ipl 2021
ഹര്‍ഷാരവം; ഒടുവില്‍ ബാംഗ്ലൂരിനോടും തോറ്റ് മുംബൈ
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ആര്‍ സി ബി 20 ഓവറില്‍ ആറ് വിക്കറ്റിന് 165 റണ്‍സെടുത്തു
ദുബൈ | ഐ പി എല്‍ സീസണിന്റെ രണ്ടാം വരവില്‍ തോല്‍വി ആവര്‍ത്തിച്ച് മുംബൈ ഇന്ത്യന്‍സ്. ദുബൈയില്‍ നടന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോട് 54 റണ്‍സിനാണ് നിലവിലെ ചാമ്പ്യന്‍മാര്‍ പരാജയപ്പെട്ടത്. കോലി- രോഹിത് പോരില്‍ വിജയം കോലിക്കൊപ്പം നിന്നുവെന്നതും ശ്രദ്ധേയമാണ്.
ഹര്‍ഷല്‍ പട്ടേലിന്റെ ഹാട്രിക്ക് കരുത്തിലാണ് ബാംഗ്ലൂര്‍ മുംബൈ ഇന്ത്യന്‍സിനെ എറിഞ്ഞു വീഴ്ത്തിയത്. 166 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ മുംബൈക്ക് 18.1 ഓവറില്‍ 111 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഹര്‍ഷല്‍ നാലും ചഹല്‍ മൂന്നും മാക്‌സ്വെല്‍ രണ്ടും സിറാജ് ഒരു വിക്കറ്റും വീഴ്ത്തി.
മികച്ച തുടക്കമായിരുന്നു മുംബൈക്ക് ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും ക്വിന്റണ്‍ ഡി കോക്കും സമ്മാനിച്ചത്. ആദ്യ വിക്കറ്റ് ലഭിക്കാന്‍ കോലിക്ക് ഏഴാം ഓവര്‍ വരെ ബോളര്‍മാരെ പരീക്ഷിക്കേണ്ടി വന്നു. 28 പന്തില്‍ 43 റണ്‍സ് നേടിയ രോഹിത്തിനൊഴികെ ആര്‍ക്കും മുംബൈ നിരയില്‍ ശോഭിക്കാന്‍ സാധിച്ചില്ല.
ഹര്‍ദിക്ക്, പൊള്ളാര്‍ഡ്, രാഹുല്‍ ചഹര്‍ എന്നിവരെ അടുത്തടുത്ത പന്തുകളില്‍ ഡഗ്ഔട്ടില്‍ എത്തിച്ചാണ് ഹര്‍ഷല്‍ പട്ടേല്‍ ഹാര്‍ട്രിക് തികച്ചത്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ആര്‍ സി ബി 20 ഓവറില്‍ ആറ് വിക്കറ്റിന് 165 റണ്‍സെടുത്തു. ആര്‍ സി ബിക്കായി നായകന്‍ വിരാട് കോലിയും, ഗ്ലെന്‍ മാക്സ്വെല്ലും അര്‍ധ സെഞ്ചുറി കണ്ടെത്തി. അവസാന രണ്ട് ഓവറില്‍ മുംബൈ ശക്തമായ തിരിച്ചുവരവ് നടത്തിയതാണ് ആര്‍ സി ബിയെ കൂറ്റന്‍ സ്‌കോറില്‍ നിന്ന് തടുത്തത്.