Connect with us

Kerala

ഹര്‍ ഘര്‍ തിരംഗ: വീടുകളിൽ ശനിയാഴ്ച മുതൽ ദേശീയ പതാക ഉയർത്താം; ശ്രദ്ധിക്കണം ഈ കാര്യങ്ങൾ

വീടുകളിൽ ദേശീയ പതാക ഉയർത്തുമ്പോൾ ഈ മൂന്നു ദിവസം രാത്രി താഴ്ത്തേണ്ടതില്ല.

Published

|

Last Updated

തിരുവനന്തപുരം | സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി വീടുകളിൽ ദേശീയ പതാക ഉയർത്താനുള്ള ‘ഹർ ഘർ തിരംഗ’യ്ക്കു ശനിയാഴ്ച തുടക്കമാകും. ശനിയാഴ്ച മുതൽ ഓഗസ്റ്റ് 15 വരെ സംസ്ഥാനത്തെ വീടുകളിലും സർക്കാർ, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലും സർക്കാർ കെട്ടിടങ്ങൾ, പൗരസമൂഹങ്ങൾ, സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും ദേശീയ പതാക ഉയർത്തും. വീടുകളിൽ ദേശീയ പതാക ഉയർത്തുമ്പോൾ ഈ മൂന്നു ദിവസം രാത്രി താഴ്ത്തേണ്ടതില്ല.

സംസ്ഥാന സർക്കാർ ജീവനക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ, സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവക്കാർ തുടങ്ങിയവർ അവരവരുടെ വസതികളിൽ ദേശീയ പതാക ഉയർത്തണമെന്നു ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി അഭ്യർഥിച്ചു. ഫ്ളാഗ് കോഡിലെ നിർദേശങ്ങൾ കർശനമായി പാലിച്ചാകണം ദേശീയ പതാക ഉയർത്തേണ്ടത്.

ദേശീയ പതാക ഉയർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

  • കോട്ടൺ, പോളിസ്റ്റർ, കമ്പിളി, സിൽക്ക്, ഖാദി തുണി എന്നിവ ഉപയോഗിച്ചു കൈകൊണ്ടു നൂൽക്കുന്നതോ നെയ്തതോ മെഷീനിൽ നിർമിച്ചതോ ആയ ദേശീയ പതാക ഉപയോഗിക്കണം.
  • ദേശീയ പതാക ദീർഘചതുരാകൃതിയിലായിരിക്കണം. ഏതു വലുപ്പവും ആകാം, എന്നാൽ പതാകയുടെ നീളവും ഉയരവും (വീതി) തമ്മിലുള്ള അനുപാതം 3:2 ആയിരിക്കണം.
  • പതാക പ്രദർശിപ്പിക്കുമ്പോഴെല്ലാം ആദരവോടെയും വ്യക്തതയോടെയുമാകണം സ്ഥാപിക്കേണ്ടത്.
  • കേടുപാടുള്ളതോ വൃത്തിയില്ലാത്തതോ കീറിയതോ ആയ പതാക ഉയർത്താൻ പാടില്ല.
  • മറ്റേതെങ്കിലും പതാകയ്ക്കൊപ്പം ഒരേസമയം ഒരു കൊടിമരത്തിൽ ദേശീയ പതാക ഉയർത്താൻ പാടില്ല.
  • തലതിരിഞ്ഞ രീതിയിൽ ദേശീയ പതാക പ്രദർശിപ്പിക്കരുത്.
  • തോരണം, റോസെറ്റ് തുടങ്ങിയ അലങ്കാര രൂപത്തിൽ ഉപയോഗിക്കരുത്.
  • പതാക തറയിലോ നിലത്തോ തൊടാൻ അനുവദിക്കരുത്.
  • പതാകയിൽ എഴുത്തുകൾ പാടില്ല.
  • കെട്ടിടങ്ങളുടെ മുൻവശത്തോ ജനൽപ്പാളിയിലോ ബാൽക്കണിയിലോ തിരശ്ചീനമായി ദേശീയ പതാക പ്രദർശിപ്പിക്കുമ്പോൾ സാഫ്റോൺ ബാൻഡ് ദണ്ഡിന്റെ അറ്റത്ത് വരത്തക്കവിധമാണ് കെട്ടേണ്ടത്.
  • രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ഗവർണർമാർ തുടങ്ങിയ ഫ്ളാഗ് കോഡിൽ പരാമർശിച്ചിരിക്കുന്ന വിശിഷ്ട വ്യക്തികളുടേതൊഴികെ ഒരു വാഹനത്തിലും പതാക ഉയർത്താൻ പാടില്ല.
  • മറ്റേതെങ്കിലും പതാക ദേശീയ പതാകയ്ക്കു മുകളിലായോ അരികിലോ സ്ഥാപിക്കരുത്.

ഈ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ അറിയിച്ചടു. ജില്ലാതലങ്ങളിൽ പരിപാടിയുടെ ഏകോപനവും മേൽനോട്ടവും ജില്ലാ കളക്ടർമാർ നിർവഹിക്കണമെന്നും ചീഫ് സെക്രട്ടറി നിർദേശിച്ചു.

ഹർ ഘർ തിരംഗയ്ക്ക് ഉപയോഗിക്കുന്നതിനായി കുടുംബശ്രീ മുഖേന ദേശീയ പതാകയുടെ നിർമാണവും വിപണനവും ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ പോസ്റ്റ് ഓഫിസുകളിലും 25 രൂപ നിരക്കിൽ ദേശീയ പതാകകൾ ലഭിക്കും. ഇ-പോസ്റ്റ് ഓഫിസ് പോർട്ടൽ മുഖേന ഓൺലൈനായും വാങ്ങാം.

Latest