medical negligence
ഹര്‍ഷീന സമരം അവസാനിപ്പിച്ച് കോടതിയിലേക്ക്
മെഡിക്കല്‍ കോളജ് പോലീസ് രണ്ടു ഡോക്ടര്‍മാരേയും രണ്ടു നഴ്‌സുമാരേയും പ്രതിചേര്‍ത്തു കുന്ദമംഗലം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതോടെയാണു പുതിയ നീക്കം
കോഴിക്കോട് | പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ മെഡിക്കല്‍ കോളജ് ആശുപത്രിക്കു മുമ്പിലെ സമരം അവസാനിപ്പിച്ച് ഹര്‍ഷീന കോടതിയിലേക്ക്.
നഷ്ടപരിഹാരം തേടി വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷം നിയമനടപടി സ്വീകരിക്കുമെന്നാണ് ഹര്‍ഷീന പറയുന്നത്. കുറ്റവാളികളെ പോലീസ് കണ്ടെത്തിയതോടെ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാവുമെന്നാണു കരുതുന്നത്. അല്ലെങ്കില്‍ നിയമനടപടിയിലേക്കുകടക്കുക എന്നാണു കരുതുന്നത്.
മെഡിക്കല്‍ കോളജ് പോലീസ് രണ്ടു ഡോക്ടര്‍മാരേയും രണ്ടു നഴ്‌സുമാരേയും പ്രതിചേര്‍ത്തു കുന്ദമംഗലം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതോടെ നഷ്ടപരിഹാരത്തിനായി ഇനി നിയമത്തിന്റെ വഴി തേടുന്നതാണ് നല്ലതെന്നാണു സമരസമിതിയും കരുതുന്നത്.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് ഹര്‍ഷീനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയതെന്നു കണ്ടെത്തിയാണു പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. മെഡിക്കല്‍ നെഗ്ലിജന്‍സ് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ അസി പ്രഫ. ഡോ. സി കെ രമേശന്‍, പി ജി ഡോക്ടര്‍ എം ഷഹന, നഴ്‌സുമാരായ എം രഹന, കെ ജി മഞ്ജു എന്നിവരാണ് പ്രതികള്‍.
കുറ്റപത്രത്തെ ആധാരമാക്കിയാണു ഹര്‍ഷീനയുടെ തുടര്‍നടപടി. അതിന്റെ ഭാഗമായി അനിശ്ചിതകാല സത്യാഗ്രഹ സമരം ഇന്ന് അവസാനിപ്പിച്ചേക്കും. തീരുമാനം ഉച്ച്ക്ക് സമരപ്പന്തലില്‍ പ്രഖ്യാപിക്കാനാണ് സമരസമിതിയുടെ ആലോചന. കൃത്യ വിലോപം കാണിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ അറസ്റ്റ് ഉടന്‍ ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പോലീസ് നീക്കം മുന്നില്‍കണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ മുന്‍കൂര്‍ ജാമ്യത്തിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.