Uae
ശൈഖ് സായിദ് ബുക്ക് അവാർഡ് വ്യക്തിത്വ പുരസ്‌കാരം ഹരുകി മുറകാമിക്ക്
അറബി ഉൾപ്പെടെ നിരവധി ഭാഷകളിലേക്ക് അദ്ദേഹത്തിന്റെ പുസ്തകങ്ങൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

അബൂദബി | ജാപ്പനീസ് എഴുത്തുകാരൻ ഹരുകി മുറകാമി ഈ വർഷത്തെ ശൈഖ് സായിദ് ബുക്ക് അവാർഡിന്റെ സാംസ്‌കാരിക വ്യക്തിത്വ പുരസ്‌കാര ജേതാവായി.നോർവീജിയൻ വുഡ്, കാഫ്ക ഓൺ ദി ഷോർ തുടങ്ങിയ ബെസ്റ്റ് സെല്ലർ നോവലുകളുടെ രചയിതാവാണ് മുറകാമി. ഏപ്രിൽ 26 മുതൽ മെയ് അഞ്ച് വരെ നടക്കുന്ന അബൂദബി അന്താരാഷ്ട്ര പുസ്തകമേളയിൽ സ്വർണ മെഡൽ, പത്ത് ലക്ഷം ദിർഹം സമ്മാനത്തുക, പ്രശംസാപത്രം എന്നിവ സമ്മാനിക്കും. അബൂദബി അറബിക് ലാംഗ്വേജ് സെന്ററാണ് അവാർഡ് ഏർപ്പെടുത്തിയത്.
അറബി ഉൾപ്പെടെ നിരവധി ഭാഷകളിലേക്ക് അദ്ദേഹത്തിന്റെ പുസ്തകങ്ങൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.കിഴക്കും പടിഞ്ഞാറും തമ്മിലുള്ള സാംസ്‌കാരിക പാലമായി വർത്തിക്കുന്ന മുറകാമി സമകാലിക സാഹിത്യത്തിലെ ഏറ്റവും പ്രമുഖനും ജനപ്രിയനുമായ നോവലിസ്റ്റുകളിൽ ഒരാളാണ്.
യാഥാർഥ്യവും ഫാന്റസിയും വ്യതിരിക്തമായ ആഖ്യാന ശൈലിയിൽ സന്നിവേശിപ്പിച്ച് മനുഷ്യന്റെ ആശ്രയവും വ്യക്തിസ്വാതന്ത്ര്യവും അടക്കമുള്ള ആശങ്കകൾ പരിശോധിക്കുന്നതിൽ പ്രശസ്തനാണ് മുറകാമിയെന്ന് ലാംഗ്വേജ് സെന്റർ വ്യക്തമാക്കി.ലെബനീസ്-ഫ്രഞ്ച് എഴുത്തുകാരി ഹുദാ ബറകാത്ത്, ഹിന്ദ് ഓർ ദി മോസ്റ്റ് ബ്യൂട്ടിഫുൾ വുമൺ ഇൻ ദി വേൾഡ് എന്ന നോവലിന് സാഹിത്യ വിഭാഗത്തിൽ പുരസ്‌കാരം നേടി.
മൊറോക്കൻ എഴുത്തുകാരി ലതീഫ ലാബ്‌സിർ, ദി ഫാന്റം ഓഫ് ദബിഹ എന്ന കൃതിക്ക് കുട്ടികളുടെ സാഹിത്യ പുരസ്‌കാരവും ഇറ്റലിയിലെ മാർക്കോ ഡി ബ്രാൻകോ ഓർസിയസ് എന്ന കൃതിയുടെ അറബി-ഇംഗ്ലീഷ് വിവർത്തനത്തിന് വിവർത്തന പുരസ്‌കാരവും നേടി. ഇവർക്ക് 7,50,000 ദിർഹം, സ്വർണ മെഡൽ, പ്രശംസാപത്രം എന്നിവ ലഭിക്കും.