markaz knowledge city
ആഘോഷമായി നോളജ് സിറ്റിയിൽ കൊയ്ത്തുത്സവം
യുനൈറ്റഡ് നാഷന്റെ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായാണ് നോളജ് സിറ്റിയിൽ മസ്‌റ പദ്ധതി ആരംഭിച്ചത്.
നോളജ് സിറ്റി | പ്രകൃതിയോടൊപ്പം നിൽക്കാം എന്ന സന്ദേശം നൽകി മർകസ് നോളജ് സിറ്റിയിൽ കൊയ്ത്തുത്സവം ആഘോഷമായി സംഘടിപ്പിച്ചു. പത്ത് വർഷമായി നോളജ് സിറ്റിയിൽ പരിപാലിച്ചു വരുന്ന ‘മസ്‌റ’ കൃഷിയിടത്തിലാണ് കൊയ്ത്തുത്സവം ആഘോഷിമാക്കിയത്. വികസനങ്ങൾക്കൊപ്പം കൃഷിയും മുന്നോട്ട് കൊണ്ട് പോവുക എന്ന യുനൈറ്റഡ് നാഷന്റെ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായാണ് നോളജ് സിറ്റിയിൽ മസ്‌റ പദ്ധതി ആരംഭിച്ചത്. വിദ്യാഭ്യാസ, വാണിജ്യ, വ്യവസായ മുന്നേറ്റങ്ങൾക്കൊപ്പം പ്രകൃതിസൗഹൃദ ഗൃഹാന്തരീക്ഷം ഒരുക്കുന്നതിന്റെ കൂടെ കാർഷിക സംസ്കാരവും വളർത്തിയെടുക്കുക എന്നതാണ് മർകസ് നോളജ് സിറ്റിയുടെ മറ്റൊരു ഉദ്ദേശ്യം.
നിലവിൽ മർകസ് നോളജ് സിറ്റിയിലെ മസ്റയിൽ നെല്ല്, പച്ചക്കറികൾ, പശു, താറാവ്, കോഴി തുടങ്ങി ഒട്ടേറെ വ്യത്യസ്ത കാർഷിക സംരംഭങ്ങൾ ഉണ്ട്. നവര, ഉമ തുടങ്ങിയ നെല്ലുകൾക്ക് പുറമെ രക്‌തശാലി എന്ന പ്രത്യേക ഇനവും ഇവിടെ വിളയിക്കുന്നുണ്ട്. വെള്ളരി, പൊട്ടു വെള്ളരി, ചിരങ്ങ, പയറ്, വെണ്ട, കൈപ്പ തുടങ്ങിയവയുടെ വിളവെടുപ്പും നടന്നു.
കൊയ്ത്തുത്സവത്തിന്റെ ഉദ്ഘാടനം കോടഞ്ചേരി പഞ്ചായത്ത് പ്രെസിഡന്റ് അലക്സ് തോമസ് നിർവഹിച്ചു. നോളജ് സിറ്റി മാനേജിംഗ് ഡയറക്ടർ ഡോ. അബ്ദുൽ ഹകിം അസ്ഹരി, കോടഞ്ചേരി കൃഷി ഓഫീസർ രമ്യ ബാബു, ബ്ലോക്ക് മെമ്പർ റോയ് കുന്നപ്പിള്ളി, വാർഡ് മെമ്പർ ജമീല, നോളജ് സിറ്റി സി എ ഒ അഡ്വ. തൻവീർ, ഇമാം അബ്ദു റഷീദ് മലേഷ്യ, അഡ്വ. സമദ് പുലിക്കാട്, അമീർ ഹസൻ, എൻജിനീയർ വീരാൻ കുട്ടി, അഡ്വ. ശവീൽ നൂറാനി സംബന്ധിച്ചു.