Haritha Issue
ഹരിത: പാര്‍ട്ടി തീരുമാനം അംഗീകരിച്ചില്ലെങ്കില്‍ ശക്തമായ നടപടിയെന്നു മുസ്‍ലിം ലീഗ്
പാര്‍ട്ടി തീരുമാനം സംബന്ധിച്ചു പ്രതികരിക്കാന്‍ ഹരിതാ നേതാക്കളൊന്നും തയ്യാറായിട്ടില്ലെങ്കിലുംഹരിതയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സംഘടനാ നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കാതിരുന്നത് വിദ്യാര്‍ഥികള്‍ക്കിടയില്‍ എം എസ് എഫിന്റെ പ്രതിച്ഛായ തകര്‍ക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി വിവിധ കോളജ് യൂണിറ്റുകള്‍ മുസ്ലിം ലീഗ് നേതൃത്വത്തിന് കത്തയച്ചു.
കോഴിക്കോട് | പാര്‍ട്ടി നേതൃത്വം കൈക്കൊണ്ട തീരുമാനം എം എസ് എഫ് വനിതാ വിഭാഗമായ ഹരിത അംഗീകരിച്ചില്ലെങ്കില്‍ തുടര്‍ നടപടികള്‍ ആലോചിക്കുമെന്നു മുസ്‍ലിം ലീഗ്. തീരുമാനം അംഗീകരിക്കില്ലെന്നോ വനിതാ കമ്മിഷനില്‍ നല്‍കിയ പരാതി പിന്‍വലിക്കില്ലെന്നോ ഹരിത നേതാക്കള്‍ പാര്‍ട്ടിയെ അറിയിച്ചിട്ടില്ലെന്നു സംസ്ഥാന ആക്ടിങ്ങ് ജന. സെക്രട്ടറി പി എം എ സലാം സിറാജ് ലൈവിനോടു പറഞ്ഞു.
പരാതി പിന്‍വലിക്കാന്‍ സമയ പരിധിയൊന്നും പാര്‍ട്ടി മുന്നോട്ടു വെച്ചിട്ടില്ല. പാര്‍ട്ടി തീരുമാന പ്രകാരം എം എസ് എഫ് നേതാവ് ഫേസ് ബുക്കിലൂടെ നടത്തിയ ക്ഷമാപണത്തില്‍ പിശകൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി തീരുമാനം സംബന്ധിച്ചു പ്രതികരിക്കാന്‍ ഹരിതാ നേതാക്കളൊന്നും തയ്യാറായിട്ടില്ലെങ്കിലും
ഹരിതയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സംഘടനാ നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കാതിരുന്നത് വിദ്യാര്‍ഥികള്‍ക്കിടയില്‍ എം എസ് എഫിന്റെ പ്രതിച്ഛായ തകര്‍ക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി വിവിധ കോളജ് യൂണിറ്റുകള്‍ മുസ്ലിം ലീഗ് നേതൃത്വത്തിന് കത്തയച്ചു.
വനിതാ വിഭാഗത്തിന്റെ പരാതിയില്‍ പുരുഷ മേധാവിത്വ പരമായ തീരുമാനം കൈക്കൊണ്ടതിലൂടെ വിദ്യാര്‍ത്ഥികള്‍ക്കും മറ്റ് സംഘടനകള്‍ക്കും മുന്നില്‍ എം എസ് എഫ് എന്ന നിലയില്‍ തലതാഴ്ത്തേണ്ട അവസ്ഥയാണ് നിലവില്‍ ഉള്ളതെന്നും കത്തില്‍ പറയുന്നു. കോഴിക്കോട് ഫാറൂഖ് കോളജ്, തളിപ്പറമ്പ് സര്‍ സയ്യിദ് കോളജ് തുടങ്ങി എം എസ് എഫിനു മേല്‍ക്കൈയ്യുള്ള യൂണിറ്റുകളാണ് ലീഗ് നേതൃത്വത്തിന് കത്തയച്ചത്.
കുറ്റാരോപിതരായ നേതാക്കള്‍ക്കെതിരെ നടപടിയില്ലാത്തത് കോളേജിലെ സംഘടനാ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും കത്തില്‍ പറയുന്നുണ്ട്. നേരത്തെ ഹരിതാ നേതാക്കളുടെ പരാതിയില്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് കാലിക്കറ്റ് സര്‍വകലാശാലയിലെ എം എസ് എഫ് ഭാരവാഹികളെല്ലാവരും രാജിവെച്ചിരുന്നു.
ഹരിതാനേതാക്കളുടെ പരാതിയില്‍ നടപടിയുണ്ടാകാത്ത സാഹചര്യത്തില്‍ ക്യാമ്പസിലെ വിദ്യാര്‍ത്ഥികളെ അഭിമുഖീകരിക്കുന്നതില്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും അതുകൊണ്ട് തന്നെ ഈ നേതൃത്വത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്നതിന് പ്രയാസമുണ്ടെന്നുമാണ് അവര്‍ പ്രസ്താവനയില്‍ പറഞ്ഞത്.
ഹരിത സംസ്ഥാന ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറക്കെതിരെ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്നാണ് ഹരിത നേതാക്കളുടെ പരാതി. പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കി രണ്ട് മാസം പിന്നിട്ടിട്ടും നടപടി ഉണ്ടാവാത്തതിനെ തുടര്‍ന്ന് ഹരിതാ നേതാക്കള്‍ വനിതാ കമ്മീഷനെ സമീപിച്ചതോടെയാണ് വിഷയം ചര്‍ച്ചയായത്.
വനിതാ കമ്മീഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഹരിതയുടെ പ്രവര്‍ത്തനം ലീഗ് മരവിപ്പിച്ചിരുന്നു. പിന്നീട് മുതിര്‍ന്ന നേതാക്കള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് കുറ്റാരോപിതനായ പി കെ നവാസിനെതിരെ നടപടി വേണ്ടെന്നും ഖേദപ്രകടനം മതിയെന്നുമായിരുന്നു ലീഗ് നേതൃത്വത്തിന്റെ തീരുമാനം. അധിക്ഷേപം നടത്തിയ ആരോപണ വിധേയരായ നേതാക്കളെ ഒരു മാസത്തേക്ക് സസ്പെന്‍ഡ് ചെയ്യുകയും അവര്‍ പരസ്യമായി മാപ്പു പറയുകയും വേണമെന്നായിരുന്നു ഹരിതയുടെ ആവശ്യം.
താന്‍ വ്യക്തിപരമായോ ലിംഗപരമായോ ആരെയും അധിക്ഷേപിച്ചിട്ടില്ലെന്നും സഹപ്രവര്‍ത്തകരില്‍ ആര്‍ക്കെങ്കിലും ഏതെങ്കിലും തരത്തില്‍ , തെറ്റിദ്ധരിച്ചോ അല്ലാതെയോ എന്തെങ്കിലും പ്രയാസമുണ്ടായിട്ടുണ്ടെങ്കില്‍ അതില്‍ ഖേദം പ്രകടിപ്പിക്കുന്നെന്നുമാണ് പി കെ നവാസ് ഫേസ് ബുക്കില്‍ കുറിച്ചത്.