Connect with us

haryana violence

ഹരിയാന സംഘര്‍ഷം: മൂന്ന് ജില്ലകളില്‍ ഇന്ന് സ്‌കൂളുകള്‍ക്ക് അവധി

ഗുഡ്ഗാവ്, ഫരീദാബാദ്, പല്‍വാല്‍ ജില്ലകളിലാണ് അവധി.

Published

|

Last Updated

ഗുരുഗ്രാം | ഹരിയാനയില്‍ ഇന്നലെ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് മൂന്ന് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ഗുഡ്ഗാവ്, ഫരീദാബാദ്, പല്‍വാല്‍ ജില്ലകളിലാണ് അവധി. സമീപത്തെ നൂഹ് ജില്ലയില്‍ ഉടലെടുത്ത സംഘര്‍ഷം ഈ ജില്ലകളിലേക്കും വ്യാപിച്ചിരുന്നു.

ഗുഡ്ഗാവ് നഗരത്തിന്റെ തെക്കുഭാഗത്ത് ഒരു സമുദായത്തിലെ അംഗങ്ങളുടെ വീടുകളും വ്യാപാര- വ്യവസായ സ്ഥാപനങ്ങളും ലക്ഷ്യമിട്ട് വ്യാപക ആക്രമണമുണ്ടായിരുന്നു. മൂന്ന് മണിക്കൂറോളമാണ് ഇവിടെ അക്രമികള്‍ അഴിഞ്ഞാടിയത്. നൂഹിലും ഗുഡ്ഗാവിലും 144ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

സംഘര്‍ഷത്തില്‍ രണ്ട് ഹോം ഗാര്‍ഡുകള്‍ കൊല്ലപ്പെട്ടു. വെടിയേറ്റാണ് മരണം. നീരജ്, ഗുര്‍സെവാക് എന്നീ ഹോം ഗാര്‍ഡുകള്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഹോദല്‍ ഡി എസ് പി. സജ്ജന്‍ സിംഗ്, കെര്‍കി ദൗല എസ് എച്ച് ഒ. അജയ്, മനേസര്‍ എസ് എച്ച് ഒ. ദേവേന്ദര്‍, ഗുരുഗ്രാം സെക്ടര്‍-40 ക്രൈം ബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ അനില്‍ എന്നിവരുള്‍പ്പെടെ നിരവധി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ പറഞ്ഞു. ജനങ്ങള്‍ സമാധാനം പാലിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഗുരുഗ്രാമിന് സമീപമുള്ള നൂഹ് ജില്ലയില്‍ വി എച്ച് പി നടത്തിയ ബ്രിജ് മണ്ഡല്‍ ജലാഭിഷേക് യാത്രക്കിടെയാണ് സംഘര്‍ഷമുണ്ടായത്. ഗുരുഗ്രാം-ആള്‍വാര്‍ ദേശീയ പാതയില്‍ വെച്ച് യാത്ര ഒരു സംഘം തടയുകയായിരുന്നു. പരസ്പരം കല്ലേറുണ്ടാകുകയും സര്‍ക്കാര്‍- സ്വകാര്യ വാഹനങ്ങള്‍ തീവെക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് പോലീസ് ആകാശത്തേക്ക് വെടിവെച്ചു. അക്രമികള്‍ തമ്മിലുണ്ടായ വെടിവെപ്പിനിടെയാണ് പോലീസുകാര്‍ക്കും വെടിയേറ്റത്. സംഘര്‍ഷത്തെ തുടര്‍ന്ന് നൂഹിലെ നുല്‍ഹാര്‍ മഹാദേവ് ക്ഷേത്രത്തില്‍ അഭയം തേടിയ 2,500 പേരെ സുരക്ഷിതമായി ഒഴിപ്പിച്ചു. ഘോഷയാത്രയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഇവര്‍.

പ്രദേശത്ത് ഇന്റര്‍നെറ്റ് സേവനം റദ്ദാക്കുകയും ജനങ്ങള്‍ ഒത്തുകൂടുന്നത് നിരോധിക്കുകയും ചെയ്തിട്ടുണ്ട്. ബജ്റംഗ്ദള്‍ പ്രവര്‍ത്തകനും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ മോനു മനേസര്‍ സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച വിദ്വേഷ വീഡിയോ ആണ് സംഘര്‍ഷത്തെ ആളിക്കത്തിച്ചത്. പശുരക്ഷയുടെ പേരിലുള്ള കൊലപാതകങ്ങളില്‍ അടക്കം പ്രതിയായ മനേസറും കൂട്ടാളികളും യാത്രയിലുണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്. യാത്രാസമയം മവേതില്‍ തന്നെ നിലകൊള്ളുമെന്ന് വെല്ലുവിളിച്ച് സാമൂഹിക മാധ്യമത്തില്‍ ഇയാള്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.

 

Latest