National
കേരളത്തിന് കൂടുതല്‍ പാസഞ്ചര്‍, മെമു ട്രെയിനുകള്‍ അനുവദിക്കണം; ഹാരിസ് ബീരാന്‍ എം പി റെയില്‍വെ മന്ത്രിക്ക് കത്തയച്ചു
കഴിഞ്ഞ ദിവസങ്ങളില്‍ തീവണ്ടികളിലെ തിരക്ക് കാരണം യാത്രക്കാര്‍ റെയില്‍വേ ട്രാക്കില്‍ വീണതും തിങ്ങിനിറഞ്ഞ ട്രെയിന്‍ കമ്പാര്‍ട്ടുമെന്റിനുള്ളില്‍ യാത്രക്കാര്‍ ശ്വാസംമുട്ടി തളര്‍ന്നുവീണതും എംപി കത്തില്‍ സൂചിപ്പിച്ചു.
ന്യൂഡല്‍ഹി | കേരളത്തിലെ ട്രെയിന്‍ യാത്രക്കാര്‍ അഭിമുഖീകരിക്കുന്ന യാത്രാപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും കേരളത്തിന് കൂടുതല്‍ പാസഞ്ചര്‍, മെമു ട്രെയിനുകള്‍ ആവശ്യപ്പെട്ടും കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവിന് ഹാരിസ് ബീരാന്‍ എം പി കത്തുനല്‍കി.
വന്ദേ ഭാരത് ട്രെയിനുകളുടെ സുഗമമായ പ്രവര്‍ത്തനത്തിനായി കേരള സംസ്ഥാനത്തുടനീളം ഓടുന്ന ട്രെയിനുകളുടെ സമയം പുനഃക്രമീകരിക്കുകയോ വൈകുകയോ ചെയ്യുന്നത് ജോലിസ്ഥലങ്ങളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുമുള്ള ഉദ്യോഗസ്ഥ, വിദ്യാര്‍ഥികളടങ്ങിയ സാധാരണ യാത്രക്കാരുടെ ദൈന്യംദിന ട്രെയിന്‍ യാത്ര ദുഷ്‌കരമാക്കുകയാണെന്നും നിലവില്‍ കേരളത്തിലൂടെ ഓടുന്ന പല ട്രെയിനുകളിലെയും കോച്ചുകളുടെ എണ്ണം വെട്ടിക്കുറച്ചിട്ടുണ്ടെന്നും എം പി കത്തില്‍ അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ തീവണ്ടികളിലെ തിരക്ക് കാരണം യാത്രക്കാര്‍ റെയില്‍വേ ട്രാക്കില്‍ വീണതും തിങ്ങിനിറഞ്ഞ ട്രെയിന്‍ കമ്പാര്‍ട്ടുമെന്റിനുള്ളില്‍ യാത്രക്കാര്‍ ശ്വാസംമുട്ടി തളര്‍ന്നുവീണതും എംപി സൂചിപ്പിച്ചു.
കേരളത്തില്‍ ദേശീയ പാത നിര്‍മാണപദ്ധതികള്‍ പുരോഗമിക്കുന്നതിനാല്‍ റോഡുകളിലെ ഗതാഗത കുരുക്ക് കാരണം സാധാരണക്കാര്‍ കൂടുതലും ട്രെയിനാണ് ഉപയോഗിക്കുന്നത് എന്നും അതിനാല്‍ തന്നെ കൂടുതല്‍ പാസഞ്ചര്‍, മെമു ട്രൈനുകളും കോച്ചുകളും ന്യായമായ ആവശ്യമാണെന്നും എം പി കൂട്ടിച്ചേര്‍ത്തു.