Connect with us

National

ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ പോളിംഗ് മന്ദഗതിയിൽ; മൂന്ന് മണി വരെ 49.1 ശതമാനം

ഒരു ദശാബ്ദത്തിന് ശേഷം സംസ്ഥാനത്ത് തിരിച്ചുവരവ് നടത്തുമെന്ന് കോൺഗ്രസ് പ്രതീക്ഷിക്കുമ്പോൾ ഹാട്രിക് നേട്ടത്തിലാണ് ഭരണകക്ഷിയായ ബി.ജെ.പിയുടെ കണ്ണ്

Published

|

Last Updated

ചണ്ഡീഗഢ് | ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ പോളിംഗ് മന്തഗതിയിൽ. ഉച്ചകഴിഞ്ഞ് മൂന്ന് മണിവരെ 49.1% പോളിംഗ് ആണ് രേഖപ്പെടുത്തിയത്. പല ബൂത്തുകളിലും സമാധാനപരമായാണ് വോട്ടെടുപ്പ് നടക്കുന്നത്. ചിലയിടങ്ങളിൽ കോൺഗ്രസ്-ബിജെപി പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടിയതിനെ തുടർന്ന് പോലീസ് സ്ഥിതിഗതികൾ നിയന്ത്രിച്ചു. ആകെ 90 നിയമസഭാ സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെണ്ണൽ ഒക്ടോബർ എട്ടിന് നടക്കും.

ഒരു ദശാബ്ദത്തിന് ശേഷം സംസ്ഥാനത്ത് തിരിച്ചുവരവ് നടത്തുമെന്ന് കോൺഗ്രസ് പ്രതീക്ഷിക്കുമ്പോൾ ഹാട്രിക് നേട്ടത്തിലാണ് ഭരണകക്ഷിയായ ബി.ജെ.പിയുടെ കണ്ണ്. 90ൽ 89 സീറ്റുകളിലും ബിജെപി സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്. കോൺഗ്രസും 89 സീറ്റുകളിൽ മത്സരിക്കുന്നു. ഒരു സീറ്റിൽ സിപിഎം ആണ് മത്സരിക്കുന്നത്. 78 സീറ്റുകളിൽ ജെജെപി-ആസാദ് സമാജ് പാർട്ടി സഖ്യം മത്സരിക്കുന്നുണ്ട്. ഇതിൽ 66 സീറ്റുകളിൽ ജെജെപി സ്ഥാനാർത്ഥികളെ നിർത്തിയപ്പോൾ 12 സീറ്റുകൾ എഎസ്പിക്ക് നൽകി. ഐഎൽഎൻഡി 51 സീറ്റുകളിലാണ് മത്സരിക്കുന്നത്. അതേസമയം സഖ്യകക്ഷിയായ ബിഎസ്പിക്ക് 35 സീറ്റുകൾ നൽകിയിട്ടുണ്ട്. ആം ആദ്മി പാർട്ടി 88 സീറ്റുകളിലും മത്സരരംഗത്തുണ്ട്.

ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ ആകെ 1031 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ഇതിൽ 101 പേർ സ്ത്രീകളാണ്. കോൺഗ്രസ്, ആം ആദ്മി പാർട്ടി (എഎപി), ഇന്ത്യൻ നാഷണൽ ലോക്ദൾ (ഐഎൻഎൽഡി), ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി), ജനനായക് ജനതാ പാർട്ടി (ജെജെപി), ആസാദ് സമാജ് പാർട്ടി (എഎസ്പി) എന്നിവയാണ് മത്സരരംഗത്തുള്ള പ്രധാന കക്ഷികൾ.

2019ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 40 സീറ്റുകളാണ് ബിജെപി നേടിയത്. വോട്ട് വിഹിതം 36.49%. കോൺഗ്രസ് 31 സീറ്റുകൾ നേടി. വോട്ട് വിഹിതം 28.08%. ജെ ജെ പി 10 സീറ്റുകളും ഐഎൻഎൽഡി ഒരു സീറ്റും നേടി. ഹരിയാന ലോക്‌ഹിത് പാർട്ടി 1 സീറ്റ് നേടി.എഎപിക്ക് ഒരു സീറ്റ് പോലും നേടാനായിരുന്നില്ല. 7 സീറ്റുകളിൽ സ്വതന്ത്രർ വിജയിച്ചു.

Latest