molestation
മെഡി.കോളജിലെ പീഡനം: പരാതി പിൻവലിക്കാൻ ആശുപത്രി ജീവനക്കാരുടെ സമ്മർദം
പീഡന പരാതി പിൻവലിച്ചാൽ നഷ്ടപരിഹാരം ആണ് വാഗ്ദാനം ചെയ്യുന്നതെന്നും ഭർത്താവ് പറഞ്ഞു.
കോഴിക്കോട് | ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ അറ്റൻഡർ പീഡിപ്പിച്ച സംഭവത്തിൽ പരാതി പിൻവലിപ്പിക്കാൻ സമ്മർദം. പ്രതിയുടെ സഹപ്രവർത്തകരായ വനിതാ ജീവനക്കാരാണ് സമ്മർദപ്പെടുത്തുന്നതെന്ന് യുവതിയുടെ ഭർത്താവ് മെഡി.കോളജ് സൂപ്രണ്ടിന് രേഖാമൂലം പരാതി നൽകി. യുവതിക്ക് മാനസിക രോഗമുണ്ടെന്ന് പറഞ്ഞുപരത്തുന്നതായും പരാതിയിലുണ്ട്.
അറ്റൻഡർ തസ്തികയിലുള്ള 15 ഓളം വനിതാ ജീവനക്കാരാണ് തന്നെ സമീപിച്ചതെന്ന് ഭർത്താവ് പറഞ്ഞു. രണ്ട് ദിവസമായി വാർഡിൽ വന്നാണ് സമ്മർദം ചെലുത്തുന്നത്. പീഡന പരാതി പിൻവലിച്ചാൽ നഷ്ടപരിഹാരം ആണ് വാഗ്ദാനം ചെയ്യുന്നതെന്നും ഭർത്താവ് പറഞ്ഞു. ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ഐ സി യുവിനുള്ളിൽ വെച്ചാണ് അറ്റൻഡർ വടകര സ്വദേശി ശശീന്ദ്രൻ പീഡിപ്പിച്ചത്. അനസ്തേഷ്യ നൽകിയിരുന്നതിനാൽ മയക്കം പൂർണമായും മാറാത്ത അവസ്ഥയിലായിരുന്നു യുവതി.
അതിനിടെ, സംഭവത്തിൽ ആശുപത്രിയിലെ 16 നഴ്‌സുമാരിൽ നിന്ന് മൊഴിയെടുത്തു. പരാതി നൽകിയ സ്ത്രീയുടെ രഹസ്യ മൊഴിയും പോലീസ് രേഖപ്പെടുത്തും. സ്ത്രീയുടെ വസ്ത്രങ്ങൾ സ്ഥലം മാറിക്കിടക്കുന്നത് കണ്ടപ്പോൾ എന്താണ് അങ്ങനെ സംഭവിച്ചതെന്ന് ചോദിച്ചതായി ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സ് പോലീസിനോട് വ്യക്തമാക്കി. എന്നാൽ, രോഗിക്ക് യൂറിൻ ബേഗ് ഉണ്ടോയെന്ന് പരിശോധിച്ചതാണെന്ന് അറ്റൻഡർ പറഞ്ഞുവെന്നും നഴ്‌സ് പറഞ്ഞു. നേരത്തേ ആശുപത്രിയിലെ ഒരു നഴ്‌സിനോട് മോശമായി പെരുമാറിയെന്ന പരാതിയും പോലീസിന് ലഭിച്ചിട്ടുണ്ട്.
തൈറോയ്ഡ് സംബന്ധമായ ശസ്ത്രക്രിയക്ക് ശേഷം സർജിക്കൽ ഐ സി യുവിൽ കഴിഞ്ഞ ശനിയാഴ്ചയാണ് ലൈംഗികാതിക്രമമുണ്ടായത്. മയക്കം പൂർണമായും മാറാത്ത അവസ്ഥയിൽ കാക്കി വസ്ത്രം ധരിച്ച ആൾ തന്റെ സ്വകാര്യ ഭാഗങ്ങളിൽ മനഃപൂർവം സ്പർശിച്ചുവെന്നാണ് യുവതി നൽകിയ പരാതി.
ബോധം തിരിച്ചുകിട്ടിയ ശേഷം നഴ്‌സിനോടാണ് സ്ത്രീ പരാതി പറഞ്ഞത്. സംഭവത്തിൽ ആശുപത്രിയിലെ ഗ്രേഡ് വൺ അറ്റൻഡർ വടകര മയ്യന്നൂർ സ്വദേശി എം എം ശശീന്ദ്രനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും മെഡി.കോളജ് പോലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി.