From the print
ഹരിയാന: മുസ്‌ലിം സംവരണം ആയുധമാക്കി ബി ജെ പി
കോൺഗ്രസ്സ് അധികാരത്തിൽ വന്നാൽ ഒ ബി സി സംവരണം കവരുമെന്ന് അമിത് ഷാ
ചണ്ഡീഗഢ് | ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിനെതിരെ ഉന്നയിച്ച സാമുദായിക വിഭജനമുണ്ടാക്കുന്ന ആരോപണം ഹരിയാനയിലും ആവർത്തിച്ച് ബി ജെ പി.
സംസ്ഥാനത്ത് കോൺഗ്രസ്സ് അധികാരത്തിലെത്തിയാൽ പിന്നാക്ക വിഭാഗങ്ങൾക്കുള്ള സംവരണം തട്ടിയെടുത്ത് മുസ്‌ലിംകൾക്ക് നൽകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആരോപിച്ചു.
ഒ ബി സി സംവരണവുമായി ബന്ധപ്പെട്ട് നിയോഗിക്കപ്പെട്ട കമ്മീഷൻ നൽകിയ ശിപാർശകൾ വർഷങ്ങളായി കോൺഗ്രസ്സ് നടപ്പാക്കിയില്ലെന്നും പിന്നാക്ക വിഭാഗ സമ്മാൻ സമ്മേളനത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു. 1980ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി മണ്ഡൽ കമ്മീഷൻ റിപോർട്ട് പരിഗണിക്കാതെ മാറ്റിവെച്ചു. 1990ൽ അത് അംഗീകരിച്ചെങ്കിലും, രാജീവ് ഗാന്ധി രണ്ടര മണിക്കൂർ പ്രസംഗം നടത്തി ഒ ബി സി സംവരണത്തെ എതിർത്തു.
കർണാടകയിൽ കോൺഗ്രസ്സിന്റെ നേതൃത്വത്തിലുള്ള സർക്കാർ ഒ ബി സിയിൽ നിന്ന് തട്ടിയെടുത്താണ് മുസ്‌ലിംകൾക്ക് സംവരണം നൽകിയത്. ഇത് തന്നെയാണ് ഹരിയാനയിൽ അധികാരം കിട്ടിയാലും അവർ ചെയ്യുക. ബി ജെ പി ഒരിക്കലും ഇവിടെ മുസ്‌ലിംകൾക്ക് സംവരണം അനുവദിക്കില്ലെന്നും അമിത് ഷാ പ്രഖ്യാപിച്ചു.
ഈ വർഷം അവസാനമാണ് ഹരിയാനയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടത്. സംവരണ രാഷ്ട്രീയം പ്രധാന പ്രചാരാണായുധമായി ഉയർത്തിക്കൊണ്ടുവന്ന് കളമൊരുക്കുകയാണ് ബി ജെ പി. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പ് തൊട്ട് മുസ്‌ലിം സംവരണ വിഷയം ബി ജെ പി ഉന്നയിക്കുന്നുണ്ട്.
ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി മനോഹർലാൽ ഖട്ടർ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയും ഒ ബി സി വിഭാഗത്തിൽപ്പെട്ട നയാബ് സിംഗ് സൈനി മുഖ്യമന്ത്രിയാകുകയും ചെയ്തിരുന്നു.
ഗ്രൂപ്പ്- എ, ഗ്രൂപ്പ്- ബി സർക്കാർ ജോലികളിൽ പിന്നാക്ക വിഭാഗങ്ങൾക്കുള്ള സംവരണം 15ൽ നിന്ന് 27 ശതമാനമായി ഉയർത്തുമെന്ന പ്രഖ്യാപനം സൈനി കഴിഞ്ഞ മാസം നടത്തിയിരുന്നു.