Connect with us

From the print

ഡൽഹി സർവോദയ ബാല വിദ്യാലയത്തിൽ മുസ്‌ലിം വിദ്യാർഥികൾക്ക് പീഡനം

അധിക്ഷേപവും വിവേചനവും ചൂണ്ടിക്കാട്ടി വിദ്യാർഥികളുടെ കത്ത്

Published

|

Last Updated

ന്യൂഡൽഹി | വടക്കുകിഴക്കൻ ഡൽഹിയിലെ നന്ദ് നഗ്രി സർക്കാർ സർവോദയ ബാല വിദ്യാലയത്തിൽ അധ്യാപകരിൽ നിന്ന് മുസ്‌ലിം വിദ്യാർഥികൾ നേരിടുന്നത് മർദനവും വിവേചനവും.മതത്തിന്റെ പേരിൽ അധ്യാപകർ തങ്ങളെ മർദിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നതായി ചൂണ്ടിക്കാട്ടി, അടുത്തിടെ സ്‌കൂൾ സന്ദർശിച്ച സുപ്രീം കോടതി അഭിഭാഷകൻ അശോക് അഗർവാളിന് വിദ്യാർഥികൾ കത്തയച്ചു. ഈ കത്തിലാണ് തങ്ങൾ നേരിടുന്ന ക്രൂരതകൾ ഇരകളായ ഒരുകൂട്ടം വിദ്യാർഥികൾ വിശദീകരിച്ചത്.

നിർബന്ധിച്ച് “ജയ് ശ്രീറാം’ വിളിപ്പിച്ചെന്നും കത്തിൽ പറയുന്നുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡൽഹി ലഫ്. ഗവർണർ, മുഖ്യമന്ത്രി, വിദ്യാഭ്യാസ ഡയറക്ടർ, ഡൽഹി ബലാവകാശ കമ്മീഷൻ അധ്യക്ഷൻ തുടങ്ങിയവർക്കും വിദ്യാർഥികൾ കത്തയച്ചു.

മുസ്‌ലിം, ദളിത് വിദ്യാർഥികളെ പിന്നിലെ ബഞ്ചുകളിൽ ഇരുത്തുകയും ഉയർന്ന ജാതിക്കാരായ വിദ്യാർഥികൾക്ക് മുൻ ബഞ്ചുകളിൽ സീറ്റ് നൽകുകയും ചെയ്യുന്നു.
മുസ്‌ലിം വിദ്യാർഥികൾ രാജ്യം വിടണമെന്ന് ചില അധ്യാപകർ ആക്രോശിക്കാറുണ്ടെന്നും കത്തിൽ പറയുന്നു.

ദളിതർക്ക് വിദ്യാഭ്യാസത്തിന് അവകാശമില്ലെന്നും അവർ ജനിച്ചത് പണ്ഡിറ്റുകളെ സേവിക്കാനും കൂലിപ്പണി ചെയ്യാനും മാത്രമാണെന്നും ചില അധ്യാപകർ പറയാറുണ്ട്. ഇത്തരത്തിൽ ആക്ഷേപിക്കുന്ന മൂന്ന് അധ്യാപകരെ സ്‌കൂളിൽ നിന്ന് പുറത്താക്കുകയോ തങ്ങളെ മറ്റേതെങ്കിലും സ്‌കൂളിലേക്ക് മാറ്റുകയോ ചെയ്യണമെന്നാണ് മുസ്‌ലിം വിദ്യാർഥികൾ കത്തിൽ ആവശ്യപ്പെടുന്നത്.

Latest