Connect with us

National

ഹർ ഘർ തിരംഗ; പത്ത് ദിവസം കൊണ്ട് തപാൽ വകുപ്പ് വിറ്റഴിച്ചത് ഒരു കോടിയിലധികം ദേശീയ പതാകകൾ

25 രൂപ ഒരു പതാകയ്ക്ക് എന്ന കുറഞ്ഞ നിരക്കിലാണ് തപാൽവകുപ്പ് പതാകകൾ വിറ്റത്

Published

|

Last Updated

ന്യൂഡൽഹി | പത്ത് ദിവസത്തിനുള്ളിൽ ഇന്ത്യൻ തപാൽ വകുപ്പ് ഒരു കോടിയിലധികം ദേശീയ പതാകകൾ വിറ്റഴിച്ചു. ഇന്ത്യ പോസ്റ്റിന്റെ ഒന്നര ലക്ഷം ഔട്ട്ലെറ്റുകൾ വഴിയും ഓൺലെെനിലൂടെയുമാണ് ഇത്രയും പതാകകൾ വിറ്റഴിച്ചതെന്ന് വാർത്താവിനിമയ മന്ത്രാലയം അറിയിച്ചു. വീടുകളിൽ ദേശീയ പതാക ഉയർത്തുന്ന ഹർ ഘർ തിരംഗ ക്യാമ്പയിന്റെ ഭാഗമായായിരുന്നു വിൽപന.

25 രൂപ ഒരു പതാകയ്ക്ക് എന്ന കുറഞ്ഞ നിരക്കിലാണ് തപാൽവകുപ്പ് പതാകകൾ വിറ്റത്. ഓൺലൈൻ വിൽപ്പനയിലൂടെ രാജ്യത്തുടനീളമുള്ള ഏത് വിലാസത്തിലും പതാക, ഡെലിവറി ചാർജ് ഇല്ലാതെ തപാൽ വകുപ്പ് എത്തിക്കുന്നുണ്ട്. ഇ- പോസ്റ്റ് ഓഫീസ് സൗകര്യം വഴി 1.75 ലക്ഷത്തിലധികം പതാകകൾ പൗരന്മാർ ഓൺലൈനായി വാങ്ങി.

പ്രഭാത ഭേരി, ബൈക്ക് റാലി, ചൗപൽ സഭകൾ എന്നിവയിലൂടെ രാജ്യത്തുടനീളമുള്ള 4.2 ലക്ഷം തപാൽ ജീവനക്കാർ, നഗരങ്ങളിലും പട്ടണങ്ങളിലും ഗ്രാമങ്ങളിലും അതിർത്തി പ്രദേശങ്ങളിലും പർവതപ്രദേശങ്ങളിലും ആദിവാസി മേഖലകളിലും തുടങ്ങി എല്ലായിടത്തും “ഹർ ഘർ തിരംഗ” എന്ന സന്ദേശം പ്രചരിപ്പിച്ചു. സമൂഹ മാധ്യമങ്ങളിലൂടെയും തപാൽ വകുപ്പ് പരിപാടിയുടെ ബോധവത്കരണം നടത്തുന്നു.

പോസ്റ്റ് ഓഫീസുകൾ വഴിയുള്ള ദേശീയ പതാകയുടെ വിൽപ്പന 2022 ഓഗസ്റ്റ് 15 വരെ ലഭ്യമാണ്. പൗരന്മാർക്ക് അടുത്തുള്ള തപാൽ ഓഫീസോ ഇ- പോസ്റ്റ് ഓഫീസ് പോർട്ടലോ (epostoffice.gov.in) സന്ദർശിച്ച് ദേശീയ പതാക വാങ്ങി “ഹർ ഘർ തിരംഗ” പ്രചാരണ പരിപാടിയുടെ ഭാഗമാകാം. പൗരന്മാർക്ക് പതാകയ്‌ക്കൊപ്പം ഒരു സെൽഫിയെടുക്കാനും അത് www.harghartiranga.com -ൽ അപ്‌ലോഡ് ചെയ്യാനും അവരുടെ പങ്കാളിത്തം രജിസ്റ്റർ ചെയ്യാനും കഴിയും.