From the print
ഓർമയിൽ ഹനിയ്യ; മയ്യിത്ത് ദോഹയിൽ കബറടക്കി
മയ്യിത്ത് നിസ്‌കാരത്തിൽ അറബ്, ഇസ്‌ലാമിക നേതാക്കൾ പങ്കെടുത്തു
ദോഹ | ഇറാനിൽ കൊല്ലപ്പെട്ട ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യയുടെ മയ്യിത്ത് ഖത്വറിൽ ഖബറടക്കി. തലസ്ഥാനമായ ദോഹയിലെ ഇമാം മുഹമ്മദ് ബിൻ അബ്ദുൽ അൽ വഹാബ് മസ്ജിദിൽ മയ്യിത്ത് നിസ്‌കാരത്തിൽ വിവിധ രാഷ്ട്ര നേതാക്കളടക്കം ആയിരങ്ങൾ പങ്കെടുത്തു. കൊല്ലപ്പെട്ട അംഗരക്ഷകന്റെ മയ്യിത്ത് നിസ്‌കാരവും ഇതോടൊപ്പം നടന്നു. ശേഷം ലുസൈലിലെ റോയൽ ഖബർസ്ഥാനിൽ മയ്യിത്ത് കബറടക്കി. ജുമുഅ നിസ്‌കാരത്തിനു ശേഷം ഇമാം മുഹമ്മദ് ബിൻ അബ്ദുൽ അൽ വഹാബ് മസ്ജിദിൽ പ്രത്യേക പ്രാർഥനയും നടന്നു.
ഹമാസ് രാഷ്ട്രീയ ഓഫീസിലെ മറ്റ് അംഗങ്ങൾക്കൊപ്പം കുറേ നാളുകളായി ദോഹയിലായിരുന്നു ഇസ്മാഈൽ ഹനിയ്യ താമസിച്ചിരുന്നത്.
ഹമാസിന്റെ പുതിയ മേധാവിയാകുമെന്ന് കരുതപ്പെടുന്ന ഖാലിദ് മിഷാൽ, ഖത്വർ ഭരണാധികാരി ശൈഖ് തമീം ബിൻ ഹമദ് അൽതാനി തുടങ്ങി മയ്യിത്ത് നിസ്‌കാരത്തിൽ അറബ്, ഇസ്‌ലാമിക നേതാക്കളും മറ്റ് ഫലസ്തീൻ വിഭാഗങ്ങളുടെ പ്രതിനിധികളും പൊതുജനങ്ങളും പങ്കെടുത്തു.
തുർക്കിയ നഗരമായ ഇസ്താംബൂളിലെ ഹാഗിയ സോഫിയ മസ്ജിദ്, ഇന്തോനേഷ്യയിലെ ജക്കാർത്ത ഇസ്തിഖ്‌ലാൽ മസ്ജിദ്, ഇസ്‌ലാമാബാദിലെ പാർലിമെന്റ് ഹൗസ്, യമൻ തലസ്ഥാനമായ സൻആ, ലബനാനിലെ ബെയ്‌റൂത്ത്, മലേഷ്യയിലെ ക്വാലാലംപൂർ തുടങ്ങി വിവിധ ലോക നഗരങ്ങളിൽ ഇസ്മാഈൽ ഹനിയ്യയുടെ പേരിൽ നടന്ന മയ്യിത്ത് നിസ്‌കാരത്തിൽ പതിനായിരങ്ങൾ പങ്കെടുത്തു.
ചൊവ്വാഴ്ച ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ ഇറാനിലെത്തിയ ഹനിയ്യ ബുധാഴ്ച പുലർച്ചെ തെഹ്‌റാനിലെ താമസസ്ഥലത്തിന് നേരെയുണ്ടായ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്.