Kerala
ഹരിദാസന്‍ കൊലപാതകം: പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു
രാഷ്ട്രിയ കൊലക്കേസില്‍ ഒരു വനിത പ്രതിയാവുന്ന അപൂര്‍വ്വതയുള്ള കേസ്
തലശ്ശേരി | സി പി എം പ്രവര്‍ത്തകന്‍ പുന്നോല്‍ താഴെവയലില്‍ കെ ഹരിദാസിനെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണ സംഘം തലശേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഇന്നലെ കുറ്റപത്രം സമര്‍പ്പിച്ചു. ആദ്യ അറസ്റ്റ് നടന്ന് 90 ദിവസം തികയുന്ന ദിവസമാണ് ശാസ്ത്രിയ തെളിവുകള്‍ അടക്കമുള്ള കുറ്റപത്രം കോടതിയിലെത്തിയത്. ബി ജെ പി തലശ്ശേരി മണ്ഡലം പ്രസിഡണ്ട് കെ ലിജേഷ് ഉള്‍പെടെ 17പേരെ പ്രതിചേര്‍ത്താണ് ന്യൂമാഹി പോലിസ് ഇന്‍സ്പെക്ടര്‍ വി വി ലതീഷ് 3000 ത്തോളം പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്.
124 സാക്ഷികള്‍ക്ക് പുറമെ വാളുകള്‍, കൊടുവാളുകള്‍, സ്റ്റീല്‍ പൈപ്പുകള്‍, ഒരു പ്രതിയുടെ വീട്ടിലെ സി.സി.ടി.വി.ദൃശ്യം, മൊബൈല്‍ ഫോണുകള്‍, ആക്രമണ സമയം പ്രതികള്‍ ധരിച്ച വസ്ത്രങള്‍ എന്നിവ തൊണ്ടിമുതലുകളായുമുണ്ട്. തലശ്ശേരി നഗരസഭാ കൗണ്‍സിലര്‍ കൂടിയായ ലിജേഷ് ആണ് കേസിലെ ഒന്നാം പ്രതി. ഇയാളോടൊപ്പം ആദ്യസ്ഥാനക്കാരായ ഒന്നു മുതല്‍ 6 വരെയുള്ള പ്രതികള്‍ കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കെടുത്തതായി കുറ്റപത്രത്തില്‍ പറയുന്നു. 11പേര്‍ക്കെതിരേ ഗൂഢാലോചന കുറ്റമാണ് ചുമത്തിയിട്ടുണ്ട്. കേസിലെ ഏഴാം പ്രതി നിജില്‍ ദാസിനെ ഒളിവില്‍ കഴിയാന്‍ താമസ സൗകര്യം ഒരുക്കിയ നല്‍കിയ അധ്യാപിക അണ്ടലൂര്‍ സ്വദേശിനി പി എം രേശ്മ 17ാംപ്രതിയാണ്.ഒരു രാഷ്ട്രിയ കൊലക്കേസില്‍ വനിത പ്രതിസ്ഥാനത്തെത്തുന്ന അപൂര്‍വ്വതയും ഹരിദാസന്‍ കൊലക്കേസിന്റെ പ്രത്യേകതയായുണ്ട്. പ്രതികള്‍ നടത്തിയ ഗൂഢാലോചന വ്യക്തമാക്കുന്ന നിരവധി ഫോണ്‍ സംഭാഷണങ്ങളും കുറ്റപത്രത്തോടൊപ്പം പൊലിസ് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ഒന്നാം പ്രതി കെ ലിജേഷും രണ്ടാംപ്രതി പ്രിതീഷ് എന്ന മള്‍ട്ടി പ്രജിയും ചേര്‍ന്നാണ് ആദ്യം ഹരിദാസിനെ കൊടുവാള്‍ ഉപയോഗിച്ച് വെട്ടിയത്. തുടര്‍ന്ന് മറ്റു നാലു പ്രതികളും ചേര്‍ന്ന് വടി വാളുകളും സ്റ്റീല്‍ പൈപ്പുകളും ഉപയോഗിച്ച് ക്രൂരമായി അക്രമിക്കുകയായിരുന്നു. അക്രമത്തിനിടെ നാലാം പ്രതി നിഖില്‍ എം നമ്പ്യാര്‍ ആണ് ഹരിദാസന്റെ കാല് വെട്ടിമാറ്റിയത്. മൂന്നാം പ്രതി പി കെ ദീപക്, നാലാം പ്രതി നിഖില്‍ എം നമ്പ്യാര്‍ എന്നിവര്‍ ഇനിയും അറസ്റ്റിലായിട്ടില്ല. 12ാം പ്രതി എം സുനേശ്, 17ാം പ്രതി അധ്യാപികയായ പി എം രേശ്മ എന്നിവര്‍ ജാമ്യത്തിലാണുള്ളത്.
200 ഓളം തൊണ്ടി മുതലുകളും പൊലിസ് ശേഖരിച്ചിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 21നു പുലര്‍ച്ചെയാണ് മത്സ്യ ബന്ധന തൊഴിലാളിയായ ഹരിദാസിനെ പ്രതികള്‍ സംഘം ചേര്‍ന്ന് പുന്നോലിലെ വീട്ടുമുറ്റത്ത് വച്ച് നിഷ്ഠൂരമായി വെട്ടിക്കൊലപ്പെടുത്തിയത്.ഇടത് കാല്‍ വെട്ടിമാറ്റിയ നിലയിലാണ് മൃതദേഹം ആശുപത്രിയിലെത്തിച്ചിരുന്നത് .കൊലപാതക പിറ്റേന്നാള്‍ തന്നെ ഒന്നാം പ്രതി ലിജേഷ് അറസ്റ്റിലായിരുന്നു.