From the print
പീഡന പരാതി; സിദ്ദീഖിനായി വ്യാപക പരിശോധന
മകന്റെ സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്തെന്ന് പരാതി • ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും
കൊച്ചി | പീഡനക്കേസിൽ നടൻ സിദ്ദീഖ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് സുപ്രീം കോടതി പരിഗണിക്കാനിരിക്കെ സിദ്ദീഖിനായി ഇന്നലെ കൊച്ചിയിൽ അന്വേഷണ സംഘം പരിശോധന വ്യാപിപ്പിച്ചു. സിദ്ദീഖ് കൊച്ചിയിൽ തന്നെയുണ്ടെന്ന നിഗമനത്തിലാണ് പരിശോധന വ്യാപിപ്പിച്ചത്.
സിദ്ദീഖിനെ പിടികൂടാൻ ലുക്കൗട്ട് നോട്ടീസ് അടക്കം അന്വേഷണ സംഘം പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഇത് പോലീസിന്റെ പ്രഹസനമായിരുന്നുവെന്നും ജാമ്യം തള്ളിയ ദിവസം മുതൽ സിദ്ദീഖ് കൊച്ചിയിൽ ഉണ്ടായിരുന്നുവെന്നും ആരോപണമുയർന്നിട്ടുണ്ട്.
ഹോട്ടലുകൾ കേന്ദ്രീകരിച്ചായിരുന്നു സിദ്ദീഖിനായി പോലീസിന്റെ അന്വേഷണം. നടന്റെ സുഹൃത്തുക്കളുടെ വീടുകളും പോലീസ് നിരീക്ഷണത്തിലായിരുന്നു. ഇതിനിടെ, സിദ്ദീഖിന്റെ മകന്റെ സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയിലെടുത്തെന്ന പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി.
സിദ്ദീഖിന്റെ മകൻ ശഹീൻ സിദ്ദീഖിന്റെ സുഹൃത്തുക്കളായ നാഹി, പോൾ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ പുലർച്ചെ 4.15നും 5.15നും ഇടയിൽ വീടുകളിലെത്തി ഇവരെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു.
സിദ്ദീഖ് എവിടെയെന്നു ചോദിച്ചാണ് പോലീസ് സംഘം ഇവരെ കസ്റ്റഡിയിലെടുത്തതെന്നാണ് ഇവർ പറയുന്നത്. എന്നാൽ തങ്ങൾ ആരെയും കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്നും മൊഴി രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചെന്നും പോലീസ് വ്യക്തമാക്കി. എപ്പോൾ വിളിച്ചാലും ഹാജരാകാമെന്ന ഉപാധിയോടെ ആണ് വിട്ടയച്ചതെന്നും പോലീസ് വിശദീകരിച്ചു. പോലീസ് കസ്റ്റഡിക്കെതിരെ ബന്ധുക്കൾ കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്.
കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം തന്നെ ഭീഷണിപ്പെടുത്തിയെന്ന് സിദ്ദീഖിന്റെ മകൻ ശഹീൻ സിദ്ദീഖും ആരോപിച്ചു.
അതേസമയം, സുപ്രീം കോടതിയിൽ ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ എന്നിവർ അടങ്ങിയ ബഞ്ചാണ് സിദ്ദീഖിന്റെ കേസ് പരിഗണിക്കുകയെന്ന് സൂചന. കേസിൽ ഹൈക്കോടതി മുൻകൂർജാമ്യം തള്ളിയതിനെ തുടർന്നാണ് സിദ്ദീഖ് സുപ്രീം കോടതിയെ സമീപിച്ചത്.
സിദ്ദീഖിന്റെ ജാമ്യഹരജി ഇന്ന് പരിഗണിക്കുന്ന സാഹചര്യത്തിൽ കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് എസ് പി മെറിൻ ജോസഫ് ഡൽഹിയിലെത്തി സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാറിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തി. മുൻ സോളിസിറ്റർ ജനറൽ രഞ്ജിത്ത് കുമാർ ആയിരിക്കും സുപ്രീം കോടതിയിൽ സർക്കാറിന് വേണ്ടി ഹാജരാകുകയെന്നാണ് സൂചന.
സിദ്ദീഖ് നിയമത്തെ വെല്ലുവിളിക്കുകയാണെന്നും ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയിട്ടും ഉന്നതരുടെ തണലിൽ നിയമത്തെ അംഗീകരിക്കാൻ മടികാണിച്ച് ഒളിച്ചിരിക്കുകയാണെന്നും അറിയിച്ച് സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ട്. ഇതുസംബന്ധിച്ച് ലഭിച്ച വിവരങ്ങളടക്കം സിദ്ദീഖിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ കോടതിയെ അറിയിക്കും.
ഇതുവരെയും സിദ്ദീഖിനെ അറസ്റ്റ് ചെയ്യാനാകാത്തതിൽ ആക്ഷേപമുയരുന്നതിനിടെയാണ് സർക്കാറിന്റെ പുതിയ നീക്കം. ജനങ്ങളെ സ്വാധീനിക്കാൻ കഴിയുന്ന സിദ്ദീഖിനെ പോലെയുള്ള ഉന്നതർ നിയമത്തെ വെല്ലുവിളിക്കുന്നുവെന്നും ജാമ്യം തള്ളണമെന്നുമാണ് സർക്കാറിന്റെ വാദം. ലുക്കൗട്ട് നോട്ടീസും മറ്റു സംസ്ഥാനങ്ങളിൽ പത്രങ്ങളിൽ പരസ്യം നൽകിയതുൾപ്പെടെ വിവരങ്ങളും കോടതിയെ ധരിപ്പിക്കും.
സംസ്ഥാന സർക്കാറിന് പുറമേ പരാതിക്കാരിയും ഒരു അഭിഭാഷകനും സിദ്ദീഖിന്റെ മുൻകൂർ ജാമ്യഹരജിക്കെതിരെ തടസ്സവാദം ഉന്നയിച്ച് ഹരജി നൽകിയിട്ടുണ്ട്.