Connect with us

Kerala

പാര്‍ട്ടി തീരുമാനത്തില്‍ സന്തോഷം,തന്റെ മന്ത്രിസ്ഥാനം വയനാട് ഉപതിരഞ്ഞെടുപ്പില്‍ ഗുണം ചെയ്‌തേക്കും; ഒ ആര്‍ കേളു

പട്ടിക ജാതി പട്ടിക വര്‍ഗ മേഖലകളില്‍ എല്‍ഡിഎഫ് മുന്നോട്ടു വെച്ച നയങ്ങള്‍ നടപ്പിലാക്കും

Published

|

Last Updated

തിരുവനന്തപുരം | തന്നെ പട്ടികജാതി ക്ഷേമവകുപ്പ് മന്ത്രിയാക്കിയ പാര്‍ട്ടി തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് ഒ ആര്‍ കേളു. ഉത്തരവാദിത്തമുള്ള കാര്യമാണ് തന്നെ ഏല്‍പ്പിച്ചത്. പട്ടിക ജാതി പട്ടിക വര്‍ഗ മേഖലകളില്‍ എല്‍ഡിഎഫ് മുന്നോട്ടു വെച്ച നയങ്ങള്‍ നടപ്പിലാക്കും. അടിസ്ഥാന സൗകര്യ വികസനത്തിനും ആദിവാസി വിഭാഗങ്ങളുടെ വിദ്യാഭ്യാസത്തിനും ഊന്നല്‍ നല്‍കുമെന്നും വയനാട്ടില്‍ ആദിവാസി വിഭാഗങ്ങളുടെ പ്രശ്‌നങ്ങളും വന്യജീവി പ്രശ്‌നങ്ങളുമാണ് പ്രധാന വിഷയമെന്നും അദ്ദേഹം പറഞ്ഞു.

കെ രാധാകൃഷ്ണന്‍ കൈകാര്യം ചെയ്തിരുന്ന വകുപ്പുകളില്‍ പട്ടികജാതി പട്ടിക വര്‍ഗം മാത്രമാണ് കെ കേളുവിന് ലഭിക്കുകയുള്ളുവല്ലോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് തനിക്ക് പരിചയക്കുറവുണ്ട് .പാര്‍ലമെന്ററി കാര്യ വകുപ്പില്‍ പരിചയമുള്ള ആള്‍ക്കാര്‍ വരണം .അതാണ് ശരിയെന്നായിരുന്നു കേളുവിന്റെ പ്രതികരണം.

അതേസമയം ലോക്‌സഭ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം പിന്നോട്ടുപോയെന്നും വരുന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ചിലപ്പോള്‍ മുന്നേറ്റമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്നും കേളു കൂട്ടിച്ചേര്‍ത്തു.

വയനാട്ടില്‍ നിന്നുള്ള ആദ്യ സിപിഎം മന്ത്രിയാണ് ഒ ആര്‍ കേളു. ആദിവാസി ഗോത്ര വിഭാഗമായ കുറിച്യ സമുദായത്തില്‍പ്പെട്ടയാളാണ് 53 കാരനായ കേളു. തുടര്‍ച്ചയായി 10 വര്‍ഷം തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റായിരുന്നു. 5വര്‍ഷം തിരുനെല്ലി പഞ്ചായത്ത് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

രാധാകൃഷ്ണന്‍ കൈകാര്യം ചെയ്തിരുന്ന ദേവസ്വം വകുപ്പ് വി എന്‍ വാസവനും പാര്‍ലമെന്ററി കാര്യ വകുപ്പ് എംബി രാജേഷിനും നല്‍കാനും തീരുമാനിച്ചതായാണ് സൂചന.

Latest