Connect with us

articles

ആരോഗ്യത്തിന് ഹാനികരമാണ്

പ്രതിഷേധത്തിന്റെ വീഡിയോ ട്വീറ്റ് ചെയ്തുവെന്നതായിരുന്നു "കശ്മീർ വാല'യിലെ സജാദ് ഗുൾ എന്ന മാധ്യമ പ്രവർത്തകൻ ചെയ്ത തെറ്റ്. ഈ കേസിൽ ജാമ്യം കിട്ടി പുറത്ത് വരാനിരിക്കുമ്പോഴാണ് പി എസ് എ (PSA) ചുമത്തി അദ്ദേഹത്തെ വീണ്ടും ഇരുട്ടറയിലേക്ക് അയക്കുന്നത്. ഒരു സ്‌കൂളിൽ നടന്ന പരിപാടിയുമായി ബന്ധപ്പെട്ട് വ്യാജവാർത്തകൾ പ്രചരിപ്പിച്ചുവെന്നതായിരുന്നു കശ്മീർ വാലയിലെത്തന്നെ ഫഹദ് ഷായെ തുറുങ്കിലടക്കാൻ പോലീസ് കണ്ടെത്തിയ ന്യായം.

Published

|

Last Updated

രൂപേഷ് കുമാർ സിംഗ്, ഗൗതം നവ് ലാഖ, സിദ്ദീഖ് കാപ്പൻ, ഫഹദ് ഷാ, ആസിഫ് സുൽത്താൻ, സജാദ് ഗുൾ, മനം ദർ. ഈ ലിസ്റ്റിൽ സിദ്ദീഖ് കാപ്പനൊഴികെ മറ്റുള്ളവരെ സാധാരണക്കാരായ മലയാളികൾക്ക് അത്ര പരിചയമുണ്ടായിരിക്കണമെന്നില്ല. ഭരണകൂട താത്പര്യങ്ങൾക്ക് വിരുദ്ധമായി വാർത്തകൾ അവതരിപ്പിച്ചതിന് പല കാലങ്ങളിലായി ജയിലിലടക്കപ്പെടുകയും ഇന്നും മോചനം കാത്തു കഴിയുകയും ചെയ്യുന്ന മാധ്യമ പ്രവർത്തകരാണിവർ.

“കശ്മീർ നരേറ്റർ എന്ന മാധ്യമ സ്ഥാപനത്തിന്റെ കശ്മീർ റിപോർട്ടറായിരുന്നു ആസിഫ് സുൽത്താൻ. 2018 ആഗസ്ത് 27 നാണ് പോലീസ് അദ്ദേഹത്തെ പിടിച്ചു കൊണ്ടു പോകുന്നത്. രാജ്യദ്രോഹക്കുറ്റം യു എ പി എ ചുമത്തിയായിരുന്നു അറസ്റ്റ്. ഈ കേസിൽ കഴിഞ്ഞ ഏപ്രിലിൽ ജാമ്യം കിട്ടിയപ്പോൾ കശ്മീരിലെ പ്രതിരോധ തടങ്കൽ നിയമമായ പൊതു സുരക്ഷാ നിയമം ( Public Safety Act- PSA) ചുമത്തി വീണ്ടും പൂട്ടി. നാല് വർഷവും മൂന്ന് മാസവും നീണ്ട ജയിൽ ജീവിതത്തിന് എന്ന് അറുതിയാകുമെന്ന് ആർക്കുമറിയില്ല.

2020 ഒക്ടോബർ അഞ്ചിന് ഉത്തർപ്രദേശിൽ വെച്ചാണ് മലയാളത്തിലെ ഫ്രീലാൻസ് ജേണലിസ്റ്റായ സിദ്ദീഖ് കാപ്പൻ അറസ്റ്റ് ചെയ്യപ്പെടുന്നത്. ഹാഥ്റസിൽ പെൺകുട്ടി ബലാത്സംഗത്തിന് ഇരയായതിനെതിരെ നടന്ന പ്രക്ഷോഭങ്ങൾക്ക് ഗൂഢാലോചന നടത്തിയെന്ന പേരിലായിരുന്നു കേസ്. വാർത്ത റിപോർട്ട് ചെയ്യാൻ പോയ മനുഷ്യൻ കേസിലെ പ്രതിയാക്കപ്പെടുന്ന മായാജാലത്തിനാണ് ഹാഥ്റസ് സാക്ഷിയായത്. ഈ കേസിൽ കോടതി ജാമ്യം നൽകിയപ്പോൾ കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ചുവെന്ന കേസിൽ വീണ്ടും ജയിൽ. കഴിഞ്ഞ രണ്ട് വർഷവും രണ്ട് മാസവുമായി അദ്ദേഹം ജയിലിലാണ്.

2020 ഏപ്രിൽ 14 നാണ് ഫ്രീലാൻസ് ജേണലിസ്റ്റും ആക്ടിവിസ്റ്റുമായിരുന്ന ഗൗതം നവ് ലാഖ അറസ്റ്റിലാകുന്നത്. സുപ്രീം കോടതി അദ്ദേഹത്തെ വീട്ടുതടങ്കലിലേക്ക് മാറ്റുന്നതിന് മുമ്പ് 30 മാസത്തോളം അദ്ദേഹം തടങ്കലിൽ കഴിഞ്ഞു. യു എ പി എ അടക്കമുള്ള കരിനിയമങ്ങൾക്കെതിരെ നിരന്തരമായി ശബ്ദിക്കുകയും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി വിശ്രമമില്ലാതെ പ്രവർത്തിക്കുകയും ചെയ്തയാളായിരുന്നു ഗൗതം നവ് ലാഖ. സായുധ ഗൂഡാലോചനയിൽ പങ്കുണ്ടെന്ന് ആരോപിച്ചാണ് 2021 ഒക്ടോബർ 10 ന് മറ്റൊരു ഫ്രീലാൻസ് ജേണലിസ്റ്റായ മനൻ ദാർ ജമ്മു കശ്മീരിൽ വെച്ച് അറസ്റ്റിലാകുന്നത്.

പ്രതിഷേധത്തിന്റെ വീഡിയോ ട്വീറ്റ് ചെയ്തുവെന്നതായിരുന്നു “കശ്മീർ വാല’യിലെ സജാദ് ഗുൾ എന്ന മാധ്യമ പ്രവർത്തകൻ ചെയ്ത തെറ്റ്. ഈ കേസിൽ ജാമ്യം കിട്ടി പുറത്ത് വരാനിരിക്കുമ്പോഴാണ് പി എസ് എ (PSA) ചുമത്തി അദ്ദേഹത്തെ വീണ്ടും ഇരുട്ടറയിലേക്ക് അയക്കുന്നത്. ഒരു സ്‌കൂളിൽ നടന്ന പരിപാടിയുമായി ബന്ധപ്പെട്ട് വ്യാജവാർത്തകൾ പ്രചരിപ്പിച്ചുവെന്നതായിരുന്നു കശ്മീർ വാലയിലെത്തന്നെ ഫഹദ് ഷായെ തുറുങ്കിലടക്കാൻ പോലീസ് കണ്ടെത്തിയ ന്യായം. അറസ്റ്റ് ചെയ്യപ്പെട്ടതോടെ ഇയാൾക്കെതിരെ രണ്ട് കേസുകൾ കൂടി ഫയൽ ചെയ്തു. ഈ മാസം ആദ്യം രണ്ട് കേസിലും പ്രാദേശിക കോടതി ജാമ്യം അനുവദിച്ചെങ്കിലും മറ്റൊരു കേസിൽ അറസ്റ്റിൽ തുടരുകയാണ്.

ഞെട്ടിക്കുന്ന റിപോർട്ടുകൾ

എന്തിനാണ് ഈ മാധ്യമ പ്രവർത്തകരുടെ കേസ് ഹിസ്റ്ററി നീട്ടിവലിച്ച് എഴുതിയതെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാവും. ധീരമായി സത്യസന്ധതയോടെ വാർത്തകൾ റിപോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ പ്രവർത്തിക്കുന്ന സി പി ജെ ( Committee to protect journalists), റിപോർട്ടേർസ് വിത്തൗട്ട് ബോർഡേഴ്സ് തുടങ്ങിയ സംഘടനകൾ അവരുടെ വാർഷിക റിപോർട്ട് പുറത്ത് വിടുകയുണ്ടായി. സത്യസന്ധമായ മാധ്യമ പ്രവർത്തനം ലോകത്ത് ഏറ്റവും കൂടുതൽ വെല്ലുവിളി നേരിടുന്ന തൊഴിലിടമാണെന്ന റിപോർട്ടുകളാണ് ഇവർ പങ്കു വെക്കുന്നത്. റിപോർട്ടേർസ് വിത്തൗട്ട് ബോർഡേഴ്‌സിന്റെ കണക്കനുസരിച്ച് തങ്ങളുടെ ജോലിയുടെ ഭാഗമായി 533 മാധ്യമപ്രവർത്തകരാണ് തുറുങ്കിലടക്കപ്പെട്ടിരിക്കുന്നത്. 65 പേർ വിവിധയിടങ്ങളിൽ ബന്ദികളാക്കപ്പെടുകയും 49 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. തടവിലാക്കപ്പെടുന്ന വനിതാ മാധ്യമ പ്രവർത്തകരുടെ എണ്ണത്തിൽ ഗണ്യമായ വർധനവാണ് റിപോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. 2021 മായി താരതമ്യം ചെയ്യുമ്പോൾ 30 ശതമാനം വർധനവാണ് വനിതാ മാധ്യമ പ്രവർത്തകരുമായി ബന്ധപ്പെട്ട് ഉണ്ടായത്. ഇന്ന് തുറുങ്കിലടക്കപ്പെട്ടവരിൽ 15 ശതമാനം വനിതകളാണ്. അഞ്ച് വർഷം മുമ്പ് ഏഴ് ശതമാനമായിരുന്നു ഇതെന്ന് ഓർക്കണം.

കുറ്റമില്ലാത്ത കൊലപാതകങ്ങൾ

ഇന്റർനാഷനൽ ഫെഡറേഷൻ ഓഫ് ജേണലിസ്റ്റിന്റെ കണക്കനുസരിച്ച് 2022 ൽ മാത്രം 67 മാധ്യമ പ്രവർത്തകരാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊല്ലപ്പെട്ടത്. കഴിഞ്ഞ വർഷം 47 ആയിരുന്നു ഈ കണക്ക്. സി പി ജെ (CPJ) യുടെ റിപോർട്ടനുസരിച്ച് 80 ശതമാനം പേരും അവരുടെ ജോലിക്കിടയിലാണ് കൊല്ലപ്പെട്ടത്. കൊന്നവരാകട്ടെ നിരപരാധികളായി വിലസുകയും ചെയ്യുന്നു.
ചൈനീസ് ആധിപത്യം

മാധ്യമപ്രവർത്തകരെ തടങ്കലിലാക്കി പ്രതിരോധ ശബ്ദങ്ങളെ ഇല്ലാതാക്കുന്നതിൽ ചൈനയാണ് മുമ്പിൽ. ഫ്രീലാൻസ് ജേണലിസ്റ്റും ചൈനീസ് ഭരണകൂടത്തിന്റെ അഴിമതി, വ്യാവസായിക മലിനീകരണത്തിന്റെ ഭീകരത, ചൈനയിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ എന്നിവ ധീരമായി റിപോർട്ട് ചെയ്ത ഹുവാൻ സിൻ അടക്കം 110 പേരെയാണ് ചൈന തടവിലിട്ടത്. റഷ്യയിലെ മികച്ച അന്വേഷണാത്മക പത്രപ്രവർത്തകനായിരുന്ന ഇവാൻ സഫ്രനോവിന് “രാജ്യ രഹസ്യങ്ങൾ’ പുറത്തെത്തിച്ചുവെന്ന കേസിൽ 22 വർഷമാണ് തടങ്കൽ ശിക്ഷ.

സി പി ജെയുടെ റിപോർട്ട് പ്രകാരം ചൈന, ഇറാൻ, മ്യാൻമർ, തുർക്കി, ബെലറൂസ് തുടങ്ങിയ രാജ്യങ്ങളാണ് ഏറ്റവും കൂടുതൽ മാധ്യമപ്രവർത്തകരെ ഇരുട്ടിലടച്ച ആദ്യ അഞ്ച് രാജ്യങ്ങൾ. മിക്കയിടങ്ങളിലും റഷ്യയുടെ യുക്രൈൻ അധിനിവേഷം, കൊവിഡ് എന്നിവ രാജ്യത്തുണ്ടാക്കിയ പ്രതിസന്ധിയിൽ സാധാരണക്കാർക്കുള്ള അസംതൃപ്തി മറച്ചുവെക്കാനാണ് വിവിധ രാജ്യങ്ങൾ മാധ്യമപ്രവർത്തകരെ തുറുങ്കിലടച്ചത് എന്നാണ് സി പി ജെയുടെ നിരീക്ഷണം.

2022 ൽ ഇറാനിലെ സ്ഥിതി വ്യത്യസ്തമാണ്. ഇറാന്റെ ഹിജാബ് നിയമം ലംഘിച്ചുവെന്നാരോപിച്ച് അറസ്റ്റിലായ 22 കാരിയായ കുർദിശ് യുവതി മഹ്‌സ അമീനി പോലീസ് കസ്റ്റഡിയിൽ മരിച്ചതിനെത്തുടർന്ന് കത്തിപ്പടർന്ന പ്രതിഷേധത്തെ അടിച്ചമർത്തുന്നതിനിടയിൽ നിരവധി മാധ്യമ പ്രവർത്തകരെയാണ് ഇറാൻ അറസ്റ്റ് ചെയ്തത്.
പ്രതിഷേധം ആരംഭിച്ചതിന് ശേഷം അറസ്റ്റിലായ 49 പത്രപ്രവർത്തകരിൽ 22 പേരും സ്ത്രീകളാണ്. ഇറാൻ പ്രക്ഷോപം ലോകശ്രദ്ധയിലേക്ക് എത്തിക്കുന്നതിൽ അവർ വഹിച്ച പങ്കിന് ഭരണകൂടം നൽകിയ സമ്മാനമായിരുന്നു ജയിൽവാസം.

ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യം

ഇന്ത്യയിൽ ജയിലിൽ കഴിയുന്ന നേരത്തേ സൂചിപ്പിച്ച മാധ്യമ പ്രവർത്തകരിൽ ഏഴിൽ ആറ് പേരും രാജ്യദ്രോഹക്കുറ്റം യു എ പി എ പ്രകാരമാണ് അന്വേഷണം നേരിടുന്നത്. ഏഴ് മാധ്യമ പ്രവർത്തകർ കാലങ്ങളായി തങ്ങളുടെ ജോലിയുടെ ഭാഗമായി ജയിലിലാണെന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം റെക്കോർഡാണ്. 1992 ൽ സി പി ജെ ജയിൽ സെൻസസ് ആരംഭിച്ചതിന് ശേഷം തുടർച്ചയായി രണ്ടാം തവണയാണ് ഈ കണക്ക് ഇങ്ങനെ ഉയർന്ന് നിൽക്കുന്നത്. ഇന്ത്യയിലെ ജയിലിൽ കഴിയുന്ന ഏഴിൽ നാല് പേരും ഒരു വർഷത്തിലേറെയായി തുറുങ്കിലടക്കപ്പെട്ടിരിക്കുകയാണെന്നത് ഞ്ഞെട്ടിക്കുന്ന കണക്കാണ്.

റിപോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സിന്റെ കണക്കനുസരിച്ച് ലോക മാധ്യമ സ്വാതന്ത്ര്യത്തിൽ 150ാം സ്ഥാനത്തേക്കാണ് ഇന്ത്യ കൂപ്പുകുത്തിയത്. മാധ്യമ പ്രവർത്തകർ, മാധ്യമ സ്ഥാപനങ്ങൾ അനുഭവിക്കുന്ന പ്രവർത്തന സ്വാതന്ത്ര്യം, അത്തരം സ്വാതന്ത്ര്യങ്ങൾക്ക് അതത് രാജ്യത്തെ ഭരണകൂടം നൽകുന്ന അംഗീകാരം എന്നിവയുടെ അടിസ്ഥാനത്തിലാണ് മാധ്യമ സ്വാതന്ത്ര്യം കണക്കാക്കുന്നത്. 2016 ൽ 133ാം സ്ഥാനത്തായിരുന്ന ഇന്ത്യ 2021 ൽ 142ാം സ്ഥാനത്തേക്കും 2022 ൽ 150ലേക്കും കൂപ്പുകുത്തുന്നുവെന്ന വർത്തമാനം അത്ര ശുഭകരമല്ല.

അടിയന്തരാവസ്ഥ കാലത്ത് മാധ്യമ സ്ഥാപനങ്ങൾ പൂട്ടിക്കുകയാണ് ഇന്ദിരാഗാന്ധി ചെയ്തതെങ്കിൽ ഇന്ത്യയിലെ മാധ്യമങ്ങളെ കഴുത്തു ഞെരിച്ച് കൊല്ലുകയാണ് ഫാസിസ്റ്റ് ഭരണകൂടം. തങ്ങൾക്ക് അനഭിമതരായവരുടെ സ്ഥാപനങ്ങളിൽ നിരന്തരം റെയ്ഡ് നടത്തിയും സർക്കാർ പരസ്യങ്ങൾ നിഷേധിച്ചും എന്നിട്ടും കൈപ്പിടിയിലൊതുങ്ങാത്തവരെ അവസാനം കോർപറേറ്റുകളെ ഉപയോഗിച്ച് വിലക്ക് വാങ്ങിയും ഭരണകൂടം ഇന്ത്യയിൽ സംഹാര നൃത്തം ചവിട്ടുകയാണ്. അതിനിടയിലും സുബൈറുമാരും രവീഷ് കുമാറുമാരും ഉണ്ടാകുന്നുവെന്നത് ഇന്ത്യയിലെ ജനാധിപത്യ വിശ്വാസികൾക്ക് കരുത്ത് നൽകുന്ന വാർത്തകളാണ്.

Latest