medicine ban
മനുഷ്യ ശരീരത്തിന് ഹാനികരം: 156 കോമ്പിനേഷന്‍ മരുന്നുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു
സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം രൂപീകരിച്ച വിദഗ്ധ സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് ഈ മരുന്നുകളുടെ നിര്‍മ്മാണം, വില്‍പ്പന, വിതരണം എന്നിവ നിരോധിച്ചത്

ന്യൂഡല്‍ഹി | വിവിധ രോഗങ്ങള്‍ക്കു നല്‍കുന്ന 156 കോമ്പിനേഷന്‍ മരുന്നുകള്‍ മനുഷ്യ ശരീരത്തിന് ഹാനികരമാണെന്നു കണ്ടെത്തിയതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു.
പനിക്കും ജലദോഷത്തിനും ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകള്‍, വേദനസംഹാരികള്‍, മള്‍ട്ടിവിറ്റാമിനുകള്‍ എന്നിവയുള്‍പ്പെടെയുള്ള ഫിക്സഡ് ഡോസ് കോമ്പിനേഷന്‍ മരുന്നുകള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്. സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം രൂപീകരിച്ച വിദഗ്ധ സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് ഈ മരുന്നുകളുടെ നിര്‍മ്മാണം, വില്‍പ്പന, വിതരണം എന്നിവ നിരോധിക്കുന്നതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
നിശ്ചിത അനുപാതത്തില്‍ രണ്ടോ അതിലധികമോ സജീവ ഫാര്‍മസ്യൂട്ടിക്കല്‍ ചേരുവകള്‍ അടങ്ങിയ മരുന്നുകളാണ് ഫിക്‌സഡ് ഡോസ് കോമ്പിനേഷന്‍ (എഫ് ഡി സി) മരുന്നുകള്‍. കോക്ടെയ്ല്‍ മരുന്നുകള്‍ എന്നും ഇത് അറിയപ്പെടുന്നു.
ഇന്ത്യയിലെ പ്രമുഖ കമ്പനികള്‍ മുടി വളര്‍ച്ചയ്ക്കും, ചര്‍മ്മ സംരക്ഷണത്തിനുമായി ഉല്പാദിപ്പിക്കുന്ന മരുന്നുകളും വേദനസംഹാരി, മള്‍ട്ടിവൈറ്റമിനുകളും നിരോധനം ഏര്‍പ്പെടുത്തിയ മരുന്നുകളുടെ കൂട്ടത്തിലുണ്ട്. പനി, ജലദോഷം തുടങ്ങിയവയ്ക്ക് ഉപയോഗിച്ചിരുന്ന കോമ്പിനേഷന്‍ മരുന്നുകളാണ് നിരോധിക്കപ്പെട്ടവയില്‍ പലതും. സ്ഥിരമായി മരുന്ന് കഴിക്കുന്നവര്‍ക്ക് ഗുളികകളുടെ എണ്ണം കുറയ്ക്കാനായി ഇത്തരം കോമ്പിനേഷന്‍ മരുന്നുകള്‍ ഡോക്ടര്‍മാര്‍ എഴുതുന്നതും പതിവാണ്.
സിപ്ല, ടോറന്റ്, സണ്‍ ഫാര്‍മ, ഐപിസിഎ ലാബ്‌സ്, ല്യൂപിന്‍ എന്നീ കമ്പനികളുടെ മരുന്നുകളും നിരോധിക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു. മരുന്നുനിരോധനം വലിയ സാമ്പത്തിക ബാധ്യത കമ്പനികള്‍ക്ക് വരുത്തിവെക്കുമെന്നും മരുന്നു കമ്പനികള്‍ കോടതിയെ സമീപിക്കുമെന്നും സൂചനകളുണ്ട്. ഒട്ടും സുതാര്യമല്ലാതെയാണ് വിദഗ്ധ സമിതി തങ്ങളുടെ അനുമാനങ്ങളില്‍ എത്തിച്ചേര്‍ന്നിരിക്കുന്നതെന്നാണ് കമ്പനികളുടെ ആരോപണം.