Connect with us

Ongoing News

കലയിൽ നിന്ന് ജാതിയുടെ വിളവെടുപ്പുകൾ

കലയെന്നത് സംസ്‌കാരത്തിന്റെ അടയാളങ്ങളും പ്രതിനിധാനങ്ങളുമാണ്. നിരന്തരമായി ചമയങ്ങളും വേഷവിധാനങ്ങളും അണിഞ്ഞ് വേദികളിൽ പ്രത്യക്ഷപ്പെട്ടതുകൊണ്ടും എഴുതിവെച്ചതോ പിന്തുടർന്നു പോന്നതോ ആയ ചില ചിട്ടകളും മുദ്രകളും യാന്ത്രികമായി ആവർത്തിച്ചതുകൊണ്ടും ഒരാളെ കലാകാരനെന്നോ കലാകാരിയെന്നോ നിർണയിക്കാനാകില്ല എന്നാണിപ്പോഴത്തെ സംഭവം തെളിയിച്ചിരിക്കുന്നത്.

Published

|

Last Updated

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന കാലഘട്ടത്തിലാണ് സ്വാമി വിവേകാനന്ദൻ കേരളത്തെ ഭ്രാന്താലയമെന്ന് വിളിച്ചത്. ജാത്യാഹങ്കാരത്തിന്റെ അക്രമവാഴ്ച കണ്ട് മനം നൊന്താണ് ആത്മീയാന്വേഷകനും സന്യാസിയുമായ വിവേകാനന്ദൻ ഇപ്രകാരം പറഞ്ഞത്. പിൽക്കാലത്ത്, അയ്യങ്കാളിയും ശ്രീനാരായണഗുരുവും അയ്യാ വൈകുണ്ഠനും ചട്ടമ്പി സ്വാമികളും വി ടി ഭട്ടതിരിപ്പാടും പൊയ്കയിൽ അപ്പച്ചനും അടക്കം നേതൃത്വം കൊടുത്ത സാമുദായിക പരിഷ്‌കരണ പ്രവർത്തനങ്ങളും സ്വാതന്ത്ര്യസമരവും കർഷക സമരങ്ങളും തൊഴിലാളി മുന്നേറ്റങ്ങളും അടക്കമുള്ള സാമൂഹിക നവോത്ഥാനവും ചേർന്നാണ് ഐക്യ കേരളം രൂപം കൊണ്ടത്. കേരളം എന്ന സ്വത്വ പ്രകാശനം പോലെ ഐക്യവും പരമപ്രധാനമാണെന്ന് ചുരുക്കം.

ശ്രീനാരായണ ഗുരു ഒരു പന്തിഭോജനത്തിന്റെ തുടക്കത്തിൽ കുറ്റിപ്പുഴ കൃഷ്ണപിള്ളയോട് ചോദിച്ചതു പോലെ, “എല്ലാം പോയില്ലേ’ എന്നതിനുത്തരം ഇല്ല എന്നു തന്നെയാണ്. ജാതി പോയിട്ടില്ല. ആളുകളുടെ ഉള്ളിലും വീടുകൾക്കകത്തും വിവാഹ വേളകളിലും മരണച്ചടങ്ങുകളിലും ഒക്കെയായി ജാതി സജീവമായി കേരളത്തിൽ നിലനിന്നു പോരുന്നു. അതേസമയം, സമൂഹം, സാമൂഹികത എന്നീ ശക്തമായ ഘടകങ്ങൾ ഇപ്പോഴും പൊതുജീവിതത്തിൽ സജീവമായതു കൊണ്ട് ജാതിയുടെ ആഘാതങ്ങൾ പലപ്പോഴും ബാധിക്കാത്ത രീതിയിൽ കേരളീയർക്ക് സാമാന്യേന നിത്യജീവിതം തുടർന്നു കൊണ്ടുപോകാനുമാകുന്നുണ്ട്.

ഇതും സാധ്യമല്ലാത്ത വിധത്തിൽ, അഴിഞ്ഞാടാനുള്ള ജാത്യാഹങ്കാരികളുടെ പരിശ്രമങ്ങളുടെ ഭാഗമായി വേണം, കഴിഞ്ഞ ദിവസം പ്രമുഖ മോഹിനിയാട്ടം കലാകാരനും ഉയർന്ന കലാ- വിദ്യാഭ്യാസ യോഗ്യത ആർജിച്ചിട്ടുള്ളയാളുമായ ആർ എൽ വി രാമകൃഷ്ണനെതിരെ, നർത്തകിയെന്നും അധ്യാപികയെന്നും അവകാശപ്പെടുന്ന ഒരു സ്ത്രീ ഉറഞ്ഞു തുള്ളിയത്. അവരുപയോഗിച്ച പദപ്രയോഗങ്ങളൊന്നും തന്നെ ഈ കുറിപ്പിൽ ആവർത്തിക്കാൻ ഉദ്ദേശിക്കുന്നില്ല.
കലയെന്നത് സംസ്‌കാരത്തിന്റെ അടയാളങ്ങളും പ്രതിനിധാനങ്ങളുമാണ്. പാരമ്പര്യവും ചരിത്രവും സാമൂഹിക ഓർമകളും കലയിൽ എപ്പോഴും പ്രവർത്തിച്ചു കൊണ്ടിരിക്കും. അതേസമയം, മാറ്റങ്ങളും പുതിയതും കൂടുതൽ നല്ലതുമായ ലോകത്തിനും കാലത്തിനും വേണ്ടിയുള്ള ത്വരയും കലയെ സജീവമാക്കുന്നു. മറ്റൊരു രീതിയിൽ പറഞ്ഞാൽ, സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള നിരന്തരമായ അന്വേഷണമാണ് കലയെ മനുഷ്യജീവിതത്തിൽ എന്നും പ്രസക്തമാക്കുന്നത്. നിരന്തരമായി ചമയങ്ങളും വേഷവിധാനങ്ങളും അണിഞ്ഞ് വേദികളിൽ പ്രത്യക്ഷപ്പെട്ടതുകൊണ്ടും എഴുതിവെച്ചതോ പിന്തുടർന്നു പോന്നതോ ആയ ചില ചിട്ടകളും മുദ്രകളും യാന്ത്രികമായി ആവർത്തിച്ചതുകൊണ്ടും ഒരാളെ കലാകാരനെന്നോ കലാകാരിയെന്നോ നിർണയിക്കാനാകില്ല എന്നാണിപ്പോഴത്തെ സംഭവം തെളിയിച്ചിരിക്കുന്നത്.

കറുപ്പിനെതിരായ വംശഹത്യാവാദവും ഇപ്പോൾ “വാഴ്ത്തപ്പെടുന്ന’ സൗന്ദര്യ സങ്കൽപ്പത്തെ നിർണയിക്കുന്നുണ്ട്. സാമാന്യാംഗീകാരമുള്ള പ്രതിനിധാനത്തിന്റെ സൗന്ദര്യാധികാരം അപഹസിക്കപ്പെടുന്നവരുടെ നിർമാർജനം തന്നെയാണ് ലക്ഷ്യമിടുന്നത്. ആയതിനാൽ; ആശ്രയമില്ലാത്തവർ, ചക്രവാളങ്ങളില്ലാത്തവർ, നിറമില്ലാത്തവർ, രാഷ്ട്രമില്ലാത്തവർ, വേരില്ലാത്തവർ- അവരാണ് മാലാഖമാരുടെ മനുഷ്യവർഗമെന്ന് ഫ്രാൻസ് ഫാനൻ (ഭൂമിയിലെ ശപിക്കപ്പെട്ടവർ) വിശേഷിപ്പിച്ചവരുടെ ചെറുത്തുനിൽപ്പ് കൂടുതൽ ശക്തിപ്പെടേണ്ട കാലമാണ് ഇതെന്ന് നാം തിരിച്ചറിയണം.

സമാനമായ കാര്യം ചെന്നൈയിലും നടന്നിരിക്കുന്നു. അവിടുത്തെ പ്രസിദ്ധമായ മദ്രാസ് മ്യൂസിക് അക്കാദമിയുടെ ഈ വർഷത്തെ സംഗീത കലാനിധി പുരസ്‌കാരത്തിനർഹനായത് ടി എം കൃഷ്ണയാണ്. പുതിയ തലമുറയിലെ പ്രമുഖ കർണാടക സംഗീതജ്ഞനായ ടി എം കൃഷ്ണ ജനപ്രിയനായ കച്ചേരിക്കാരൻ ആയിരിക്കെ തന്നെ ഗവേഷകനും പ്രക്ഷോഭകനുമാണ്. കലയ്ക്കും സംഗീതത്തിനും സാമൂഹികപരിവർത്തനത്തിലുള്ള പങ്കിനെക്കുറിച്ച് വിശദീകരിക്കുന്ന നിരവധി പുസ്തകങ്ങളുടെ രചയിതാവായ കൃഷ്ണ സംഘ്പരിവാർ ആശയങ്ങളുടെ നിത്യ വിമർശകനാണ്. ദ്രാവിഡ പ്രസ്ഥാന നേതാവായ പെരിയാറിനെക്കുറിച്ചെന്നതു പോലെ യേശുവിനെക്കുറിച്ചും അല്ലാഹുവിനെക്കുറിച്ചും പാടുന്ന ടി എം കൃഷ്ണ, ശ്രീനാരായണഗുരുവിന്റെ ദൈവദശകവും പാടി അവതരിപ്പിച്ചു. അദ്ദേഹത്തെ സംഗീത കലാനിധിയായി തിരഞ്ഞെടുത്തതിനെതിരെ ബ്രാഹ്മണജാതിപ്രമാണികളും സനാതനവാദികളുമായ ചില ഗായകരും മറ്റും ഉറഞ്ഞു തുള്ളുകയാണ്.

എന്നാൽ, തങ്ങളുടെ തീരുമാനത്തിൽ നിന്ന് ഒരിഞ്ച് പോലും പിന്നോട്ടില്ല എന്ന തീരുമാനം കൃത്യവും വ്യക്തവുമായ ഭാഷയിൽ മദ്രാസ് മ്യൂസിക് അക്കാദമി തുറന്നു പ്രഖ്യാപിച്ചിരിക്കുകയാണ്. കലുഷിതമായ കാലത്ത് ജനാധിപത്യവാദികൾക്കും പുരോഗമന വിശ്വാസികൾക്കും ഇത് വലിയ ആശ്വാസവും ആവേശവും പകർന്നു നൽകി.
ഇനി മോഹിനിയാട്ടത്തിലേക്ക് വരാം. നർത്തകിയും അധ്യാപികയുമായ ഡോ. ശ്രീബിത പി വി എഴുതിയ കുറിപ്പിനെ ആസ്പദമാക്കി ചില കാര്യങ്ങൾ വ്യക്തമാക്കാം: ദൈവത്തിന് സമർപ്പിക്കപ്പെട്ടവൾ എന്ന അർഥത്തിൽ ജീവിക്കാനും കല നിർവഹിക്കാനും നിയോഗിക്കപ്പെട്ടവരായിരുന്നു ദേവദാസികൾ എന്ന വിഭാഗം എന്നാണ് കല്യാണിക്കുട്ടി അമ്മ പറയുന്നത്. ദക്ഷിണേന്ത്യയിലെമ്പാടും ഈ വിഭാഗമുണ്ടായിരുന്നു. ജന്മിത്ത വ്യവസ്ഥയുടെയും ജാത്യാധികാരത്തിന്റെയും അടിസ്ഥാനത്തിൽ പ്രബലമായ ആണധികാരം ഇതിനെ വ്യഭിചാരമാക്കി മാറ്റി തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റിപ്പോന്നു. കലാമണ്ഡലത്തിൽ മോഹിനിയാട്ടം പഠിപ്പിക്കാൻ വേണ്ടി സ്ഥാപകനായ വള്ളത്തോൾ തന്നെ പരിശ്രമിച്ചപ്പോൾ, അതിന്റെ ചീത്തപ്പേര് പ്രതിസന്ധിയായി മുന്നിൽ നിന്നു. ഇതിനെ മറി കടക്കാനായി അഭിനയം, വസ്ത്രം, മുടി കെട്ടൽ, മ്യൂസിക്, സ്റ്റേജ് ഒരുക്കൽ എന്നിവയിലെല്ലാം പരിഷ്‌കാരങ്ങൾ കൊണ്ടുവന്നു. അശ്ലീലം എന്നു തോന്നിയവയെ ശുദ്ധീകരിച്ചു. പറഞ്ഞു വരുന്നത് മറ്റൊന്നുമല്ല; സമീപഭൂതകാലത്ത് നിരവധിയായ പരിഷ്‌കാരങ്ങൾക്ക് വിധേയമായ കലാരൂപമാണ് മോഹിനിയാട്ടം. മറ്റ് കലാരൂപങ്ങളും ഇതു പോലെയൊക്കെ തന്നെ. ഉച്ചഭാഷിണി, റെക്കോർഡിംഗ് എന്നീ ശാസ്ത്ര സാങ്കേതിക വിപ്ലവത്തിന്റെ ആധുനിക ഉപാധികളില്ലാതെ എന്ത് പരമ്പരാഗത സംഗീതമാണ് ഇക്കാലത്ത് നമുക്ക് കേൾക്കാനാകുക?

അടുത്ത ജന്മത്തിലെങ്കിലും ബ്രാഹ്മണനായി ജനിക്കണമെന്നാണ് മോഹമെന്നൊക്കെ പരസ്യമായി അട്ടഹസിക്കുന്നയാൾ കലാകാരന്റെയും സ്ഥാനാർഥിയുടെയും ലേബലിൽ പ്രത്യക്ഷപ്പെടുന്നതിനെ വാഴ്ത്തുന്നവരും ഈ ദുരവസ്ഥക്ക് കാരണമാണ്. അടുത്ത കാലത്ത് വനിതാ മാധ്യമ പ്രവർത്തകരെ അപമാനിച്ചതിന്റെ പേരിൽ വിവാദത്തിലായ ഇത്തരക്കാരെ വെളുപ്പിച്ചെടുക്കാൻ മറ്റ് ചില മാധ്യമപ്രവർത്തകർ ആർ എൽ വി രാമകൃഷ്ണന്റെ ചെലവിൽ നടത്തിയ പാഴ് വേലകളും തുറന്നു കാട്ടപ്പെടേണ്ടതുണ്ട്.
വംശീയതയുടെയും ജാതീയതയുടെയും വർണവെറിയുടെയും അധികാരബോധങ്ങളെ കലയുടെ ലേബലിൽ സാധൂകരിച്ചെടുക്കാനുള്ള പരിശ്രമങ്ങളാണ് ഇവിടെ കാണുന്നതെന്നതാണ് വാസ്തവം. ദൈവം പോലും എല്ലാവർക്കും പ്രാപ്യമല്ലാതിരുന്ന കാലത്തെ തോൽപ്പിച്ചവരാണ് കേരളീയർ. കാലത്തെ പിറകോട്ട് നടത്താനായി കിണഞ്ഞു പരിശ്രമിക്കുന്നവർ നിർമിച്ചെടുക്കുന്നത്, കീഴാളർക്കും സ്ത്രീകൾക്കും തൊഴിലാളികൾക്കും ന്യൂനപക്ഷങ്ങൾക്കും ആദിവാസികൾക്കും ദളിതർക്കും ഒരു സ്ഥാനവുമില്ലാത്ത ഒരു നവപ്പഴമാ ഭാവനാ രാജ്യമാണ്. ഇന്ത്യയെ എന്നതു പോലെ കേരളത്തെയും ഇത്തരക്കാരുടെ വിളയാട്ട ഭൂമിയായി വിട്ടുകൊടുക്കാനാകില്ല.

Latest