Connect with us

Ongoing News

2023 ലോകകപ്പിനു ശേഷം ഹാര്‍ദിക് ഇന്ത്യന്‍ നായകനായേക്കും; പ്രവചനവുമായി ഗാവസ്‌കര്‍

'ഉത്തരവാദിത്തം ഏറ്റെടുക്കുന്നതും, മുന്നില്‍ നിന്ന് നയിക്കുന്നതും, താന്‍ സ്വയം ചെയ്യാന്‍ ആഗ്രഹിക്കുന്നത് മറ്റുള്ളവരോട് ചെയ്യാന്‍ ആവശ്യപ്പെടാതിരിക്കുന്നതും നായകനെ സംബന്ധിച്ച് നിര്‍ണായകമാണ്. ഇത്തരം ഗുണങ്ങള്‍ ഹാര്‍ദികിനുണ്ട്.'

Published

|

Last Updated

ന്യൂഡല്‍ഹി | 2023 ക്രിക്കറ്റ് ലോകകപ്പിനു ശേഷം ഇന്ത്യന്‍ ടീമിനെ നയിക്കുക ഹാര്‍ദിക് പാണ്ഡ്യ ആയേക്കുമെന്ന് മുന്‍ നായകന്‍ സുനില്‍ ഗാവസ്‌കര്‍. ആസ്‌ത്രേലിയക്കെതിരെ നടക്കാനിരിക്കുന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ മത്സരഗതി മാറ്റിമറിക്കുന്ന താരം ഓള്‍റൗണ്ടറായ ഹാര്‍ദിക് ആയിരിക്കുമെന്ന് ഗാവസ്‌കര്‍ പറഞ്ഞു.

ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി 2-1ന് തിരിച്ചുപിടിച്ച ശേഷം ആസ്‌ത്രേലിയക്കെതിരെ ഏകദിന പരമ്പരയിലേക്ക് നീങ്ങുകയാണ് ഇന്ത്യ. വെള്ളിയാഴ്ച മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലാണ് പരമ്പരയിലെ ആദ്യ അങ്കം. കുടുംബപരമായ കാരണങ്ങളാല്‍ രോഹിത് ശര്‍മക്ക് വിട്ടുനില്‍ക്കേണ്ട സാഹചര്യമുള്ളതിനാല്‍ ഹാര്‍ദിക് പാണ്ഡ്യയായിരിക്കും ആദ്യ ഏകദിനത്തില്‍ ഇന്ത്യയെ നയിക്കുക. ലോകകപ്പിനു ശേഷം ഏകദിന ക്യാപ്റ്റന്‍ തൊപ്പി അവകാശപ്പെടാനുള്ള അവസരമായിരിക്കും ആസ്‌ത്രേലിയക്കെതിരായ പരമ്പരയെന്നാണ് ഗാവസ്‌കറിന്റെ വിലയിരുത്തല്‍.

രോഹിത് ശര്‍മയുടെ അഭാവത്തില്‍ നായകനായ അവസരങ്ങളിലെല്ലാം മികച്ച നേതൃപാടവമാണ് ഹാര്‍ദിക് കാഴ്ചവച്ചിട്ടുള്ളത്. സ്‌ഫോടനാത്മക ബാറ്റിങിലൂടെയും മീഡിയം പേസ് ബൗളിങിലൂടെയും നേട്ടങ്ങളുണ്ടാക്കുന്നുവെന്നതിനാല്‍ ടീമിലെ അവിഭാജ്യ താരമായി ഹാര്‍ദിക് മാറിയിട്ടുണ്ട്. 2022ല്‍ ഗുജറാത്ത് ടൈറ്റന്‍സിന്, അരങ്ങേറ്റം കുറിച്ച ഐ പി എലില്‍ തന്നെ കിരീടം നേടിക്കൊടുത്തതില്‍ പ്രധാന ഘടകമായത് ഹാര്‍ദികിന്റെ നായകത്വമാണ്.

തന്നെ സംബന്ധിച്ച് വലിയ മതിപ്പുളവാക്കിയ ക്യാപ്റ്റന്‍സിയാണ് ടി 20 ഫോര്‍മാറ്റില്‍ ഗുജറാത്ത് ടൈറ്റന്‍സിനായും ഇന്ത്യക്കായും ഹാര്‍ദിക് നല്‍കിയതെന്ന് ഗാവസ്‌കര്‍ പറഞ്ഞു. മുംബൈയില്‍ ആസ്‌ത്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ വിജയിച്ചാല്‍ 2023ലെ ലോകകപ്പിനു ശേഷം ഇന്ത്യന്‍ ടീമിന്റെ നായക സ്ഥാനത്ത് ഹാര്‍ദികിനെ പ്രതിഷ്ഠിക്കാമെന്നും ഗാവസ്‌കര്‍ പ്രതികരിച്ചു. മിഡില്‍ ഓര്‍ഡറില്‍ ഹാര്‍ദികിന്റെ സാന്നിധ്യം ഇന്ത്യക്ക് അനിവാര്യമാണ്. ഉത്തരവാദിത്തം ഏറ്റെടുക്കുന്നതും, മുന്നില്‍ നിന്ന് നയിക്കുന്നതും, താന്‍ സ്വയം ചെയ്യാന്‍ ആഗ്രഹിക്കുന്നത് മറ്റുള്ളവരോട് ചെയ്യാന്‍ ആവശ്യപ്പെടാതിരിക്കുന്നതും നായകനെ സംബന്ധിച്ച് നിര്‍ണായകമാണ്. ഇത്തരം ഗുണങ്ങള്‍ ഹാര്‍ദികിനുണ്ടെന്നും ഗാവസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

Latest