർ | സംസ്ഥാനത്ത് കൈത്തറി വ്യവസായം കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ, വ്യവസായത്തെ സഹായിക്കാനായി ആരംഭിച്ച യൂനിഫോം പദ്ധതിയിൽ തൊഴിലാളികൾക്ക് ലഭിക്കാനുള്ള കൂലി ആറ് മാസമായി കുടിശ്ശിക. റിബേറ്റിനത്തിൽ കൈത്തറി സംഘങ്ങൾക്ക് നൽകാനുള്ളത് മുപ്പത് കോടി രൂപയും. പിടിച്ചു നിൽക്കാൻ പെടാപാട് നടത്തുന്ന കൈത്തറി മേഖലയെ കൂടുതൽ തകർച്ചയിലെത്തിക്കുന്നതാണ് ഇത്തരം സമീപനങ്ങളെന്ന് കേരള ഹാൻഡ് ലൂം വീവേഴ്സ് കോ- ഓപറേറ്റീവ് സൊസൈറ്റി അസ്സോസിയേഷൻ സംസ്ഥാന സെക്രട്ടറി എ വി ബാബു സിറാജിനോട് പറഞ്ഞു.
കൈത്തറി വ്യവസായം സംരക്ഷിക്കുന്നതിന് 2016 ലാണ് സ്‌കൂൾ യൂനിഫോം പദ്ധതി സർക്കാർ നടപ്പാക്കിയത്. പദ്ധതി പ്രകാരം രണ്ട് ആഴ്ചകൾ കൂടുമ്പോൾ കൂലി തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് എത്തിക്കുമെന്നായിരുന്നു പ്രഖ്യാപനം. തുണി നെയ്യുന്ന മീറ്റർ നോക്കിയാണ് കൂലി ലഭിക്കുന്നത്. എന്നാൽ, പദ്ധതി തുടങ്ങിയതിന് ശേഷം തൊഴിലാളികളുടെ കൂലി കൃത്യമായി ലഭിച്ചിരുന്നില്ല. മാത്രമല്ല നാലും അഞ്ചും മാസങ്ങളാണ് കൂലി കുടിശ്ശികയായത്. ഇപ്പോൾ കഴിഞ്ഞ മേയിലാണ് അവസാനമായി കൂലി ലഭിച്ചത്. ഇത് കാരണം തൊഴിലാളികൾക്ക് മറ്റ് ആനൂകൂല്യങ്ങളും കിട്ടുന്നില്ല.
പി എഫ്, ക്ഷേമനിധി തുടങ്ങിയവ കൃത്യമായി അടക്കാനാകുന്നില്ല. തൊഴിലാളികളുടെ കൂലി വർധിപ്പിക്കണമെന്ന ആവശ്യം തൊഴിലാളി സംഘടനകളിൽ നിന്ന് നിരന്തരം ഉയർന്നു വന്നിരുന്നുവെങ്കിലും ഇപ്പോഴും തുച്ഛമായ വേതനം മാത്രമാണ് ലഭിക്കുന്നത്. അതും മാസങ്ങളോളം കുടിശ്ശികയാകുന്നത് തൊഴിലാളികളെ പട്ടിണിയിലാക്കുകയാണ്. കൈത്തറി തൊഴിലാളികളുടെ പ്രശ്‌നങ്ങൾ സർക്കാർ ഗൗരവത്തിൽ കാണുന്നില്ലെന്ന് എ വി ബാബു പറയുന്നു. സ്‌കൂൾ യൂനിഫോം പദ്ധതി ആരംഭിക്കുമ്പോൾ 5,600 തൊഴിലാളികളുണ്ടായിരുന്നുവെങ്കിൽ കൂലി കുടിശ്ശികയാകുന്നത് സ്ഥിരം സംഭവമായി മാറിയതോടെ തൊഴിലാളികളുടെ എണ്ണം 3,500 ആയി ചുരുങ്ങി.
സ്ഥിരമായ തൊഴിലും കൂലിയും ലഭിക്കാതെയാണ് തൊഴിലാളികൾ രംഗം വിട്ടത്. കൈത്തറി സംഘങ്ങൾക്ക് 2017 മുതൽ റിബേറ്റ് തുക നൽകാനുണ്ട്. ഇതിന് പുറമെ തുണിത്തരങ്ങൾ വാങ്ങിയ വകയിൽ ഹാൻടെക്‌സും കൈത്തറി സംഘങ്ങൾക്ക് മുപ്പത് കോടി നൽകാനുണ്ട്. ഇതിന് പുറമേയാണ് കൈത്തറിക്ക് 12 ശതമാനം ജി എസ് ടി ഏർപ്പെടുത്തിയ തീരുമാനം. അഞ്ച് ശതമാനത്തിൽ നിന്നാണ് ഒറ്റയടിക്ക് 12 ശതമാനമാണ് വർധിപ്പിച്ചത്. നിലവിൽ ഖാദിക്ക് ജി എസ് ടി ഇല്ല. റിബേറ്റും കൂലിയും കുടിശ്ശികയായതോടെ പ്രതിസന്ധിയിലായ കൈത്തറി സംഘങ്ങൾക്ക് അസംസ്‌കൃത സാധനങ്ങളുടെ വിലക്കയറ്റവും വെല്ലുവിളിയാണ്. നൂലിന് 20 ശതമാനമാണ് വർധനയുണ്ടായിരിക്കുന്നത്. കൈത്തറി വ്യവസായത്തിന്റെ 80 ശതമാനവും സഹകരണ മേഖലയിലാണ് പ്രവർത്തിക്കുന്നത്. സംസ്ഥാനത്ത് 760 കൈത്തറി യൂനിറ്റുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും നിലവിൽ 450 ഓളം യൂനിറ്റുകൾ മാത്രമാണുള്ളത്. രണ്ടര ലക്ഷത്തോളം തൊഴിലാളികളുണ്ടായിരുന്ന കൈത്തറി മേഖലയിൽ ഇന്ന് തൊഴിലാളികളുടെ എണ്ണം മുപ്പതിനായിരത്തിൽ താഴെ മാത്രമാണ്.