Articles
അധികാര വിളവെടുപ്പ് അത്ര എളുപ്പമല്ല
ഇത്തവണ രാഷ്ട്രീയ ചിത്രം പാടെ മാറിയിട്ടുണ്ട്. കർഷക പ്രക്ഷോഭം തന്നെ പ്രധാന മാറ്റമാണ്. അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ് കൂടിയെത്തുമ്പോൾ ആരുടേതാകും അവസാനത്തെ ചിരിയെന്ന് കണ്ടറിയണം.
രണ്ടാം കർഷക പ്രക്ഷോഭം, സിഖ് പ്രവാസികൾ, അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ്… തുടങ്ങി ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പഞ്ചാബിലെ പ്രചാരണ വിഷയങ്ങൾ വ്യത്യസ്തമാണ്. ഡൽഹിയിൽ നിന്ന് വിഭിന്നമായി “പൂർണ’ സംസ്ഥാനം ഭരിക്കാൻ അവസരം ലഭിച്ച എ എ പി, അത് ഫലപ്രദമായി ചെയ്യുന്നുണ്ടോയെന്ന ലിറ്റ്മസ് ടെസ്റ്റ് കൂടിയാകും ഈ തിരഞ്ഞെടുപ്പ് ഫലം. പ്രചാരണഘട്ടത്തിലെ വാഗ്ദാനങ്ങളും എ എ പിയുടെ പതിവ് രീതിയും പ്രായോഗികതലത്തിൽ എത്തുന്നുണ്ടോയെന്നറിയാനുള്ള മികച്ച മാർഗം പഞ്ചാബിലേക്ക് നോക്കുകയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഞെട്ടിക്കുന്ന ഭൂരിപക്ഷത്തിലായിരുന്നു എ എ പി പഞ്ചാബ് പിടിച്ചെടുത്തത്. ഇന്ത്യ മുന്നണിയിലാണെങ്കിലും പഞ്ചാബിൽ ഒറ്റക്ക് മത്സരിക്കുന്നതും ആ ഒരു ആത്മവിശ്വാസത്തിലായിരിക്കും.
വൺമാൻ ഷോ നടക്കില്ല
മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി ബി ജെ പി ഒറ്റക്ക് മത്സരിക്കാൻ ഒരിക്കലും ധൈര്യപ്പെടാത്ത ഇടം കൂടിയാണ് ഈ നാട്. ശിരോമണി അകാലി ദൾ (എസ് എ ഡി) ആണ് സ്ഥിരം പങ്കാളി. വിവാദ കർഷക ബില്ലിനെ തുടർന്ന് ഉടലെടുത്ത കർഷക പ്രക്ഷോഭത്തിനിടെ അകാലിദൾ ബി ജെ പിയുമായി തെറ്റിപ്പിരിഞ്ഞെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ വീണ്ടും സഖ്യത്തിലായിട്ടുണ്ട്. സംസ്ഥാനത്തിന്റെ സവിശേഷ ജാതി, സാമുദായിക ഘടനയാണ് ബി ജെ പിയുടെ വൺമാൻ ഷോയെ തടയിടുന്നത്. ഹിന്ദുക്കൾ ന്യൂനപക്ഷമായ ഏക ഉത്തരേന്ത്യൻ സംസ്ഥാനം കൂടിയാണ് പഞ്ചാബ്. മുസ്‌ലിം ജനസംഖ്യയാകട്ടെ രണ്ട് ശതമാനത്തിൽ താഴെയും. അപ്പോൾ പിന്നെ ബി ജെ പിയുടെ വർഗീയ, വിഭാഗീയ രാഷ്ട്രീയത്തിന് ഈ മണ്ണിൽ ഇടമില്ല. ഭൂരിപക്ഷവും സിഖുകാരാണെന്ന് മാത്രമല്ല, മതേതര സ്വഭാവം പ്രകടിപ്പിക്കുന്നവരുമാണ്. മറ്റ് സംസ്ഥാനങ്ങളെ പോലെ വർഗീയ കലാപങ്ങൾക്കും പഞ്ചാബ് കുപ്രസിദ്ധി ആർജിച്ചിട്ടില്ല.
ദളിതുകൾ പ്രധാനം
അതേസമയം, ദളിതുകളുടെ എണ്ണം പഞ്ചാബിന്റെ രാഷ്ട്രീയത്തെയും സാമൂഹിക ഘടനയെയും ഉടച്ചുവാർക്കാൻ പ്രാപ്തിയുള്ളതാണ്. പക്ഷേ, സംഘടിതരല്ലാത്തതിനാലും നാനാവിധം ഉപജാതികളാൽ ചിതറിക്കിടക്കുന്നതിനാലും അധികാര രാഷ്ട്രീയത്തിൽ അവരുടെ ശക്തി പ്രതിഫലിക്കാറില്ലെന്ന് മാത്രം. 32 മുതൽ 35 ശതമാനം വരെയുണ്ട് പഞ്ചാബിലെ ദളിതരുടെ എണ്ണം. അധികാരവും സാമ്പത്തിക നിലയും ഭൂമിയുമുള്ള ജാട്ട് സിഖുകളാകട്ടെ 25 ശതമാനമാണ്. 1966ന് ശേഷമുള്ള 15 മുഖ്യമന്ത്രിമാരിൽ സെയ്ൽ സിംഗ് ഒഴികെയുള്ളവരെല്ലാം ജാട്ട് സിഖ് വിഭാഗത്തിൽ നിന്നാണ്. സെയ്ൽ സിംഗ് ആകട്ടെ രാംഗഢിയ സിഖും. പഞ്ചാബിലെ മൂന്ന് മേഖലകളായ മജ്ജ, മാൾവ, ദോബ എന്നിവിടങ്ങളിൽ ദളിതുകൾക്ക് കാര്യമായ സ്വാധീനമുണ്ട്. മത, സാംസ്‌കാരിക മണ്ഡലങ്ങളിൽ മാത്രമല്ല രാഷ്ട്രീയത്തിലും ചെറുതല്ലാത്ത സ്വാധീനം ചെലുത്തുന്നു.
ദളിതുകളുടെ ദേര (മഹാപഞ്ചായത്തിന് സമാനം) ഏറെ പ്രസിദ്ധമാണ്. ദേരകളിലെ തീരുമാനങ്ങളാണ് നിർണായകമാകാറുള്ളത്. സിഖ്, ഹിന്ദു, ക്രിസ്ത്യൻ, മുസ്‌ലിം, ബുദ്ധർ എന്നീ സമുദായങ്ങളിലായി 39 ഉപജാതികളായി ദളിതരുണ്ടെന്ന് 2018ലെ സാമൂഹിക നീതി മന്ത്രാലയത്തിന്റെ റിപോർട്ടിൽ പറയുന്നു. ദളിതരിൽ സ്വന്തമായി ഭൂമിയില്ലാത്ത കർഷക തൊഴിലാളികളാണ് ഭൂരിഭാഗവും. പുറമ്പോക്കുകളിൽ ഇവർക്ക് കൃഷി ചെയ്യാമെങ്കിലും മേൽജാതിക്കാർ അതിന് സമ്മതിക്കില്ല. ഇതിനെതിരെ സംഘടിതമായ ചില മുന്നേറ്റങ്ങൾ പ്രാദേശികമായി ദളിതുകളിൽ നിന്ന് ഉടലെടുക്കാറുണ്ട്.
കോൺഗ്രസ്സ് പരീക്ഷണം
ഈ പശ്ചാത്തലത്തിലാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ രാംദാസ്സിയ ദളിത് ആയ ചരൺജിത് സിംഗ് ചന്നിയെ കോൺഗ്രസ്സ് മുഖ്യമന്ത്രിയാക്കിയതും പിന്നീട് തിരഞ്ഞെടുപ്പ് വേളയിൽ മുഖ്യമന്ത്രി സ്ഥാനാർഥിയാക്കിയതും. ഈ തീരുമാനത്തിന്റെ രാഷ്ട്രീയ ആഘാതം നന്നായി അറിയാവുന്ന ബി ജെ പി, അധികാരത്തിലെത്തിയാൽ ദളിത് മുഖ്യമന്ത്രിയെ നിയമിക്കുമെന്ന് പ്രഖ്യാപിച്ചു. അകാലിദൾ ആകട്ടെ ഉപമുഖ്യമന്ത്രിയായി ദളിതനെ കൊണ്ടുവരുമെന്നും വാഗ്ദാനം ചെയ്തു. ഒരുപക്ഷേ, ക്യാപ്റ്റൻ അമരീന്ദർ സിംഗ് സർക്കാറിന് നേരെയുണ്ടായ ഭരണവിരുദ്ധ വികാരവും പാർട്ടിയിലെ ചേരിതിരിവുമെല്ലാം മറയ്ക്കാനായിരിക്കണം ഈയൊരു വിപ്ലവകരമായ തീരുമാനത്തിന് കോൺഗ്രസ്സിനെ പ്രേരിപ്പിച്ചത്.
പഞ്ചാബ് രാഷ്ട്രീയ മുഖ്യധാരയിലേക്ക് ഊളിയിട്ടെത്താനുള്ള അവസരം ഒരിക്കലും ബി ജെ പി പാഴാക്കാറില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പുതന്നെ എല്ലാ കേന്ദ്രമന്ത്രിമാരും പഞ്ചാബിലെത്തി പാർട്ടി പരിപാടികളിൽ പങ്കെടുക്കുന്ന പദ്ധതി ആവിഷ്‌കരിച്ചിരുന്നു. അതുപ്രകാരം അമിത് ഷാ അടക്കമുള്ളവർ എത്തുകയും എ എ പിക്കെതിരെ ആഞ്ഞടിക്കുകയും ചെയ്തു.
ക്യാപ്റ്റൻ അടക്കമുള്ള പല കോൺഗ്രസ്സ് നേതാക്കളെ അടർത്തി മാറ്റിയും അവർ രാഷ്ട്രീയ സാധ്യത നെയ്യുന്നു. അകാലിദളിലെ ചില നേതാക്കളും ബി ജെ പിയിലേക്ക് കൂറുമാറിയിട്ടുണ്ട്. സിഖ് ഗുരു രവിദാസിന്റെ ജന്മസ്ഥലം വാരാണസിയായതും മോദിയാണ് അവിടുത്ത പാർലിമെന്റംഗം എന്നതും ഒരു സൂചനയാണ്.
തൊഴിലില്ലായ്മ, മയക്കുമരുന്ന്, മാഫിയാ പ്രവർത്തനം, മണൽ ഖനനം, ജലസേചനം, നദികൾ തുടങ്ങിയവയാണ് പരമ്പരാഗതമായി പഞ്ചാബിലെ രാഷ്ട്രീയ പ്രശ്‌നങ്ങളായി ഉയർന്നുവരാറുള്ളത്. ക്യാപ്റ്റൻ സർക്കാറിന്റെ പോരായ്മ മുതലെടുത്താണ് എ എ പി നിയമസഭാ തിരഞ്ഞെടുപ്പിൽ ശോഭിച്ചത്. കടന്നാക്രമിക്കുന്ന വിഷയാധിഷ്ഠിത പ്രചാരണമായിരുന്നു അവരുടേത്.
നാടിന്റെ മുക്കുമൂലകളിലെ ഓരോ വീട്ടിലുമെത്തി എ എ പിയുടെ രാഷ്ട്രീയവും എതിരാളികളുടെ ബലഹീനതകളും അവർ വിവരിച്ചു. ഡൽഹിയെ ഒരു മാതൃകയായി അവതരിപ്പിച്ചു. അതിന്റെ ഫലമാണ് തിരഞ്ഞെടുപ്പിൽ 92 സീറ്റുകൾ നേടാൻ അവർക്കായത്. 20 സീറ്റുകളിൽ നിന്നാണ് ഒറ്റയടിക്ക് ഈ സംഖ്യയിലേക്ക് ആപ്പെത്തിയത്. കോൺഗ്രസ്സ് 18 സീറ്റുകളിലൊതുങ്ങി. ശിരോമണി അകാലിദളിന് മൂന്ന് സീറ്റ് മാത്രമാണ് ലഭിച്ചത്. അതേസമയം, കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള 13 സീറ്റുകളിൽ കോൺഗ്രസ്സ് എട്ട് സീറ്റ് നേടിയിരുന്നു. അന്ന് എ എ പിയുടെ അംഗനില നാലിൽ നിന്ന് ഒന്നായി ചുരുങ്ങി. ബി ജെ പിയും ശിരോമണിയും രണ്ട് വീതം സീറ്റുകൾ നേടി.
ഇത്തവണ പക്ഷേ, രാഷ്ട്രീയ ചിത്രം പാടെ മാറിയിട്ടുണ്ട്. കർഷക പ്രക്ഷോഭം തന്നെ പ്രധാന മാറ്റമാണ്. സിഖ് പ്രവാസി സമൂഹത്തിലെ സവിശേഷ സംഭവവികാസങ്ങളും വോട്ടാകും. അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ് കൂടിയെത്തുമ്പോൾ ആരുടേതാകും അവസാനത്തെ ചിരിയെന്ന് കണ്ടറിയണം.