From the print
ഹനീഫ് മൗലവി: സുന്നി സംഘടനകളുടെ കാവലാള്‍
സുന്നി യുവജനസംഘം രൂപംകൊണ്ട നാള്‍മുതല്‍ അതിന്റെ പ്രചാരകനായി രംഗത്തെത്തിയ ഹനീഫ് മൗലവിയുടെ ശ്രമഫലമായി തെക്കന്‍ കേരളത്തില്‍ സമസ്തക്കും സുന്നി സംഘടനകള്‍ക്കും നല്ല വേരോട്ടമുണ്ടായി.
ആലപ്പുഴ | സുന്നി സംഘടനയുടെ സാരഥ്യം ചെറുപ്രായത്തില്‍ തന്നെ കൈകളിലെത്തിയ ആലപ്പുഴ എം എം ഹനീഫ് മൗലവി സമസ്തയുടെ സമുന്നതരായ നേതാക്കള്‍ക്കടക്കം എല്ലാവര്‍ക്കും സുപരിചിതമായ നാമമാണ്. അവിഭക്ത സമസ്തയുടെ സമുന്നതരുമായി പ്രാസ്ഥാനികമായി നേരിട്ട് ബന്ധമുണ്ടായിരുന്ന ഹനീഫ് മൗലവി തെക്കന്‍ കേരളത്തില്‍ പ്രസ്ഥാനത്തിന് എക്കാലവും വേണ്ടപ്പെട്ടയാളായിരുന്നു. സുന്നി യുവജനസംഘം രൂപംകൊണ്ട നാള്‍മുതല്‍ അതിന്റെ പ്രചാരകനായി രംഗത്തെത്തിയ ഹനീഫ് മൗലവിയുടെ ശ്രമഫലമായി തെക്കന്‍ കേരളത്തില്‍ സമസ്തക്കും സുന്നി സംഘടനകള്‍ക്കും നല്ല വേരോട്ടമുണ്ടായി.
തെക്കന്‍ കേരളത്തില്‍ എസ് വൈ എസിന് ആദ്യ ജില്ലാ കമ്മിറ്റി രൂപം കൊള്ളുന്നത് ആലപ്പുഴയിലാണ്. തബ്ലീഗ് ആഭിമുഖ്യമുള്ള ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആധിപത്യത്തിലായിരുന്ന തെക്കന്‍ കേരളത്തെ സുന്നീ സംഘടനകള്‍ക്ക് വളരാന്‍ വളക്കൂറുള്ള മണ്ണായി ഉഴുതുമറിച്ചത് ഹനീഫ് മൗലവിയുടെ നിസ്വാര്‍ഥമായ പ്രചരണ പ്രവര്‍ത്തനങ്ങളാണ്.
ദക്ഷിണ കേരളത്തിലെ പ്രമുഖ യുവനേതാവായിരുന്ന ആലുവ എന്‍ എം ബാവ മൗലവിയെ സുന്നി സംഘടനയിലേക്ക് അടുപ്പിക്കുന്നതിലും എസ് വൈ എസിന്റെ സംസ്ഥാന നേതൃനിരയിലെത്തുന്നതിലും ഹനീഫ് മൗലവി നിര്‍ണായക പങ്ക് വഹിച്ചു. 1989ലെ ചരിത്ര പ്രസിദ്ധമായ എറണാകുളം സമ്മേളനത്തിന്റെ മുഖ്യസംഘാടകരിലൊരാളായി പ്രവര്‍ത്തിച്ചതോടെ സുന്നി സംഘടനയെ തെക്കന്‍കേരളത്തില്‍ ചുവടുറപ്പിക്കുന്നതില്‍ വ്യാപൃതനാകുകയായിരുന്നു അദ്ദേഹം.
സുന്നീ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നതിന് സംഘടനാ പ്രവര്‍ത്തകരില്‍ നിന്ന് പോലും പണപ്പിരിവ് നടത്താന്‍ അനുവദിച്ചിരുന്നില്ല. എല്ലാം തന്റെ സമ്പാദ്യത്തില്‍ നിന്ന് ചെലവഴിക്കുന്നതില്‍ അദ്ദേഹത്തിന് ഒട്ടും മടിയില്ലായിയിരുന്നു. സുന്നിവിരുദ്ധര്‍ക്ക് എമ്പാടും സ്ഥാപനങ്ങളുണ്ടായിരുന്നപ്പോള്‍, സുന്നികള്‍ക്കും സ്ഥാപനങ്ങള്‍ വേണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹം സഫലമാക്കിയത് സ്വന്തം വീടും ഭൂമിയും വിട്ടുനല്‍കിയാണ്. ജില്ലയിലെ ആദ്യ സുന്നീ സ്ഥാപനമായ മണ്ണഞ്ചേരിയിലെ ദാറുല്‍ഹുദാ ഇസ്ലാമിക് കോംപ്ലക്‌സ് പടുത്തുയര്‍ത്തുന്നതിനായി സ്വന്തം വീടും 20 സെന്റ് ഭൂമിയും വിട്ടു നല്‍കുകയും സ്ഥാപനം കെട്ടിപ്പെടുക്കുന്നതില്‍ ജീവിതാന്ത്യം വരെ അതിന്റെ പ്രസിഡന്റായിരുന്ന സയ്യിദ് ഫസല്‍ തങ്ങള്‍ ചേലാട്ടിനൊപ്പം കൈകോര്‍ത്തു നില്‍ക്കുകയും ചെയ്തു.
ജില്ലയിലെ ആദ്യ ഉന്നത മതവിദ്യാഭ്യാസ കേന്ദ്രം സ്ഥാപിക്കുന്നതിലും ഹനീഫ് മൗലവി തന്നെയാണ് മുന്‍കൈയെടുത്തത്. ആലപ്പുഴ നഗരത്തിലെ അസ്സയ്യിദ് ഹുസൈന്‍ മഹ്ദലി അറബിക് കോളജ് പതിറ്റാണ്ടുകളോളം ഈ രംഗത്ത് തലയുയര്‍ത്തി നിന്നു. മലബാറില്‍ നിന്നടക്കമുള്ള മഹാപണ്ഡിതര്‍ അധ്യാപനം നടത്തിയ അറബിക് കോളജ് അവിഭക്ത സമസ്ത ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു നടന്നുവന്നത്. ആലപ്പുഴ മഹ്ദലിയ്യ ഇപ്പോഴും സുന്നി സംഘടനകളുടെ ജില്ലാ ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്നു.
കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ ഉടലെടുത്തതോടെ വിശ്രമത്തിലും ചികിത്സയിലുമായിരുന്ന ഹനീഫ് മൗലവി കഴിഞ്ഞ രണ്ട് വര്‍ഷമായി സംഘടനാ പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നില്ല. എങ്കിലും ശയ്യാവലംബിയായ അദ്ദേഹം എല്ലാ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ബന്ധപ്പെട്ടവരോട് ചോദിച്ചറിയുകയും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. തീര്‍ത്തും അവശനായിരുന്ന അദ്ദേഹത്തെ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ് ഇബ്റാഹീം ഖലീലുല്‍ ബുഖാരിയടക്കം ഒട്ടേറേ നേതാക്കള്‍ സന്ദര്‍ശിച്ചിരുന്നു. ഏറ്റവുമൊടുവില്‍ മാനവസഞ്ചാരവുമായി ആലപ്പുഴയിലെത്തിയ എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. എ പി അബ്ദുല്‍ഹകീം അസ്ഹരിയും അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു.
അനുശോചന പ്രവാഹം
ആലപ്പുഴ | ഡോ. എം എം ഹനീഫ് മൗലവിയുടെ നിര്യാണത്തിൽ അനുശോചന പ്രവാഹം. എം എൽ എമാരായ എച്ച് സലാം, പി പി ചിത്തരഞ്ജൻ, മുൻ എം പിമാരായ എ എം ആരിഫ്, ഡോ. കെ എസ് മനോജ്, സിറാജ് കൊച്ചി യൂനിറ്റ് മാനേജർ ഫൈസൽ യൂസുഫ് എന്നിവർ ആദരാഞ്ജലികളർപ്പിച്ചു. ഹനീഫ് മൗലവിയുടെ നിര്യാണത്തിൽ കെ സി വേണുഗോപാൽ എം പി അനുശോചിച്ചു. സംസ്‌കാര ചടങ്ങിന് ശേഷം തെക്കേ മഹല്ലിൽ നടന്ന അനുസ്മരണ യോഗത്തിൽ മുൻ എം പി. എ എം ആരിഫ്, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് എ എം നസീർ, ജമാഅത്ത് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി കമാൽ എം മാക്കിയിൽ, സമസ്ത കേന്ദ്ര മുശാവറ അംഗം ഹാജി എ ത്വാഹാ മുസ്‌ലിയാർ, കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ്സയ്യിദ് എച്ച് അബ്ദുന്നാസർ തങ്ങൾ, ജില്ലാ ജനറൽ സെക്രട്ടറി എസ് നസീർ ഹാജി, സയ്യിദ് പി എം എസ് എ ആറ്റക്കോയ തങ്ങൾ സംസാരിച്ചു.