Connect with us

Ongoing News

ഹര്‍മന്‍പ്രീത് രക്ഷകനായി; ഹോക്കിയില്‍ ഇന്ത്യക്ക് സമനില

പെനാല്‍റ്റി കോര്‍ണറില്‍ നിന്നാണ് ഹര്‍മന്‍പ്രീത് സമനില ഗോള്‍ കണ്ടെത്തിയത്.

Published

|

Last Updated

പാരീസ് | കളി അവസാനിക്കാന്‍ മിനുട്ടുകള്‍ മാത്രം അവശേഷിക്കേ, നായകന്‍ ഹര്‍മന്‍പ്രീത് സിംഗ് നേടിയ ഗോള്‍ ഒളിമ്പിക് ഹോക്കിയില്‍ ഇന്ത്യയെ തോല്‍വിയില്‍ നിന്ന് രക്ഷിച്ചു. രണ്ടാം മത്സരത്തില്‍ അര്‍ജന്റീനയോട് സമനില നേടാന്‍ സഹായിച്ചത് ഹര്‍മന്‍പ്രീതിന്റെ ഗോളായിരുന്നു. പെനാല്‍റ്റി കോര്‍ണറില്‍ നിന്നാണ് താരം സമനില ഗോള്‍ കണ്ടെത്തിയത്.

പൂള്‍ ബി മത്സരത്തിന്റെ 22-ാം മിനുട്ടില്‍ ലൂക്കാസ് മാര്‍ട്ടിനസിലൂടെ അര്‍ജന്റീനയാണ് ആദ്യ ഗോള്‍ നേടിയത്. സമനിലക്കായി ഇന്ത്യ കിണഞ്ഞുശ്രമിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. അവസാനം നാലാം ക്വാര്‍ട്ടറില്‍ കളിയവസാനിക്കാന്‍ ഒരു മിനുട്ട് ബാക്കിനില്‍ക്കെയാണ് ഗോള്‍ പിറന്നത്.

കഴിഞ്ഞ ദിവസം ന്യൂസിലാന്‍ഡിനെതിരായ ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ വിജയ ഗോള്‍ നേടിയത് ഹര്‍മന്‍പ്രീത് ആയിരുന്നു. അന്ന് 58-ാം മിനുട്ടില്‍ സിംഗ് നേടിയ ഗോളിലാണ് ഇന്ത്യ വിജയം കണ്ടത്. ലോക റാങ്കിംഗില്‍ അര്‍ജന്റീന ആറാം സ്ഥാനത്തും നിലവിലെ വെങ്കല മെഡല്‍ ജേതാക്കളായ ഇന്ത്യ ഏഴാം സ്ഥാനത്തുമാണ്.

പൂള്‍ ബിയില്‍ രണ്ട് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ആറ് പോയിന്റുമായി ബെല്‍ജിയം, ആസ്ത്രേലിയ എന്നിവരാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളില്‍. ആറ് ടീമുകള്‍ വീതമുള്ള രണ്ട് പൂളുകളില്‍ നിന്ന് ആദ്യ സ്ഥാനങ്ങളിലെത്തുന്ന നാല് ടീമുകള്‍ ക്വാര്‍ട്ടറിലെത്തും. ഇന്ന് വൈകിട്ട് 4.45ന് നടക്കുന്ന മൂന്നാം മത്സരത്തില്‍ ഇന്ത്യ അയര്‍ലാന്‍ഡിനെ നേരിടും.

 

Latest