National
ഹരിയാന കോണ്‍ഗ്രസ് നേതാവ് കിരണ്‍ ചൗധരിയും മകളും ബിജെപിയില്‍ ചേര്‍ന്നു
ഇന്നലെയാണ് കിരണ്‍ ചൗധരിയും ശ്രുതിയും കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചത്.
ന്യൂഡല്‍ഹി | ഹരിയാനയില്‍ കോണ്‍ഗ്രസിന് തിരിച്ചടി. മുന്‍ മന്ത്രിയും അഞ്ച് തവണ എംഎല്‍എയുമായ കിരണ്‍ ചൗധരിയും മകള്‍ ശ്രുതി ചൗധരിയും ബിജെപിയില്‍ ചേര്‍ന്നു.
ബിജെപി ആസ്ഥാനത്ത് കേന്ദ്രമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍, പാര്‍ട്ടി ജനറല്‍ സെക്രട്ടറി തരുണ്‍ ചൗഗ, മുഖ്യമന്ത്രി നായബ് സിങ് സൈനി തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് ഇരുവരും പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.
നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് മുതിര്‍ന്ന വനിതാ നേതാവിന്റെ കൊഴിഞ്ഞുപോക്ക്. ഹരിയാനയിലെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന വനിതാ മുഖമായിരുന്നു കിരണ്‍ ചൗധരി. 69കാരിയായ കിരണ്‍ ചൗധരി തോഷാമില്‍ നിന്ന് അഞ്ച് തവണ എംഎല്‍എയും മുന്‍ ക്യാബിനറ്റ് മന്ത്രിയുമായിരുന്നു. മകള്‍ ശ്രുതി ചൗധരി ഹരിയാന കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റായിരുന്നു.
ഇന്നലെയാണ് കിരണ്‍ ചൗധരിയും ശ്രുതിയും കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശ്രുതി ചൗധരിക്ക് സീറ്റ് ലഭിക്കാത്തതിലുളള അതൃപ്തിയും
മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡയോടും കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വവുമായിട്ടുള്ള ഭിന്നതയുമാണ് ഇരുവരുടേയും രാജിക്ക് കാരണമായതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
#WATCH | Delhi: Former Haryana Congress leader Kiran Choudhry along with her daughter Shruti Choudhry join BJP in the presence of Haryana CM Nayab Singh Saini, Union Minister CM Manohar Lal Khattar & party National General Secretary Tarun Chugh. pic.twitter.com/sQfZvE7Y4J
— ANI (@ANI) June 19, 2024