Connect with us

From the print

പീഡന പരാതി: സിദ്ദീഖിനായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

കേസിന് പിന്നില്‍ സംഘടനാ പോരെന്ന് സിദ്ദീഖ്.

Published

|

Last Updated

കൊച്ചി | ഹൈക്കോടതി മുന്‍കൂര്‍ ജാമ്യഹരജി തള്ളി മൂന്ന് ദിവസമായിട്ടും നടന്‍ സിദ്ദീഖിനെ കണ്ടെത്താനാകാതെ പോലീസ്.അന്വേഷണം ഊര്‍ജിതമാക്കിയ പോലീസ് സിദ്ദീഖിനായി സംസ്ഥാനത്തെ എല്ലായിടങ്ങളിലേക്കും പരിശോധന വ്യാപിപ്പിച്ചു. ഇതുകൂടാതെ എല്ലാ സംസ്ഥാന പോലീസ് മേധാവികള്‍ക്കും ലുക്ക് ഔട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഫോട്ടോ സഹിതം എല്ലാ സ്റ്റേഷനിലും നോട്ടീസ് പതിക്കണമെന്ന് ജില്ലാ പോലീസ് മേധാവിക്കും നിര്‍ദേശം നല്‍കി.

അതേസമയം, അഭിനേതാക്കളുടെ സംഘടനയായ എ എം എം എയും സ്ത്രീ അഭിനേതാക്കളുടെ കൂട്ടായ്മയായ ഡബ്ല്യൂ സി സിയും തമ്മിലുള്ള പോരാണ് തനിക്കെതിരായ ബലാത്സംഗക്കേസിന് പിന്നിലെന്ന് നടന്‍ സിദ്ദീഖ് സുപ്രീം കോടതിയില്‍ ബോധിപ്പിച്ചു. ബലാത്സംഗക്കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് വാദം. പരാതിക്കാരി ഉന്നയിച്ച കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ തന്നെ കസ്റ്റഡിയിലെടുക്കാനാകില്ലെന്നും ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത് മുന്‍ സുപ്രീം കോടതി വിധികള്‍ക്കെതിരാണെന്നും സിദ്ദീഖ് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. ശരിയായ അന്വേഷണം നടത്താതെയാണ് തന്നെ പ്രതിയാക്കിയത്.

ആരോപിക്കപ്പെടുന്ന സംഭവം നടന്ന് എട്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ പരാതിയുമായി എത്തിയതില്‍ അസ്വാഭാവികതയുണ്ട്. പേരക്കുട്ടി അടക്കമുള്ള കുടുംബത്തിലെ 65 വയസ്സുള്ള മുതിര്‍ന്ന അംഗമാണ് താന്‍. നിരവധി പുരസ്‌കാരങ്ങളും അംഗീകാരവും ലഭിച്ച തന്റെ പേരില്‍ മറ്റു ക്രിമിനല്‍ കേസ് ഇല്ലെന്നും സിദ്ദീഖ് ചൂണ്ടിക്കാട്ടി.

ഹേമ കമ്മിറ്റി റിപോര്‍ട്ട് പുറത്തു വന്നതിന് ശേഷം എ എം എം എയുടെ നേതൃനിരയില്‍ ഉണ്ടായിരുന്നവരെ ലക്ഷ്യമിട്ടാണ് ആരോപണവും കേസുകളും. ഇതൊന്നും ആകസ്മികമായി സംഭവിച്ചതല്ലെന്ന് സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ വിശ്വസിക്കുന്നുവെന്നും ജാമ്യാപേക്ഷയിലുണ്ട്.

പരാതിക്കാരിയുടെ പരസ്പര വിരുദ്ധമായ ആരോപണങ്ങള്‍ ഹൈക്കോടതി പരിഗണിച്ചില്ല. അതിജീവിതക്ക് തന്നില്‍ നിന്ന് ഭീഷണിയുണ്ടെന്ന വാദത്തിന് തെളിവുകളില്ല. ഭയം കൊണ്ടാണ് പരാതി നല്‍കാത്തത് എന്ന വാദവും നിലനില്‍ക്കില്ല. പരാതിക്കാരി സോഷ്യല്‍ മീഡിയയില്‍ ആരോപണം ഉന്നയിച്ചപ്പോള്‍ ബലാത്സംഗം എന്ന് പറഞ്ഞിരുന്നില്ല. ഇക്കാര്യം ഹൈക്കോടതി പരിഗണിച്ചില്ലെന്നും സിദ്ദീഖ് ഹരജയില്‍ പറയുന്നു.

മുന്‍കൂര്‍ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സിദ്ദീഖിന്റെ അഭിഭാഷക രഞ്ജിത റോഹ്തഗി സുപ്രീം കോടതി രജിസ്ട്രാര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. അതേസമയം, സിദ്ദീഖിന്റെ മൂന്‍കൂര്‍ ജാമ്യാപേക്ഷക്കെതിരെ സുപ്രീംകോടതിയില്‍ അഭിഭാഷകന്‍ അജീഷ് കളത്തിലും തടസ്സഹരജി നല്‍കി. ആരോപണമുന്നയിച്ച നടിയും സുപ്രീം കോടതിയില്‍ തടസ്സ ഹരജി നല്‍കിയിട്ടുണ്ട്.

 

Latest