pantheerankav case
നവവധുവിന് പീഡനം: രാഹുലിന് രാജ്യം വിടാന്‍ വഴിയൊരുക്കിയത് സിവില്‍ പോലീസ് ഓഫീസര്‍
രക്ഷപ്പെടാന്‍ വഴി ഉപദേശിച്ചതിന് ഇയാള്‍ പണം കൈപ്പറ്റിയതായി സൂചന
കോഴിക്കോട് | പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ പ്രതി രാഹുലിന് രാജ്യം വിടാന്‍ വഴിയൊരുക്കിയത് പന്തിരാങ്കാവ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറാണെന്നു കണ്ടെത്തി. ഇയാള്‍ രാഹുലില്‍ നിന്നു പണം കൈപ്പറ്റിയതായും സൂചനയുണ്ട്. ഇയാള്‍ക്കെതിരെ അന്വേഷണത്തിന് നിര്‍ദ്ദേശമുണ്ട്. ഇയാളുടെ കോള്‍ റെക്കോര്‍ഡ്‌സ് അടക്കം പരിശോധിക്കും.
പിടിക്കപ്പെടാതെ ബംഗളൂരുവില്‍ എത്താനുള്ള മാര്‍ഗ്ഗങ്ങള്‍ ഈ പോലീസുകാരനാണ് ഉപദേശിച്ചത്. രാഹുലിനും സുഹൃത്ത് രാജേഷിനും എല്ലാ വിധ സഹായവും ചെയ്തത് ഇയാളാണ്. ഇയാള്‍ നിരന്തരം രാഹുലുമായി ഫോണില്‍ സംസാരിച്ചതിനു തെളിവു കിട്ടിയിട്ടുണ്ട്. നവവധുവിന്റെ പരാതി സ്റ്റേഷനില്‍ എത്തിയ ഉടന്‍ രാഹുലുമായി ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്‍ കേസിന്റെ ഗൗരവം പ്രതിയെ ബോധ്യപ്പെടുത്തി. കേസെടുത്താന്‍ വിദേശയാത്ര തടസ്സപ്പെടുമെന്നും അഴിക്കുള്ളിലാകുമെന്നും പറഞ്ഞശേഷം രക്ഷപ്പെടാനുള്ള വഴി ഉപദേശിച്ചു പണം കൈപ്പറ്റി എന്നാണു കരുതുന്നത്. പന്തീരാങ്കാവ് പോലീസ് കേസില്‍ നടത്തിയ ഒത്തുകളി തുടക്കം മുതല്‍ വിവാദമായിരുന്നു. പന്തീരാങ്കാവ് സ്റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സംഭവത്തില്‍ കമ്മീഷണര്‍ മെമ്മോ നല്‍കിയിരുന്നു.
നവവധു ആദ്യം പരാതിയുമായി എത്തിയപ്പോള്‍ പ്രതിക്ക് സഹായകരമായ നിലപാട് സ്വീകരിച്ചുവെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെ എസ് എച്ച് ഒയെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു. അപ്പോഴേക്കും രാഹുല്‍ രാജ്യം വിട്ടിരുന്നു. ഇന്റര്‍പോളിന്റെ അടക്കം സഹായം തേടി രാഹുലിനെ തിരിച്ചെത്തിക്കാനുള്ള ശ്രമമാണ് പോലീസ് നടത്തുന്നത്.