Connect with us

congress workers attack media

മാധ്യമ പ്രവര്‍ത്തകര്‍ക്ക് മര്‍ദനം; കോണ്‍ഗ്രസ്സ് നേതാക്കളുടെ വീട്ടില്‍ റെയ്ഡ്

അന്വേഷണ ചുമതലയുള്ള കസബ സി ഐ. എന്‍ പ്രജീഷിന്റെ നേതൃത്വത്തിലായിരുന്നു നടപടി

Published

|

Last Updated

കോഴിക്കോട് | കോണ്‍ഗ്രസ്സ് ഗ്രൂപ്പ് യോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ തേടി പോലീസ്.

മാധ്യമ പ്രവര്‍ത്തകയുടെ കൈക്ക് കയറിപ്പിടിച്ചെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ ഫറോക്ക് ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റും രാമനാട്ടുകര മുനിസിപ്പല്‍ വൈസ് ചെയര്‍മാനുമായ കെ സുരേഷിന്റെ വീട്ടില്‍ പോലീസ് ഇന്നലെ റെയ്ഡ് നടത്തി.

അന്വേഷണ ചുമതലയുള്ള കസബ സി ഐ. എന്‍ പ്രജീഷിന്റെ നേതൃത്വത്തിലായിരുന്നു നടപടി.

എന്നാല്‍, പ്രതി ഒളിവില്‍ പോയിരിക്കുകയാണെന്നും ഫോണ്‍ ലൊക്കേഷനും മറ്റും പരിശോധിച്ച് കണ്ടെത്താനുള്ള ശ്രമം ഊർജിതമാണെന്നും പോലീസ് അറിയിച്ചു. കേസില്‍ മുന്‍ ഡി സി സി പ്രസിഡന്റ് യു രാജീവന്‍ മാസ്റ്ററടക്കം 20 പ്രതികളാണുള്ളത്. ഇതില്‍ മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ച കേസില്‍ മുഖ്യ പ്രതിയാണ് കെ സുരേഷ്. ഇയാളെ ആദ്യം അറസ്റ്റു ചെയ്യാനാണ് പോലീസ് ശ്രമം.

അതേസമയം, ഗ്രൂപ്പ് യോഗം ചേരുന്നതിന് കെ പി സി സിയുടെ വിലക്ക് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രഹസ്യ യോഗം ചേര്‍ന്നതിനെതിരെ ജില്ലയിലെ ഏതാനും കോണ്‍ഗ്രസ്സ് നേതാക്കള്‍ നേതൃത്വത്തിന് പരാതി നല്‍കി.

ജില്ലയില്‍ എ ഗ്രൂപ്പിന്റെ ഭാഗമായിരുന്ന കെ പി സി സി വൈസ് പ്രസിഡന്റ് ടി സിദ്ദീഖും മുന്‍ ഡി സി സി പ്രസിഡന്റ് കെ സി അബുവും നിലവില്‍ ഇരു ചേരിയിലാണ്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് ഡി സി സി പ്രസിഡന്റ് നിയോഗിച്ച അന്വേഷണ സമിതി രണ്ട് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഇന്ന് ജില്ലയിലെത്തുന്ന സാഹചര്യത്തില്‍ നടപടികള്‍ വേഗത്തിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Latest